ഇംഫാല്‍: മണിപ്പൂരില്‍ ശനിയാഴ്ച നടന്ന വെടിവെപ്പില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. 16 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതുവരെയുണ്ടായതില്‍ വെച്ച് ഏറ്റവും ഭീകരമായ ആക്രമണമാണിതെന്നാണ് റിപ്പോര്‍ട്ട്.
ഇന്നലെ പകല്‍ മുഴുവന്‍ മോര്‍ട്ടാറും ഗ്രനേഡും ഉപയോഗിച്ചുള്ള ആക്രമണങ്ങളാണ് നടന്നത്. ബിഷ്ണുപുര്‍ ജില്ലയിലെ നരന്‍സീനയിലെ ഇന്ത്യ റിസര്‍വ് ബെറ്റാലിയന്‍ ആസ്ഥാനത്തെ ആയുധപ്പുരയില്‍ നിന്നും ജനക്കൂട്ടം വ്യാഴാഴ്ച കൊള്ളയടിച്ച ഓട്ടോമാറ്റിക്, സെമി ഓട്ടോമാറ്റിക് ആയുധങ്ങളും മോര്‍ട്ടാറുകളും ഉപയോഗിച്ചാണ് ആക്രമം നടത്തിയതെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
ബിഷ്ണുപുര്‍ ജില്ലയിലെ കാക്ത്വയില്‍ ശനിയാഴ്ച പുലര്‍ച്ചെ മെയ്തി സമുദായത്തില്‍പ്പെട്ട മൂന്ന് പേര്‍ വീടിനുള്ളില്‍ കൊല്ലപ്പെട്ടിരുന്നുവെന്ന് പൊലീസിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. യംനം ജിതേന്‍ മെയ്തി, യുമ്‌നം പിഷക് മെയ്തി, യംനം പ്രംകുമാര്‍ മെയ്തി എന്നിവരെയായിരുന്നു രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പിന്നീട് കുകി-സോമി സമുദായത്തിലെ രണ്ട് പേരുടെ മൃതദേഹങ്ങള്‍ ചുരാചന്ദ്പുരിലെ ഫോര്‍ജാംഗില്‍ നിന്ന് കണ്ടെടുക്കുകയും ചെയ്തിരുന്നു. ഗ്രാമത്തിലെ സന്നദ്ധപ്രവര്‍ത്തകരായ ജങ്‌ഖോമാങ് ഹാവോകിപ്, ജോണി ലാല്‍ഖൊലന്‍ ഗുയെ എന്നിവരാണ് കൊല്ലപ്പെട്ടത്. തുടര്‍ന്ന് രൂക്ഷമായ സംഘര്‍ഷത്തില്‍ ജനക്കൂട്ടം ഉഖ്തംപാക്കിലെ കുകി-സോമി സമുദായക്കാരുടെ വീടുകളില്‍ തീയിട്ടു.
അതേസമയം മണിപ്പൂരില്‍ സംഘര്‍ഷം തുടരുന്നതിനിടെ കുകി വനിതകള്‍ അര്‍ധസൈനിക വിഭാഗത്തിലെ ജവാന്റെ കാല്‍പിടിച്ച് രക്ഷിക്കണമെന്നാവശ്യപ്പെടുന്ന വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായിരുന്നു. കാങ്‌പോക്പി ജില്ലയില്‍ നിന്നുള്ള ദൃശ്യങ്ങളായിരുന്നു പുറത്ത് വന്നത്. കാങ്‌പോക്പി ജില്ലയില്‍ വിന്യസിച്ചിരിക്കുന്ന അസം റൈഫിള്‍സിനെ മറ്റ് ജില്ലകളിലേക്ക് മാറ്റുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പിന്നാലെയാണ് ഇതുണ്ടാകരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് സ്ത്രീകള്‍ ജവാന്റെ കാല്‍ പിടിച്ചത്.
അസം റൈഫിള്‍സ് മാറിയാല്‍ ഇവിടെ മെയ്തികളുടെ ആക്രമണം ഉണ്ടാകുമെന്നും തങ്ങള്‍ക്ക് സുരക്ഷ ഉണ്ടാകില്ലെന്നും പറഞ്ഞാണ് കുകി സ്ത്രീകള്‍ ജവാന്റെ കാല് പിടിച്ചു കരയുന്നത്. മൊറയിലും ചുരാചന്ദ്പൂരിലും അസം റൈഫിള്‍സിനെ തന്നെയാണ് വിന്യസിച്ചിട്ടുള്ളത്.
മെയ് മൂന്നിന് തുടങ്ങിയ കലാപത്തില്‍ ഇതുവരെ 160ലധികം ആളുകളാണ് മണിപ്പൂരില്‍ കൊല്ലപ്പെട്ടത്. നൂറുകണക്കിനാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പൊലീസ് സ്റ്റേഷനിലും ആയുധപ്പുരകളിലും അതിക്രമിച്ച് കയറി ജനക്കൂട്ടം ഇതുവരെ 4000 ആയുധങ്ങളും 50,000 വെടിയുണ്ടകളും കൊള്ളയടിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ 1000 ആയുധങ്ങള്‍ മാത്രമാണ് അധികൃതര്‍ക്ക് തിരിച്ചെടുക്കാനായത്.
CONTENT HIGHLIGHTS: 6 person killed in manipur; 16 were injured