ന്യൂദല്‍ഹി: അപകീര്‍ത്തി കേസില്‍ സൂറത്ത് കോടതിയുടെ വിധി വന്ന ശേഷം വെള്ളിയാഴ്ച രാഹുല്‍ ഗാന്ധി പാര്‍ലമെന്റിലെത്തി. കോടതി ഉത്തരവിനെ തുടര്‍ന്ന്, രാഹുലിനെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള ബി.ജെ.പിയുടെ പ്രതിഷേധങ്ങള്‍ക്കിടെയായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ പാര്‍ലമെന്റ് സന്ദര്‍ശനം.
പാര്‍ലമെന്റില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ചേംബറില്‍ ചേര്‍ന്ന കോണ്‍ഗ്രസ് എം.പിമാരുടെ യോഗത്തിലും അദ്ദേഹം പങ്കെടുത്തു. സോണിയ ഗാന്ധിയും യോഗത്തിലുണ്ടായിരുന്നു. യോഗം കഴിഞ്ഞ് പുറത്തിറങ്ങുന്നതിനിടെ, സ്റ്റെപ് ഇറങ്ങാനായി മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ രാഹുല്‍ ഗാന്ധി സഹായിച്ചിരുന്നു.
ഇതിനിടെ ഖാര്‍ഗെയോട് രാഹുല്‍ ഗാന്ധി പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുകയാണ്. ഞാന്‍ താങ്കളെ തൊട്ടാല്‍, താങ്കളുടെ പിന്നില്‍ ഞാന്‍ എന്റെ മൂക്ക് തുടക്കുകയാണെന്ന് അവര്‍ പറയുമെന്നായിരുന്നു രാഹുലിന്റെ വാക്കുകള്‍.
#WATCH | “If I touch you now, they say I’m wiping my nose on your back. Utter nonsense. Have you seen that? That I am helping you over there, they’re saying that I’m wiping my nose on you,” says Congress MP Rahul Gandhi as he helps party chief Mallikarjun Kharge down the stairs. pic.twitter.com/l6qUSdfS0i
‘ഞാന്‍ താങ്കളെ തൊട്ടാല്‍ അവര്‍ പറയും ഞാന്‍ താങ്കളുടെ പിന്നില്‍ എന്റെ മൂക്ക് തുടക്കുകയാണെന്ന്. അസംബന്ധം, താങ്കള്‍ അത് കണ്ടിരുന്നോ, ഇതിന് മുമ്പ് ഞാന്‍ താങ്കളെ സഹായിച്ചപ്പോഴും അവര്‍ പറഞ്ഞത് ഞാന്‍ താങ്കളുടെ പിന്നില്‍ എന്റെ മൂക്ക് തുടക്കുന്നെന്നായിരുന്നു,’ രാഹുല്‍ പറഞ്ഞു.
ബി.ജെ.പിയുടെ വ്യാജ പ്രചരണത്തിനെതിരെയായിരുന്നു രാഹുലിന്റെ പ്രതികരണം. മല്ലികാര്‍ജുന്‍ ഖാര്‍ഗെ വാഹനത്തിലേക്ക് കയറാന്‍ തുടങ്ങുമ്പോള്‍ രാഹുല്‍ ഗാന്ധി അദ്ദേഹത്തിന്റെ പുറത്ത് സ്പര്‍ശിക്കുന്നതിന്റെ വീഡിയോ ട്വീറ്റ് ചെയ്തു കൊണ്ടായിരുന്നു കര്‍ണാടക ബി.ജെ.പി ഘടകത്തിന്റെ വ്യാജ പ്രചരണം. രാഹുല്‍ ഗാന്ധി ഖാര്‍ഗെയെ ഒരു ടിഷ്യൂ പേപ്പര്‍ പോലെ ഉപയോഗിച്ചു എന്നായിരുന്നു ബി.ജെ.പിയുടെ ആരോപണം.
UNFORTUNATELY, the video epitomises what ‘Gandhi’s’ think of senior leaders like @kharge.
It is highly condemnable that @RahulGandhi uses somebody as his TISSUE PAPER!
‘ഖാര്‍ഗെയെപ്പോലെയുള്ള ഒരു മുന്‍നിര നേതാവിനെക്കുറിച്ച് രാഹുല്‍ എന്താണ് കരുതുന്നതെന്ന് ഈ വീഡിയോ കണ്ടാല്‍ മനസിലാകും. രാഹുല്‍ തന്റെ ടിഷ്യൂ പേപ്പറായാണ് അദ്ദേഹത്തെ ഉപയോഗിച്ചത്. ഒരു കന്നഡക്കാരനെതിരായ ഈ അപമാനം മാപ്പര്‍ഹിക്കാത്തതാണ്,’ ബി.ജെ.പി കര്‍ണാടക ഘടകം ട്വിറ്ററില്‍ കുറിച്ചു.
ബി.ജെ.പിയുടെ ഈ കുപ്രചരണത്തെ പരാമര്‍ശിച്ചായിരുന്നു മല്ലികാര്‍ജുന്‍ ഖാര്‍ഗെയോട് രാഹുല്‍ സംസാരിച്ചത്.
അതിനിടെ വിജയ് ചൗക്കില്‍ പ്രതിപക്ഷ കക്ഷികള്‍ സംയുക്തമായി നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെ പ്രതിപക്ഷ എം.പിമാരെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. അദാനി വിഷയം സഭയില്‍ ചര്‍ച്ച ചെയ്യാത്തതിനെതിരെ, ‘ജനാധിപത്യം അപകടത്തില്‍ എന്ന ബാനറുയര്‍ത്തിക്കൊണ്ടായിരുന്നു’ പ്രതിപക്ഷത്തിന്റെ പ്രതിഷേധം.
Content Highlights: ‘If I touch you they’ll say I am wiping my nose on your back’; Rahul Gandhi against BJP’s fake propaganda