ഷിംല: മാണ്ഡി ലോക്‌സഭാ മണ്ഡലത്തിൽ നിന്നുള്ള തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജിയിൽ നടിയും ബി.ജെ.പി എം.പിയുമായ കങ്കണ റണാവത്തിന് ഹിമാചൽ പ്രദേശ് ഹൈക്കോടതിയുടെ നോട്ടീസ്. കിന്നൗര്‍ സ്വദേശി ലായക് റാം നേഗിയുടെ ഹരജിയിലാണ് നടപടി. തന്റെ നാമനിര്‍ദ്ദേശ പത്രികകള്‍ റിട്ടേണിംഗ് ഓഫീസര്‍ തെറ്റായി നിരസിച്ചതാണെന്നാണ് ഹരജിക്കാരനായ ലായക് റാം നേഗിയുടെ വാദം.
‘താൻ സർവീസിൽ നിന്ന് സ്വമേധയാ വിരമിച്ചുവെന്നും, ഡിപ്പാർട്മെന്റിൽ നിന്നും യാതൊരു വിധത്തിലുള്ള കുടിശ്ശികയില്ലെന്നുമുള്ള സർട്ടിഫിക്കറ്റുകൾ ഹാജരാക്കി. എന്നാൽ വൈദ്യുതി, ജലം, ടെലിഫോൺ വകുപ്പുകളിൽ നിന്ന് കുടിശ്ശിക ഇല്ല എന്ന സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ആവശ്യപ്പെട്ടതിന് ശേഷം ഒരു ദിവസത്തിനുള്ളിൽ തൻ്റെ നാമനിർദ്ദേശം നിരസിക്കുകയായിരുന്നെന്ന് എനിക്ക് മനസിലായി,’ ലായക് റാം നേഗി പറഞ്ഞു.
തൻ്റെ പത്രികകൾ സ്വീകരിച്ചിരുന്നെങ്കിൽ തിരഞ്ഞെടുപ്പിൽ വിജയിക്കാമായിരുന്നുവെന്നും തിരഞ്ഞെടുപ്പ് മാറ്റിവെക്കാൻ അതുകൊണ്ടാണ് ആവശ്യപ്പെട്ടതെന്നും നേഗി പറഞ്ഞു.
സ്വതന്ത്ര സ്ഥാനാർത്ഥിയായി നാമനിർദേശ പത്രിക സമർപ്പിച്ച നേഗി, മെയ് 14 ന് തിരഞ്ഞെടുപ്പ് പത്രിക സമർപ്പിക്കുകയും ആവശ്യമായ മറ്റ് എല്ലാ രേഖകളും മെയ് 15 ന് സമർപ്പിക്കുകയും ചെയ്തു. എന്നാൽ റിട്ടേണിംഗ് ഓഫീസർ അവ സ്വീകരിച്ചില്ലെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
ഓഗസ്റ്റ് 21നകം മറുപടി നല്‍കണമെന്നാണ് ജസ്റ്റിസ് ജ്യോത്സ്ന റേവാള്‍ കങ്കണ റണാവത്തിന് നിർദേശം നല്‍കിയിരിക്കുന്നത്.
മാണ്ഡി ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥി വിക്രമാദിത്യ സിങ്ങിനെതിരെ 74,755 വോട്ടുകൾക്കാണ് കങ്കണ റണാവത്ത് വിജയിച്ചത്. 4,62,267 വോട്ടുകളാണ് റണാവത്ത് നേടിയത്.
Content Highlight: Kangana Ranaut’s election as BJP MP from Mandi challenged, high court issues notice