മുംബൈ: മഹാരാഷ്ട്രയിലെ കര്‍ഷക സമരത്തില്‍ പ്രതിനിധികളുമായി മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ നടത്താനിരുന്ന യോഗം സര്‍ക്കാര്‍ റദ്ദാക്കി. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്കായിരുന്നു യോഗം തീരുമാനിച്ചത്. എന്നാല്‍ യോഗം റദ്ദാക്കാനുള്ള തീരുമാനം സര്‍ക്കാര്‍ വ്യക്തമാക്കിയില്ല.
അതേസമയം ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് കര്‍ഷകരും പറഞ്ഞു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടത്താന്‍ തീരുമാനിച്ച യോഗത്തിലേക്ക് പങ്കെടുക്കാന്‍ 15 പ്രതിനിധികളോട് ആവശ്യപ്പെട്ടിരിന്നു. എന്നാല്‍ യോഗത്തിന് മണിക്കൂറുകള്‍ മാത്രമുള്ളപ്പോള്‍ ചര്‍ച്ച റദ്ദാക്കിയ വിവരം അറിയിക്കുകയായിരുന്നു.
മറ്റ് കാര്യങ്ങളൊന്നും തന്നെ സര്‍ക്കാര്‍ അറിയിച്ചിട്ടുമില്ല.
മഹാരാഷ്ട്രയില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഞായറാഴ്ച നാസികില്‍ നിന്നാണ് കര്‍ഷകരുടെ ജാഥ ആരംഭിച്ചത്. ജാഥ 23ന് മുംബൈയിലെത്തും. സി.പി.ഐ.എമ്മും കിസാന്‍ സഭയുമാണ് ജാഥക്ക് നേതൃത്വം നല്‍കുന്നത്.
സവാളക്ക് ക്വിന്റലിന് 600 രൂപ അടിയന്തര സഹായം, കര്‍ഷകരുടെ വൈദ്യുത ബില്ല് എഴുതിത്തള്ളുക, കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ന്യായമായ വില ഈടാക്കുക, പരമ്പരാഗതമായി കൃഷി ചെയ്ത് വരുന്ന വനഭൂമിയുടെ അവകാശം ആദിവാസികള്‍ക്ക് നല്‍കുക, കടം എഴുതിത്തള്ളുക, കൃഷിനാശങ്ങള്‍ക്ക് സഹായം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ജാഥ നടത്തുന്നത്.
175 കിലോമീറ്റര്‍ താണ്ടിയുള്ള ജാഥയില്‍ കര്‍ഷകരെ കൂടാതെ തൊഴിലാളികള്‍, ആശാവര്‍ക്കര്‍മാര്‍ തുടങ്ങി ആയിരത്തിലേറെ പേര്‍ പങ്കെടുക്കും.
മുന്‍ എം.എല്‍.എയും സി.പി.ഐ.എം നേതാവുമായ ജെ.പി. ഗാവിത് ആണ് ജാഥ നയിക്കുന്നത്. പാര്‍ട്ടി കൊടിയും സവാളക്ക് മിനിമം എം.എസ്.പി നല്‍കുക എന്ന് എഴുതിയ പ്ലക്കാര്‍ഡുമേന്തിയാണ് ആളുകള്‍ ജാഥയില്‍ പങ്കെടുക്കുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി കര്‍ഷകര്‍ റോഡില്‍ സവാള വിതറുകയും ചെയ്തു.