ന്യൂദൽഹി: ഗോ മൂത്രത്തിൽ ഔഷധഗുണങ്ങളുണ്ടെന്ന വാദവുമായെത്തിയ ഐ.ഐ.ടി മദ്രാസ് ഡയറക്ടർ പ്രൊഫ. വി. കാമകോടിയെ പിന്തുണച്ച് രംഗത്തെത്തിയ സോഹോ കോർപ്പറേഷൻ സി.ഇ.ഒ ശ്രീധർ വെമ്പുവിന് സോഷ്യൽ മീഡിയയുടെ പരിഹാസം.
ജനുവരി 15ന് നടന്ന ഒരു പരിപാടിയിൽ സംസാരിച്ച കാമകോടി, ഗോമൂത്രത്തിന് ‘ആൻ്റി ബാക്ടീരിയൽ, ആൻറി ഫംഗൽ, ദഹന ഗുണങ്ങൾ’ ഉണ്ടെന്നും ഇറിറ്റബിൾ ബവൽ സിൻഡ്രോം (ഐ.ബി.എസ്) പോലുള്ള അവസ്ഥകൾക്ക് ഫലപ്രദമായ ചികിത്സയായിരിക്കുമെന്നും അവകാശപ്പെട്ടിരുന്നു.
ഇതിനെ തുടർന്ന് വിമർശനങ്ങൾ ഉയരവെയായിരുന്നു വി. കാമകോടിയെ പിന്തുണച്ച് ശ്രീധർ വെമ്പു എത്തിയത്. ഗോമൂത്രത്തെ പരിഹസിക്കുന്നവർക്ക് വികസിച്ചുകൊണ്ടിരിക്കുന്ന ശാസ്ത്രീയ വീക്ഷണങ്ങൾ മനസിലാക്കാൻ കഴിയില്ലെന്ന് വാദിച്ചുകൊണ്ട് വെമ്പു കാമകോടിയെ ന്യായീകരിച്ചു.
ഗോമൂത്രത്തിനും ചാണകത്തിനും പ്രയോജനകരമായ ഗുണങ്ങളുണ്ട് ഇത് ചില അന്ധവിശ്വാസങ്ങളുടെ കുതന്ത്രമല്ല. മറിച്ച് ആധുനിക ശാസ്ത്രം പറയുന്നതാണ്. ഓൺലൈനിലുള്ള ആളുകളുടെ അടഞ്ഞ മനസും മതഭ്രാന്തുമാണ് ഇതിനെതിരെ തിരിയുന്നതിനുള്ള കാരണം. ഐ.ഐ.ടി ഡയറക്ടർ ഒരു മികച്ച ഗവേഷകനും വിദ്യാഭ്യാസ ചിന്തകനുമാണ്. ഗോമൂത്രത്തിൻ്റെ ഔഷധ മൂല്യത്തെ പിന്തുണയ്ക്കുന്ന ശാസ്ത്രീയ പ്രബന്ധങ്ങൾ കാമകോടി ഉദ്ധരിച്ചിട്ടുണ്ടെന്നും വെമ്പു പറഞ്ഞു.
എന്നാൽ പിന്നാലെ വെമ്പുവിന് നേരെ സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസമാണ് ഉയരുന്നത്. ദ ലിവർ ഡോക് എന്നറിയപ്പെടുന്ന ഡോ. സിറിയക് ആബി ഫിലിപ്‌സ് വെമ്പുവിനെ ‘നിരക്ഷരനായ ബൂമർ അങ്കിൾ’ എന്ന് പരിഹസിച്ചു. ‘ നിങ്ങൾ നിങ്ങളുടെ അനുയായികളെ തെറ്റിദ്ധരിപ്പിക്കുകയും വിഡ്ഢിത്തം പ്രചരിപ്പിക്കുകയും സ്വയം വിഡ്ഢിയാവുകയും ചെയ്യുന്നത് എത്രനാൾ തുടരും?,’ ഫിലിപ്സ് ചോദിച്ചു.
സ്വാധീനമുള്ള ഒരാളെന്ന നിലയിൽ, പ്രൊഫ. കാമകോടിയെപ്പോലുള്ള ആളുകളിൽ നിന്ന് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിന് പകരം, പുരോഗതിയെ സഹായിക്കുന്ന ശാസ്ത്രീയ അറിവ് പ്രചരിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഫിലിപ്സ് വെമ്പുവിനോട് ആവശ്യപ്പെട്ടു.
Content Highlight: Zoho CEO Sridhar Vembu backs IIT Madras professor on cow urine benefits, faces backlash