ചെന്നൈ: തമിഴ്‌നാട് ബി.ജെ.പിയില്‍ കൊഴിഞ്ഞുപോക്ക്. ബി.ജെ.പിയിലെ ഐ.ടി വിങ് ജില്ലാ സെക്രട്ടറി ഉള്‍പ്പെടെ 13 ഭാരവാഹികള്‍ അഖിലേന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തില്‍ (എ.ഐ.എ.ഡി.എം.കെ) ചേര്‍ന്നതായാണ് റിപ്പോര്‍ട്ട്. ബി.ജെ.പിയുടെ ചെന്നൈ വെസ്റ്റ് ഐ.ടി സെല്‍ പ്രവര്‍ത്തകരായിരുന്നു ഇവര്‍.
നേരത്തെ എടപ്പാടി പളനിസ്വാമിയും എ.ഐ.എ.ഡി.എം.കെയും തങ്ങളെ വേട്ടയാടുകയാണെന്ന ആരോപണവുമായി ബി.ജെ.പി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സംഭവം.
പാര്‍ട്ടിയില്‍ അസാധാരണ സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും അതിനാല്‍ പാര്‍ട്ടി വിടുകയാണെന്നുമായിരുന്നു ബി.ജെ.പി ഐ.ടി വിങ് ജില്ലാ പ്രസിഡന്റ് അന്‍പരശന്റെ പ്രതികരണം.
‘വര്‍ഷങ്ങളായി ബി.ജെ.പിക്ക് വേണ്ടി പ്രവര്‍ത്തിച്ചയാളാണ് ഞാന്‍. ഒരു പദവിയും ഞാന്‍ ആഗ്രഹിച്ചിട്ടില്ല എന്ന് ജനങ്ങള്‍ക്ക് കൃത്യമായി അറിയാം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പാര്‍ട്ടിയില്‍ അസാധാരണമായ ചില സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ പാര്‍ട്ടി വിടുന്നു,’ അന്‍പരശനെ ഉദ്ധരിച്ച് സിയാസത് റിപ്പോര്‍ട്ട് ചെയ്യുന്നു.
10 ഐ.ടി വിങ് ജില്ലാ സെക്രട്ടറിമാരും, രണ്ട് ഐ.ടി. വിങ് ജില്ലാ ഡെപ്യൂട്ടി സെക്രട്ടറിമാരുമാണ് ബി.ജെ.പിയില്‍ നിന്നും എ.ഐ.എ.ഡി.എം.കെയിലെത്തിയത്.
ചൊവ്വാഴ്ച ബിജെപി ഇന്റലക്ച്വല്‍ വിങ്് സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍, ഐ.ടി വിഭാഗം സംസ്ഥാന സെക്രട്ടറി ദിലീപ് കണ്ണന്‍, ട്രിച്ചി റൂറല്‍ ജില്ലാ വൈസ് പ്രസിഡന്റ് വിജയ്, സംസ്ഥാന ഒ.ബി.സി വിഭാഗം സെക്രട്ടറി അമ്മു എന്നിവര്‍ എ.ഐ.എ.ഡി.എം.കെയില്‍ ചേര്‍ന്നിരുന്നു.
അണ്ണാമലൈയ്ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് പാര്‍ട്ടി വിട്ട ബി.ജെ.പി സംസ്ഥാന ഐ.ടി വിഭാഗം മേധാവി നിര്‍മല്‍ കുമാര്‍ എ.ഐ.എ.ഡി.എം.കെയില്‍ ചേര്‍ന്നതിന് തൊട്ടുപിന്നാലെയാണിത്.
Content Highlight: 13 people from bjp joined AIADMK in tamilnadu