ബംഗാളില്‍ ബി.ജെ.പിയുടെ അടിത്തറയിളകുന്നു; 200 ഓളം പ്രവര്‍ത്തകര്‍ തൃണമൂലിലേക്ക്
national news
ബംഗാളില്‍ ബി.ജെ.പിയുടെ അടിത്തറയിളകുന്നു; 200 ഓളം പ്രവര്‍ത്തകര്‍ തൃണമൂലിലേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 23rd June 2021, 8:25 am

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബി.ജെ.പിയ്ക്ക് തിരിച്ചടി തുടരുന്നു. ഹൂഗ്ലിയിലെ 200 ഓളം ബി.ജെ.പി. പ്രവര്‍ത്തകര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.

തൃണമൂല്‍ വിട്ട് പോയവരാണ് ഇവരില്‍ ഭൂരിഭാഗവും. തലമൊട്ടയടിച്ച് ഗംഗാജലത്തില്‍ ‘ശുദ്ധീകരിച്ചാണ്’ ഇവര്‍ പാര്‍ട്ടിയില്‍ തിരിച്ചെത്തിയത്.

ബി.ജെ.പിയില്‍ ചേര്‍ന്നത് തെറ്റായിപ്പോയെന്ന് ഇവര്‍ പറഞ്ഞു. അരംബാഗ് എം.പി. അപരുപ പോഡ്ഡറുടെ സാന്നിധ്യത്തിലായിരുന്നു ഇവരുടെ തൃണമൂല്‍ പ്രവേശനം.

നേരത്തെ ബീര്‍ഭൂമിലെ ബി.ജെ.പി. പ്രവര്‍ത്തകരും തൃണമൂലില്‍ തിരിച്ചെത്തിയിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി ഓഫീസിന് മുന്നില്‍ മുന്നൂറോളം ബി.ജെ.പി. പ്രവര്‍ത്തകര്‍ നിരാഹാര സമരം നടത്തിയിരുന്നു.

ബീര്‍ഭൂമിലെ ഓഫീസിനു മുന്നിലാണ് നിരാഹാര സമരം നടത്തിയത്. ഇതിന് പിന്നാലെയാണ് തൃണമൂല്‍ ഇവരെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുത്തത്. ബംഗാളില്‍ വീണ്ടും മമത ബാനര്‍ജി അധികാരത്തിലെത്തിയതിനു പിന്നാലെ ബി.ജെ.പിയിലേക്ക് പോയ തൃണമൂല്‍ പ്രവര്‍ത്തകര്‍ തിരിച്ചെത്താനുള്ള ശ്രമം നടത്തിയിരുന്നു.

2017 ല്‍ തൃണമൂല്‍ വിട്ട് ബി.ജെ.പിയില്‍ എത്തിയ മുകുള്‍ റോയി തിരിച്ച് തൃണമൂലില്‍ എത്തിയിരുന്നു. പശ്ചിമ ബംഗാള്‍ പിടിക്കാന്‍ ബി.ജെ.പി. നടത്തിയ ആദ്യ ശ്രമങ്ങളിലൊന്നായിരുന്നു മുകുള്‍ റോയിയുടെ പാര്‍ട്ടി പ്രവേശനം.