ബെയ്ജിംഗ്: അതിശക്തമായ ശീതക്കാലും മഴയിലും കുടുങ്ങി മാരത്തോണിനിടെ ചൈനയിലെ 21 കായികതാരങ്ങള്‍ കൊല്ലപ്പെട്ടു. 100 കിലോമീറ്റര്‍ ക്രോസ് കണ്‍ട്രി മൗണ്ടന്‍ റേസില്‍ പങ്കെടുത്തവരാണ് കൊല്ലപ്പെട്ടതെന്ന് ചൈന അറിയിച്ചു.
കാറ്റിലും മഴയിലും പെട്ട് കാണാതായവരെ അന്വേഷിച്ചെത്തുമ്പോഴേക്കും പലരും കഠിനമായ തണുപ്പ് മൂലം മരവിച്ചു മരിച്ച നിലയിലായിരുന്നെന്നും ഔദ്യോഗിക മാധ്യമമായ സി.സി.ടി.വി അറിയിച്ചു. ചൈനയിലെ വടക്കുപടിഞ്ഞാറന്‍ ഭാഗത്തുള്ള ഗാന്‍സു പ്രവിശ്യയിലാണ് ശനിയാഴ്ച അപ്രതീക്ഷിതമായ കൊടും ശൈത്യവും മഴയുമുണ്ടായത്.
‘ശനിയാഴ്ച ഉച്ചയോടെ റേസിലെ 20 – 30 കിലോമീറ്റര്‍ ഭാഗം വരുന്ന ഉയര്‍ന്ന പ്രദേശങ്ങളില്‍ പെട്ടെന്ന് അപകടകരമായ കാലാവസ്ഥ രൂപപ്പെടുകയായിരുന്നു. കുറഞ്ഞ സമയത്തിനുള്ളില്‍ അവിടെ ആലിപ്പഴം വീഴുകയും ഐസ് കഷ്ണങ്ങള്‍ നിറഞ്ഞ മഴ പെയ്യുകയും ചെയ്തു. ഇതിനൊപ്പം ശക്തമായ കാറ്റും വീശാന്‍ തുടങ്ങിയതോടെ താപനില അപകടകരമാം വിധം കുറഞ്ഞുപോയി,’ ബൈയിന്‍ മേയറായ ഴാങ് ഷുചെന്‍ പറഞ്ഞു.
കാലാവസ്ഥ മാറ്റത്തെ കുറിച്ച് ചില മത്സരാര്‍ത്ഥികള്‍ അറിയിച്ചതിനെ തുടര്‍ന്ന് ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തകരെ അയച്ചെങ്കിലും ആ പ്രദേശത്ത് നിന്നും 18 പേരെ മാത്രമാണ് രക്ഷിക്കാനായതെന്നും മേയര്‍ പറഞ്ഞു. പരിക്കേറ്റ എട്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ഇവരുടെ നില ഗുരുതരമല്ലെന്നും അദ്ദേഹം അറിയിച്ചു.
172 പേരായിരുന്നു റേസില്‍ പങ്കെടുത്തത്. ഇതില്‍ 151 പേരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. ശനിയാഴ്ച രാത്രിയോടെ താപനില വീണ്ടും കുറയുകയും മണ്ണിടിച്ചില്‍ മൂലം വഴികള്‍ തടസ്സപ്പെടുകയും ചെയ്തതോടെ രക്ഷാപ്രവര്‍ത്തനം പലപ്പോഴും തടസ്സപ്പെട്ടിരുന്നെന്നും ഇവര്‍ പറഞ്ഞു.
2010ല്‍ ഗാന്‍സു പ്രവിശ്യയിലുണ്ടായ മണ്ണിടിച്ചിലിലും പ്രളയത്തിലും 1000 പേര്‍ കൊല്ലപ്പെട്ടിരുന്നു. ചൈനയിലെ സാമ്പത്തികമായ ഏറെ പിന്നോക്കം നില്‍ക്കുന്ന ഈ മേഖലയിലെ പ്രകൃതിദുരന്തങ്ങള്‍ ജനജീവിതത്തെ ഏറെ മോശമായി ബാധിച്ചിരിക്കുകയാണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക