യു.പിയിലെ 54 മരണങ്ങള്‍ക്ക് ഉഷ്ണ തരംഗവുമായി ബന്ധമില്ല: ജില്ലാ മജിസ്‌ട്രേറ്റ്
national news
യു.പിയിലെ 54 മരണങ്ങള്‍ക്ക് ഉഷ്ണ തരംഗവുമായി ബന്ധമില്ല: ജില്ലാ മജിസ്‌ട്രേറ്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 19th June 2023, 3:49 pm

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലയില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനകം 54 പേര്‍ മരിക്കുകയും 400ഓളം പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്ത സംഭവത്തിന് ഉഷ്ണ തരംഗവുമായി ബന്ധമില്ലെന്ന് സ്ഥിരീകരിച്ച് ജില്ലാ മജിസ്‌ട്രേറ്റ്.

ബല്ലിയയിലെ ജില്ലാ ആശുപത്രിയില്‍ നിരവധി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ഉടനെ തന്നെ ചീഫ് മെഡിക്കല്‍ ഓഫീസറുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ മരണ കാരണം ഉഷ്ണ തരംഗമാണെന്ന് ഉറപ്പിക്കാന്‍ തക്ക തെളിവുകളൊന്നും അദ്ദേഹത്തിന് ലഭിച്ചിരുന്നില്ലെന്നാണ് മനസിലാക്കാന്‍ സാധിച്ചതെന്ന് ജില്ലാ മജിസ്‌ട്രേറ്റ് രവീന്ദ്ര കുമാര്‍ പറഞ്ഞു.

മരിച്ച 54 പേരുടെയും മരണ കാരണങ്ങള്‍ വ്യത്യസ്തമാണെന്ന് ഡോക്ടര്‍മാര്‍ നേരത്തെ കണ്ടെത്തിയിരുന്നു. ഇതും ഉഷ്ണ തരംഗവുമായി ബന്ധമില്ലെന്നും ജില്ലാ മജിസ്‌ട്രേറ്റ് വ്യക്തമാക്കി.

അതേസമയം, മരണ കാരണം ഇനിയും സ്ഥിരീകരിച്ചിട്ടില്ലെങ്കിലും കുടിവെള്ളവുമായി ബന്ധപ്പെട്ടാകാം ഇത്രയധികം പേര്‍ മരിച്ചതെന്നാണ് സംശയിക്കുന്നതെന്നും മുതിര്‍ന്ന സര്‍ക്കാര്‍ ഡോക്ടര്‍ എ.കെ. സിങ് പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ഉത്തര്‍പ്രദേശിലെ ബല്ലിയയില്‍ ജൂണ്‍ 15ന് 23 രോഗികളും, അടുത്ത ദിവസം 20 പേരും, ശനിയാഴ്ച 11 രോഗികളും മരിച്ചിരുന്നു. വിഷയം അന്വേഷിക്കാന്‍ രൂപീകരിച്ച അന്വേഷണ സമിതിയാണ് ഉഷ്ണ തരംഗ സാധ്യത തള്ളിയത്.

പ്രഥമദൃഷ്ട്യാ ഇവ ഉഷ്ണ തരംഗവുമായി ബന്ധപ്പെട്ട മരണങ്ങളായി കാണുന്നില്ലെന്ന് മുതിര്‍ന്ന സര്‍ക്കാര്‍ ഡോക്ടര്‍ എ.കെ. സിങ് പറഞ്ഞു. ‘കാരണം സമാന സാഹചര്യങ്ങള്‍ നേരിടുന്ന സമീപ ജില്ലകളില്‍ സമാനമായ മരണ കണക്കുകള്‍ പുറത്തുവരുന്നില്ല.

പ്രാരംഭ ലക്ഷണങ്ങള്‍ നെഞ്ചുവേദന ആയിരുന്നു. ഇത് ചൂട് തരംഗം ബാധിച്ച ഒരാളുടെ ആദ്യ ലക്ഷണമല്ല. മരണങ്ങള്‍ വെള്ളവുമായി ബന്ധപ്പെട്ടതാകാം. മരണങ്ങള്‍ വെള്ളം മൂലമാണോ അതോ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്ന് അന്വേഷിക്കും. ജല സാമ്പിളുകള്‍ പരിശോധിക്കാന്‍ കാലാവസ്ഥാ വകുപ്പും വരും,’ എ.കെ. സിങ് പറഞ്ഞു.

അതേസമയം, ബല്ലിയയിലെ ചീഫ് മെഡിക്കല്‍ സൂപ്രണ്ട് റാങ്കിലുള്ള ഡോക്ടറെ ആരോഗ്യമന്ത്രി തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്തിരുന്നു. മിക്ക മരണങ്ങളും ഹീറ്റ് സ്‌ട്രോക്ക് മൂലമാണെന്ന് അദ്ദേഹം നടത്തിയ പ്രസ്താവന വിവാദമായതിന് പിന്നാലെയായിരുന്നു ഈ നടപടി.

ശരിയായ വിവരങ്ങളുടെ പിന്‍ബലമില്ലാതെ അശ്രദ്ധമായി പ്രസ്താവന നടത്തിയതിനാണ് അദ്ദേഹത്തെ നീക്കം ചെയ്തതെന്ന് യു.പി. ആരോഗ്യമന്ത്രി ബ്രജേഷ് പഥക് പറഞ്ഞു. ബല്ലിയയിലെ സംഭവം സര്‍ക്കാര്‍ ഗൗരവമായി എടുത്തിട്ടുണ്ടെന്നും അവിടത്തെ സ്ഥിതിഗതികള്‍ വ്യക്തിപരമായി നിരീക്ഷിച്ചു വരികയാണെന്നും മന്ത്രി ബ്രജേഷ് പഥക് പറഞ്ഞു.

Content Highlights: 54 dead in UP within 3 days, casuse unknown