കോഴിക്കോട്: മലബാര്‍ സമരത്തിന്റെ നേതാക്കളെ സ്വാതന്ത്ര്യസമര നേതാക്കളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കുമെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധത്തിനൊരുങ്ങി യൂത്ത് ലീഗ്. ആഗസ്റ്റ് 26ന് യൂത്ത് ലീഗിന്റെ എല്ലാ ശാഖകളിലും സ്വാതന്ത്ര്യസമരസേനാനികളുടെ പേരുകളടങ്ങിയ ബോര്‍ഡുകള്‍ സ്ഥാപിക്കുമെന്നാണ് യൂത്ത് ലീഗിന്റെ പ്രഖ്യാപനം.
യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസും ചേര്‍ന്നാണ് പ്രതിഷേധ പരിപാടിയുടെ കാര്യം പ്രഖ്യാപിച്ചത്. ചരിത്രത്തിന്റെ പുനര്‍വായനയിലൂടെ പുതു തലമുറയില്‍ ചരിത്ര ബോധം പകരുന്ന രീതിയിലാണ് പോരാളി പട്ടിക സ്ഥാപിക്കല്‍ സമരമെന്നും മലബാര്‍ സമരത്തില്‍ കൊല്ലപ്പെട്ടവരും ജയില്‍വാസം അനുഭവിച്ചവരും നാടുവിട്ടു പോകേണ്ടി വന്നവരുമായ ദേശസ്നേഹികളുടെ പേരുകള്‍ ഉള്‍ക്കൊള്ളുന്ന ബോര്‍ഡുകളാണ് സ്ഥാപിക്കുകയെന്നും നേതാക്കള്‍ പറഞ്ഞു.
മലബാറിലെ ബ്രിട്ടീഷ് വിരുദ്ധ സമരത്തില്‍ പങ്കെടുത്തവരെ തമസ്‌കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ഐ.സി.എച്ച്ആ.റിന്റെ ആഭിമുഖ്യത്തിലാണ് സ്വാതന്ത്ര്യസമര രക്തസാക്ഷി പട്ടിക തയ്യാറാക്കിയത്. പ്രധാനമന്ത്രി പ്രകാശനം ചെയ്ത അഞ്ച് വാല്യങ്ങളുള്ള ഗ്രന്ഥത്തില്‍ മലബാര്‍ സമരം സ്വാതന്ത്ര്യ സമരമായി അംഗീകരിച്ചതാണ്.
‘സംഘപരിവാര്‍ ശക്തികളുടെ ഗൂഢാലോചന പ്രകാരം ചരിത്രം വക്രീകരിച്ചാണ് മലബാറിലെ രക്തസാക്ഷികളെ നിഘണ്ടുവില്‍ നിന്നും വെട്ടിനിരത്തിയത്. ചരിത്രത്തില്‍ കൈകടത്തി ചരിത്രപുരുഷന്‍മാരെ അപമാനിക്കാനുള്ള ശ്രമം ചെറുത്തു തോല്‍പ്പിക്കേണ്ടതാണ്,” നേതാക്കള്‍ പറഞ്ഞു.