12 വയസുകാരി വാക്‌സിനെടുത്തില്ലെന്ന് വാദം; എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ യാത്ര അനുവദിച്ചില്ല; എയര്‍പോര്‍ട്ടില്‍ പെണ്‍കുട്ടി കുടുങ്ങിയത് 18 മണിക്കൂര്‍
Kerala News
12 വയസുകാരി വാക്‌സിനെടുത്തില്ലെന്ന് വാദം; എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ യാത്ര അനുവദിച്ചില്ല; എയര്‍പോര്‍ട്ടില്‍ പെണ്‍കുട്ടി കുടുങ്ങിയത് 18 മണിക്കൂര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 26th September 2021, 9:45 am

കരിപ്പൂര്‍: വാക്‌സിനെടുത്തില്ലെന്ന ന്യായം പറഞ്ഞ് 12 വയസുകാരിയുടെ യാത്ര തടഞ്ഞ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍. കോഴിക്കോട് നിന്ന് റാസ് അല്‍ ഖൈമയിലേക്ക് പോവുന്നതിനായി വിമാനത്താവളത്തില്‍ മാതാവിനൊപ്പമെത്തിയ പെണ്‍കുട്ടിയെയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ തടഞ്ഞത്.

അധികൃതര്‍ തടസവാദം ഉന്നയിച്ചതോടെ മാതാവിനും രണ്ട് സഹോദരങ്ങള്‍ക്കും മാത്രം യാത്ര തിരിക്കേണ്ടി വന്നു. പാറക്കടവ് ചെറ്റക്കണ്ടി കാണ്ണങ്കണ്ടി വീട്ടില്‍ ജമാല്‍ വാണിമേല്‍, കളത്തില്‍ ഷാഹിദ ദമ്പതിമാരുടെ മകള്‍ നസിഹ നസ്നീനിനാണ് അധികൃതരുടെ വിചിത്ര ന്യായം മൂലം എയര്‍പോര്‍ട്ടില്‍ കുടുങ്ങിയത്.

18 മണിക്കൂറിന് ശേഷം മറ്റൊരു വിമാനത്തില്‍ അധികൃതര്‍ പെണ്‍കുട്ടിയെ തനിയെ റാസ് അല്‍ ഖൈമയിലേക്ക് പറഞ്ഞയച്ചു.

വെള്ളിയാഴ്ച രാവിലെ ഒമ്പതുമണിക്ക് കോഴിക്കോട്ടുനിന്ന് റാസ് അല്‍ ഖൈമയിലേക്കുള്ള വിമാനത്തിലാണ് കുടുംബം ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്.

പുലര്‍ച്ചെ തന്നെ കുടുംബം എയര്‍പോര്‍ട്ടില്‍ എത്തുകയും പരിശോധനയ്ക്ക് വിധേയരാവുകയും ചെയ്തിരുന്നു. എന്നാല്‍ 12 വയസുള്ള കുട്ടിക്ക് വാക്‌സിന്‍ എടുത്തിട്ടില്ലെന്നും കുട്ടികള്‍ വാക്‌സിന്‍ എടുക്കണമെന്ന് റാസ അല്‍ ഖൈമയില്‍ നിയമമുണ്ടെന്നുമായിരുന്നു എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ അറിയിച്ചത്.

എന്നാല്‍ 12 വയസുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നത് തുടങ്ങിയിട്ടില്ലെന്ന കാര്യം ചൂണ്ടിക്കാണിച്ചെങ്കിലും ഇത് ചെവി കൊള്ളാന്‍ അധികൃതര്‍ തയ്യാറായില്ല. തുടര്‍ന്ന് മാതാവിനും രണ്ട് സഹോദരങ്ങള്‍ക്കും മാത്രം യാത്ര തിരിക്കേണ്ടി വന്നു.

തുടര്‍ന്ന് പെണ്‍കുട്ടിക്കൊപ്പം എത്തിയ ബന്ധുക്കള്‍ അധികൃതരുമായി സംസാരിച്ചെങ്കിലും കാര്യമുണ്ടായില്ല. റാസ് അല്‍ ഖൈമയിലെ നിയമം ഇങ്ങനെയാണെന്നും ഇവിടെനിന്ന് ഒന്നും ചെയ്യാന്‍ സാധിക്കുകയില്ലെന്നുമായിരുന്നു എയര്‍ ഇന്ത്യ അധികൃതരുടെ വിശദീകരണം.

എയര്‍ ഇന്ത്യയുടെ വെബ്സൈറ്റിലോ റാസ് അല്‍ ഖൈമയുടെ വെബ്സൈറ്റിലോ ഇത്തരമൊരു കാര്യമില്ലെന്നും പെണ്‍കുട്ടിക്ക് യാത്രം അനുവദിക്കാത്ത കാര്യം എഴുതിത്താരാന്‍ ബന്ധുക്കള്‍ ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ ഇതിന് തയ്യാറായില്ല.

എയര്‍പോര്‍ട്ട് അധികൃതരെ ബന്ധപ്പെട്ടെങ്കിലും എയര്‍ലൈനുമായി ഞങ്ങള്‍ക്ക് ബന്ധമില്ലെന്നായിരുന്നു വിശദീകരണം. തുടര്‍ന്ന് ഏറെ നേരത്തെ ആശങ്കയ്ക്ക് ശേഷം രാത്രി ഒമ്പത് മണിയോടെ മറ്റൊരു വിമാനത്തില്‍ ഷാര്‍ജയിലേക്ക് പെണ്‍ക്കുട്ടിയെ യാത്രയാക്കുകയായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

12-year-old girl denied Air India Express travel ed; The girl was trapped at the airport for 18 hours