കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ എലിപ്പനി ബാധിച്ച് രണ്ടുപേര്‍ കൂടി മരിച്ചു. മുക്കം സ്വദേശി ശിവദാസന്‍, കാരന്തൂര്‍ സ്വദേശി കൃഷ്ണന്‍ എന്നിവരാണ് മെഡിക്കല്‍ കോളെജില്‍ ചികില്‍സയിലിരിക്കെ മരിച്ചത്. ഇതോടെ ജില്ലയില്‍ എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആയി.
സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. നാലുലക്ഷത്തില്‍ അധികം പ്രതിരോധ മരുന്നുകളാണ് ഇന്നലെ ജില്ലയില്‍ വിതരണം ചെയ്തത്.
ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍ക്ക് എലിപ്പനി വന്നാല്‍ മരണസാധ്യത കൂടുതലാണെന്ന് എലിപ്പനി രോഗ നിവാരണ വിദഗ്ദര്‍ പറയുന്നു. പ്രതിരോധ മരുന്ന് കഴിക്കാത്തവര്‍ക്ക് പനിയുടെ ലക്ഷണം വന്നാല്‍ ഉടന്‍ ചികിത്സ തേടണമെന്നും വിദഗ്ദര്‍ പറയുന്നു.
അതേസമയം, പനി പടരാതിരിക്കാന്‍ എല്ലാ പ്രതിരോധ നടപടികളും സ്വീകരിച്ചിട്ടുണ്ടന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. പ്രളയത്തിനുശേഷം സംസ്ഥാനത്ത് എലിപ്പനി പടരാനുള്ള സാധ്യതയുള്ളതായി ആരോഗ്യവകുപ്പ് മുന്നറിയിപ്പു നല്‍കിയിരുന്നു.
പലരും എലിപ്പനി പ്രതിരോധ മരുന്ന് കഴിക്കാത്തതിനാല്‍ രോഗം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യത ഉണ്ടെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. പ്രളയജലത്തില്‍ ഇറങ്ങിയവര്‍ക്ക് ആര്‍ക്കെങ്കിലും പനി വന്നാല്‍ വിദഗ്ധ ചികില്‍സയ്ക്ക് ആശുപത്രികളില്‍ എത്തണമെന്ന് ആരോഗ്യവകുപ്പ് നേരത്തെ അറിയിച്ചു.