വയനാട്: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ നിന്നും രക്ഷപ്പെടുത്തിയത് 481 പേരെയെന്ന് റവന്യു മന്ത്രി കെ.രാജൻ. രക്ഷാദൗത്യം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 122 ആയി. 113 ലേറെപ്പേര്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നുണ്ട്. 15 പേരുടെ പരിക്ക് ഗുരുതരമാണ്.
മരിച്ചവരില്‍ 34 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കാണാതായവരുടെ അന്തിമ കണക്കുകൾ ശേഖരിച്ചു കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.
മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ദുരന്തഭൂമിയുടെ സമീപം വരെയുള്ള മേഖലയിലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചിട്ടുണ്ട്. രാത്രിയും തെരച്ചിൽ തുടരുമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്.
രാത്രി ആളുകള്‍ ഉറങ്ങിക്കിടക്കെയാണ് മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടിയത്. ഉരുൾപൊട്ടലിനെ തുടർന്ന് ആളുകൾക്ക് മീതെ മണ്ണും, വെള്ളവും വന്നു വീഴുകയായിരുന്നു. പുലർച്ചെ രണ്ടിനാണ് ആദ്യ ഉരുൾ പൊട്ടൽ ഉണ്ടായത്. ശേഷം 4:10 ന് വീണ്ടും ഉരുൾ പൊട്ടൽ ഉണ്ടാവുകയായിരുന്നു.