പശുസംരക്ഷണത്തിന്റെ പേരില്‍ കൊല: ബി.ജെ.പി പ്രാദേശിക നേതാവ് ഉള്‍പ്പെടെ 11 പേര്‍ കുറ്റക്കാരെന്ന് ഝാര്‍ഖണ്ഡ് കോടതി; ശിക്ഷ ഈ മാസം 20-ന്
cow vigilantism
പശുസംരക്ഷണത്തിന്റെ പേരില്‍ കൊല: ബി.ജെ.പി പ്രാദേശിക നേതാവ് ഉള്‍പ്പെടെ 11 പേര്‍ കുറ്റക്കാരെന്ന് ഝാര്‍ഖണ്ഡ് കോടതി; ശിക്ഷ ഈ മാസം 20-ന്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 16th March 2018, 6:46 pm

റാഞ്ചി: പശുസംരക്ഷണത്തിന്റെ പേരില്‍ കൊലപാതകം നടത്തിയ ബി.ജെ.പി പ്രാദേശിക നേതാവ് ഉള്‍പ്പെടെ 11 പേര്‍ കുറ്റക്കാരാണെന്ന് ഝാര്‍ഖണ്ഡിലെ വിചാരണ കോടതി. ബീഫ് കൈവശം വെച്ചു എന്ന സംശയത്തിന്റെ പേരിലാണ് സ്വയം പ്രഖ്യാപിത പശുസംരക്ഷകരായ ഇവര്‍ കഴിഞ്ഞവര്‍ഷം ജൂണില്‍ ഒരാളെ അടിച്ചു കൊന്നത്. കൊല്ലപ്പെട്ടയാളുടെ കാര്‍ അക്രമി സംഘം അഗ്നിയ്ക്കിരയാക്കുകയും ചെയ്തിരുന്നു.

മാരുതി വാന്‍ ഓടിച്ചു പോകുകയായിരുന്ന അലിമുദ്ദീന്‍ എന്ന അസ്ഗര്‍ അന്‍സാരിയെയാണ് അക്രമികള്‍ വാഹനം തടഞ്ഞു നിര്‍ത്തി ക്രൂരമായി മര്‍ദ്ദിച്ചത്. ഝാര്‍ഖണ്ഡിലെ രാംഗഢ് ജില്ലയിലെ ബജര്‍തന്ത് ഗ്രാമത്തിലാണ് സംഭവം നടന്നത്. പരുക്കേറ്റ അന്‍സാരിയെ പൊലീസെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെ വെച്ച് അന്‍സാരി മരിക്കുകയായിരുന്നു.


Also Read: സ്വന്തം ബൂത്തില്‍ 100 വോട്ട് പോലും കിട്ടിയില്ല; അത്രയ്ക്കുണ്ട് ജനങ്ങള്‍ക്കുള്ള കലിപ്പ്; പശുക്കളേയും തെളിച്ച് ഇനിയും കേരളത്തിലേക്ക് വരുന്നില്ലേ; യോഗിയെ ട്രോളി എം.ബി രാജേഷ്


പശുസംരക്ഷണത്തിന്റെ പേരില്‍ ജനങ്ങള്‍ ആളുകളെ കൊല്ലുന്നത് അംഗീകരിക്കാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് ഈ കൊല നടന്നത്. രാജ്യത്തെ ഒരാള്‍ക്കും നിയമം കയ്യിലെടുക്കാനുള്ള അവകാശം ഇല്ലെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. പശുസംരക്ഷണത്തെ കുറിച്ച് മഹാത്മഗാന്ധിയും ആചാര്യ വിനോബ ഭാവെയും പറഞ്ഞത്രയും മറ്റാരും പറഞ്ഞിട്ടില്ലെന്നും ഇത്തരം അക്രമങ്ങളെ അവര്‍ പ്രോത്സാഹിപ്പിച്ചിരുന്നില്ലെന്നും പ്രധാനമന്ത്രി അന്ന് പറഞ്ഞിരുന്നു.

അന്‍സാരിയുടെ കൊലപാതകം ആസൂത്രിതമാണെന്നാണ് പൊലീസ് പറഞ്ഞത്. അന്‍സാരി ഇറച്ചിക്കച്ചവടം നടത്തുന്നയാളാണെന്ന് അറിഞ്ഞ പ്രതികള്‍ അദ്ദേഹത്തെ കാത്തിരുന്ന് ആക്രമിക്കുകയായിരുന്നുവെന്ന് അഡീഷണല്‍ ഡി.ജി.പി ആര്‍.കെ മാലിക് പറഞ്ഞു. കേസില്‍ ഈ മാസം 20-ന് ശിക്ഷ വിധിക്കും.

ആദ്യമായാണ് പശുസംരക്ഷണത്തിന്‍റെ പേരിലുള്ള ഇത്തരം കേസില്‍ കുറ്റാരോപിതര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തുന്നത്. കൊലക്കുറ്റത്തിനു പുറമെ ഗൂഢാലോചന കുറ്റവും തെളിഞ്ഞിട്ടുണ്ട്.

വീഡിയോ: