World News
യസീദികള്‍ക്ക് ഇനി പുതിയ പുരോഹിതന്‍
ബാഗ്ദാദ്: ഇറാഖിലെ ന്യൂനപക്ഷ വിഭാഗമായ യസീദി വിഭാഗത്തില്‍ പുതിയ മതപുരോഹിതനെ പ്രഖ്യാപിച്ചു. അലി അല്യാസിനെയാണ് പുതിയ യസീദി പുരോഹിതനായി നിയമിച്ചത്. ബാബ ഷെയ്ഖ് എന്ന പുരോഹിത സ്ഥാനത്തേക്കാണ് ഇദ്ദേഹത്തെ തെരഞ്ഞെടുത്തത്.
പശ്ചിമേഷ്യയിലെ ന്യൂനപക്ഷ വിഭാഗമായ യസീദി വംശജരില്‍ ഭൂരിഭാഗവും കഴിയുന്നത് ഇറാഖിലെ വടക്കന്‍ പ്രദേശമായ സിന്‍ജര്‍ പ്രവിശ്യയിലാണ്.
യസീദികള്‍ക്കിടയില്‍ ഉന്നതകുലജാതരായാണ് പുരോഹിത വിഭാഗം കണക്കാക്കപ്പെടുന്നത്. കര്‍ശനമായ ജാതി വ്യവസ്ഥ ഇവര്‍ ഇക്കാര്യത്തില്‍ പുലര്‍ത്തുന്നുണ്ട്. ഇപ്പോള്‍ തെരഞ്ഞെടുക്കപ്പെട്ട അല്യാസിന്റെ പിതാവും ബാബാ ഷെയ്ഖ് സ്ഥാനം വഹിച്ചിരുന്നു.
മുന്‍ ബാബാ ഷെയ്ഖ് ആയിരുന്ന ഖുര്‍ട്ടോ ഹജ്ജ് ഇസ്മയില്‍ (87) ഒക്ടോബറില്‍ മരിച്ചതിനെ തുടര്‍ന്നാണ് അല്യാസ് സ്ഥാനമേല്‍ക്കുന്നത്.
അതേസമയം പുതിയ പുരോഹിതനെ തെരഞ്ഞെടുത്തതില്‍ യസീദി വിഭാഗക്കാരില്‍ ചിലര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. തങ്ങളുടെ വിഭാഗത്തിലെ ന്യൂനപക്ഷ ഗോത്രങ്ങളോടും മറ്റ് പ്രമുഖ വ്യക്തികളോടും ആലോചിക്കാതെയാണ് തീരുമാനമെടുത്തതെന്നാണ് ചിലര്‍ ഉയര്‍ത്തുന്ന ആക്ഷേപം. മരണപ്പെട്ട ബാബ ഷെയ്ഖ് ഇസ്മയിലിന്റെ മകനെ ബാബ ഷെയ്ഖ് ആക്കണമെന്ന ആവശ്യം ചിലര്‍ ഉന്നയിച്ചിരുന്നു.
യസീദികള്‍ ഏകദൈവ വിശ്വാസികളാണെങ്കിലും ലോകത്തെ ദൈവം ഏഴ് മാലാഖമാരുടെ കൈയ്യില്‍ ഏല്‍പ്പിച്ചതാണെന്നാണ് ഇവരുടെ വിശ്വാസം. എന്നാല്‍ യസീദികള്‍ ചെകുത്താന്‍ സേവ നടത്തുന്നവരാണെന്നാണ് മറ്റു മതവിഭാഗങ്ങളിലെ ചിലര്‍ ഇവര്‍ക്കെതിരെ ഉന്നയിക്കുന്ന ആരോപണം. പൊതുവെ മുസ്‌ലിം, ക്രിസ്ത്യന്‍ വിഭാഗത്തിലെ യാഥാസ്ഥിതികര്‍ക്ക് യസീദി വിഭാഗത്തോട് വലിയ താല്‍പര്യമില്ല.
തങ്ങളുടെ വിശ്വാസം പിന്തുടരുന്നവരെ മാത്രമേ വിവാഹം കഴിക്കാവൂ എന്ന് യസിദി വിഭാഗം നിഷ്‌കര്‍ഷിക്കുന്നുണ്ട്. ഒപ്പം മതപരിവര്‍ത്തനവും ഇവര്‍ അംഗീകരിക്കുന്നില്ല. മറ്റു മതക്കാര്‍ക്ക് യസീദി മതത്തിലേക്ക് മാറാന്‍ പറ്റില്ല. യസീദി മതം ഉപേക്ഷിക്കുന്നവരെ ഇവര്‍ പുറത്താക്കുകയും ചെയ്യും.
ലോകത്താകെ 15 ദശലക്ഷം യസീദികള്‍ ഉണ്ടെന്നാണ് കണക്ക്. ഇതില്‍ 550,000 പേര്‍ ഇറാഖിലെ സിന്‍ജര്‍ പ്രവിശ്യയിലാണ് കഴിയുന്നത്.
2014 ല്‍ ഐ.എസ് ഗ്രൂപ്പുകള്‍ ഈ മേഖല പിടിച്ചെടുത്തിനു ശേഷം ഈ വിഭാഗക്കാരെ വംശഹത്യ ചെയ്യാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. ആയിരക്കണക്കിന് യസീദികളെ ഐ.എസ് ഗ്രൂപ്പുകള്‍ കൊലപ്പെടുത്തിയിട്ടുണ്ട്. യസീദി പുരുഷന്‍മാരെ കൊലപ്പെടുത്തുകയും സ്ത്രീകളെ ലൈംഗിക അടിമകളാക്കുകയായിരുന്നു. ഐ.എസ് ആധിപത്യം അവസാനിച്ചതോടെ ഇവരില്‍ പല സ്ത്രീകളെയും രക്ഷിക്കാനായിട്ടുണ്ട്.