കനകദുർഗയ്ക്കും ബിന്ദുവിനും മുൻപ് 3 മലേഷ്യൻ യുവതികൾ ശബരിമല ദർശനം നടത്തിയെന്ന് ടൈംസ് ഓഫ് ഇന്ത്യ
Kerala News
കനകദുർഗയ്ക്കും ബിന്ദുവിനും മുൻപ് 3 മലേഷ്യൻ യുവതികൾ ശബരിമല ദർശനം നടത്തിയെന്ന് ടൈംസ് ഓഫ് ഇന്ത്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 6th January 2019, 7:58 pm

തിരുവനന്തപുരം: ബിന്ദു അമ്മിണിയുടെയും കനകദുർഗ്ഗയുടെയും ശബരിമല പ്രവേശനത്തിന് മുൻപ് തമിഴ് വംശജരായ 3 മലേഷ്യൻ യുവതികൾ ശബരിമല ദർശനം നടത്തിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ജനുവരി ഒന്നാം തീയതിയാണ് ഇവർ ദർശനം നടത്തിയതെന്ന് പറയപ്പെടുന്നു.

യുവതികൾ ശബരിമല ദർശനം നടത്തുന്നതിന്റെ മൊബൈൽ വീഡിയോ ദൃശ്യം കേരള പോലീസ് ഷൂട്ട് ചെയ്തിട്ടുണ്ടെന്നും, ആ ദൃശ്യങ്ങൾ തങ്ങളുടെ കൈവശം ഉണ്ടെന്നും ടൈംസ് ഓഫ് ഇന്ത്യ സാക്ഷ്യപ്പെടുത്തുന്നു. ദൃശ്യങ്ങൾ തങ്ങളുടെ കൈവശം തന്നെ ഉണ്ടെന്നു കേരള പോലീസും പറയുന്നുണ്ട്. എന്നാൽ ദർശനം നടത്തിയോ ഇല്ലയോ എന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് പറയാൻ പോലീസ് വിസമ്മതിച്ചു.

Also Read ഉത്തരേന്ത്യയില്‍ സംഘപരിവാര്‍ പരീക്ഷിച്ച തന്ത്രം കേരളത്തിലും പയറ്റാനാണ് ശ്രമം; അത് നടക്കില്ല: മുഖ്യമന്ത്രി

യുവതികളുടെ പേരും, പ്രായവും മറ്റ് വിവരങ്ങളും പോലീസിന്റെ കൈവശം ഉണ്ട്. 25 പേരടങ്ങിയ തമിഴ് തീർത്ഥാടക സംഘത്തിന്റെ കൂടെയാണ് മലേഷ്യൻ യുവതികൾ ശബരിമലയിലെത്തിയത്. ദർശനത്തിനു ശേഷം മടങ്ങിയ യുവതികളുടെ ദൃശ്യങ്ങൾ പമ്പയിൽ വെച്ചാണ് ചിത്രീകരിച്ചത്. മാത്രമല്ല, ഈ മൂന്ന് യുവതികളെയും കനകദുർഗയെയും ബിന്ദുവിനെയും ശ്രീലങ്കൻ യുവതികളെയും കൂടാതെ ജനുവരി 1 മുതൽ മറ്റ് നാല് യുവതികളും ശബരിമലയിൽ ദർശനം നടത്തിയതായി പോലീസ് പറയുന്നുണ്ട്. എന്നാൽ ഇത് സ്ഥിരീകരിച്ചിട്ടില്ല.

കൂടുതൽ യുവതികൾ ശബരിമല ദർശനം നടത്തിയിരിക്കാം എന്ന് മന്ത്രി കടകംപളളി സുരേന്ദ്രനും പറയുന്നു. ഔദ്യോഗിക കണക്കിൽ പെടാത്ത, ശബരിമലയിൽ ദർശനം നടത്തിയ സ്ത്രീകൾ ഉണ്ടാകാമെന്നും, മാധ്യമങ്ങളിൽ വന്ന ശബരിമല ദർശനങ്ങളുടെ വാർത്തകൾ ആണ് ജനങ്ങൾക്കിടയിൽ പ്രചരിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

Also Read “സി.ബി.ഐ വോട്ടുചെയ്യില്ല” ; തെരഞ്ഞെടുപ്പ് വരുമ്പോള്‍ സി.ബി.ഐയെ ആയുധമാക്കുന്ന ബി.ജെ.പിയ്‌ക്കെതിരെ അഖിലേഷ് യാദവ്

14 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ യുവതികളെ മുഖം മറച്ച രീതിയിലാണ് കാണുന്നത്. യുവതികൾ സംഘത്തിനൊപ്പം പുതുവത്സരത്തിന്റെയന്ന് അതിരാവിലെയാണ് ദർശനം നടത്തിയത്. അതിനു ശേഷം 10 മണിയോടെ ഇവർ മടങ്ങുകയും ചെയ്തു. അതിനു ശേഷമാണ് ജനുവരി രണ്ടാം തീയതി കനകദുർഗയും, ബിന്ദുവും പോലീസ് അകമ്പടിയോടെ ശബരിമലയിൽ ദർശനം നടത്താൻ എത്തുന്നത്.

“മലേഷ്യൻ യുവതികളെ എങ്ങും തടഞ്ഞു നിർത്തുകയുണ്ടായില്ല. കനകദുർഗയും, ബിന്ദുവും, പിന്നീട് വന്ന ശ്രീലങ്കൻ യുവതികളും ശബരിമലയിൽ എത്തുന്നതിന്റെ ദൃശ്യങ്ങൾ ആവശ്യത്തിലധികം കൈവശമുണ്ട്. എന്നാൽ മലേഷ്യൻ യുവതികളുടെ കാര്യത്തിൽ അതല്ല സ്ഥിതി. അവർ ദർശനം നടത്തുമ്പോൾ പോലീസും ഒപ്പമുണ്ടായിരുന്നില്ല.” കേരള പൊലീസിലെ
ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറയുന്നു.

Also Read ക്യാറ്റ് പരീക്ഷയിൽ 17കാരിക്ക് ഉജ്ജ്വല വിജയം: ആദ്യശ്രമത്തിൽ തന്നെ 95.5 ശതമാനം മാർക്ക് നേടി സംഹിത കാശിഭട്ട

ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സെപ്തംബർ 28ലെ സുപ്രീം കോടതി വിധിക്ക് ശേഷം ആദ്യമായി ശബരിമല ദർശനം നടത്തിയ 50 വയസ്സിനു താഴെയുള്ള സ്ത്രീകൾ കനകദുർഗയും ബിന്ദുവുമാണെന്നാണ് ഇതുവരെ കരുതിപ്പോന്നത്. വിധിക്ക് ശേഷം 42൦൦ സ്ത്രീകൾ ശബരിമല ദർശനത്തിനായി ബുക്കിംഗ് നടത്തിയിരുന്നു. എന്നാൽ സ്ത്രീകൾ പ്രവേശിക്കുന്നതിന് എതിർത്തുകൊണ്ടുള്ള പ്രക്ഷോഭങ്ങൾക്കും അക്രമസംഭവങ്ങൾക്കും ശേഷം ഭൂരിഭാഗം സ്ത്രീകളും പിന്മാറുകയായിരുന്നു.