ന്യൂദൽഹി: ഇറാൻ പിടിച്ചെടുത്ത ഇസ്രഈൽ പൗരന്റെ ഉടമസ്ഥതയിലുള്ള എം.എസ്.സി കപ്പലിൽ 17 ഇന്ത്യക്കാർ ഉള്ളതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇതിൽ രണ്ട് മലയാളികൾ ഉള്ളതായി നേരത്തെ വാർത്തകൾ പുറത്ത് വന്നിരുന്നു.
ന്യൂദൽഹി: ഇറാൻ പിടിച്ചെടുത്ത ഇസ്രഈൽ പൗരന്റെ ഉടമസ്ഥതയിലുള്ള എം.എസ്.സി കപ്പലിൽ 17 ഇന്ത്യക്കാർ ഉള്ളതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇതിൽ രണ്ട് മലയാളികൾ ഉള്ളതായി നേരത്തെ വാർത്തകൾ പുറത്ത് വന്നിരുന്നു.
ഇന്ത്യക്കാരെ മോചിപ്പിക്കുന്നതിനായി ഇറാനുമായി കേന്ദ്ര സർക്കാർ ബന്ധപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. മലയാളികളടക്കം 17 ഇന്ത്യക്കാർ സുരക്ഷിതരാണെന്നും അധികൃതർ പറഞ്ഞു. ഇറാനും ഇസ്രഈലും തമ്മിലുള്ള സംഘർഷാവസ്ഥ യുദ്ധമായി മാറാൻ സാധ്യത ഉള്ളതിനാൽ എത്രയും പെട്ടെന്ന് കപ്പലിലുള്ളവരെ മോചിപ്പിക്കാനാണ് വിദേശകാര്യ മന്ത്രാലയം ശ്രമിക്കുന്നത്.
സാഹചര്യം നിരീക്ഷിച്ച് വരുന്നതായും തെഹ്റാനിലെ ഇന്ത്യൻ എംബസി ഇറാൻ വിദേശകാര്യ മന്ത്രാലയുമായി ചർച്ച തുടരുന്നതായും അധികൃതർ അറിയിച്ചു. ഇറാനുമായുള്ള നല്ല ബന്ധം പ്രതിസന്ധി പരിഹരിക്കാൻ സഹായിക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയം കണക്ക് കൂട്ടുന്നത്.
ശനിയാഴ്ച രാവിലെയാണ് ഇറാൻ കപ്പൽ തടഞ്ഞത്. കപ്പലിൽ ഉള്ള മലയാളികൾ പാലക്കാട്, കോഴിക്കോട് സ്വദേശികളാണെന്നാണ് വിവരം. ദുബൈയിലേക്ക് പോകുകയായിരുന്ന കപ്പൽ ഹോർമുസ് കടലിടുക്കിൽ വെച്ചാണ് ഇറാൻ സൈന്യം പിടിച്ചെടുത്തത്.
ഇസ്രഈലിനെ തിരിച്ചടിക്കാൻ ഇറാൻ സൈന്യം തയ്യാറെടുക്കുന്നതായി അമേരിക്കയുടെ ഇന്റലിജൻസ് റിപ്പോർട്ട് ഉൾപ്പടെ പുറത്ത് വന്നിരുന്നു.
ഇറാൻ ഏത് നിമിഷവും ഇസ്രഈലിനെ ആക്രമിക്കാൻ സാധ്യതയുണ്ടെന്നായിരുന്നു അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്.
ഇതിന് പിന്നാലെ ആക്രമണം നേരിടാൻ പൂർണമായും തയ്യാറാണെന്ന് ഇസ്രഈൽ അറിയിച്ചിരുന്നു. എന്നാൽ ഇറാന്റെ അറിയിപ്പിന് പിന്നാലെ ഇസ്രഈലിന് പിന്തുണ പ്രഖ്യാപിച്ച അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഈ ഓപ്പറേഷൻ നടത്തരുതെന്ന് ഇറാനോട് ആവശ്യപ്പെട്ടിരുന്നു.
Content Highlight: 17 Indians onboard Israeli-linked ship seized by Iran