ഇറാനി കപ്പില്‍ തീയായി രാജസ്ഥാന്‍ റോയല്‍സിന്റെ യുവതാരം യശസ്വി ജെയ്‌സ്വാള്‍. മധ്യപ്രദേശിനെതിരായ മത്സരത്തില്‍ റെസ്റ്റ് ഓഫ് ഇന്ത്യക്ക് വേണ്ടി ഇരട്ട സെഞ്ച്വറി തികച്ചുകൊണ്ടാണ് ജെയ്‌സ്വാള്‍ തരംഗമായത്. താരത്തിന്റെ കരിയറിലെ മൂന്നാം ഫസ്റ്റ് ക്ലാസ് ഡബിള്‍ സെഞ്ച്വറിയാണിത്.
259 പന്തില്‍ നിന്നും 30 ഫോറിന്റെയും മൂന്ന് സിക്‌സറിന്റെയും അകമ്പടിയോടെ 213 റണ്‍സാണ് താരം നേടിയത്. 82.23 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു ജെയ്‌സ്വാള്‍ റണ്ണടിച്ചുകൂട്ടിയത്.
ജെയ്‌സ്വാളിന്റെ ഓരോ നേട്ടങ്ങളും രാജസ്ഥാന്‍ റോയല്‍സ് എണ്ണിയെണ്ണി പറഞ്ഞുകൊണ്ട് ആരാധകരെ ആവേശത്തിലാഴ്ത്തുന്നുണ്ട്.
ടോസ് നേടിയ ബാറ്റിങ് തെരഞ്ഞെടുത്ത റെസ്റ്റ് ഓഫ് ഇന്ത്യ നായകന്‍ മായങ്ക് അഗര്‍വാള്‍ പെട്ടെന്ന് കൂടാരം കയറി. ടീം സ്‌കോര്‍ ഏഴില്‍ നില്‍ക്കവെ 11 പന്തില്‍ നിന്നും രണ്ട് റണ്‍സുമായിരുന്നു അഗര്‍വാളിന്റെ മടക്കം.
എന്നാല്‍ ഓപ്പണറായ അഭിമന്യു ഈശ്വരനൊപ്പം മൂന്നാമനായി യശസ്വി ജെയ്‌സ്വാള്‍ കൂടി ചേര്‍ന്നതോടെ കളി മാറി. ഏഴ് റണ്‍സില്‍ ആരംഭിച്ച കൂട്ടുകെട്ട് അവസാനിച്ചത്. 85ാം ഓവറിലെ നാലാം പന്തില്‍ 378 റണ്‍സിനാണ്. ജയ്‌സ്വാളിനെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് ആവേശ് ഖാന്‍ മടക്കിയത്.
തൊട്ടടുത്ത പന്തില്‍ തന്നെ അഭിമന്യു ഈശ്വരനും പുറത്തായി. റണ്‍ ഔട്ടായിട്ടായിരുന്നു അഭിമന്യു ഈശ്വരന്റെ മടക്കം. 240 പന്തില്‍ നന്നും 17 ബൗണ്ടറിയുടെയും രണ്ട് സിക്‌സറിന്റെയും അകമ്പടിയോടെയാണ് താരം 154 റണ്‍സ് നേടിയത്.
ആദ്യദിനം കളിയവസാനിക്കുമ്പോള്‍ റെസ്റ്റ് ഓഫ് ഇന്ത്യ 87 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 381 റണ്‍സാണ് നേടിയത്. എട്ട് പന്ത് നേരിട്ട് റണ്ണൊന്നുമടെുക്കാതെ സൗരഭ് കുമാറും ആറ് പന്തില്‍ നിന്നും മൂന്ന് റണ്‍സുമായി ബാബ ഇന്ദ്രജിത്തുമാണ് റെസ്റ്റ് ഓഫ് ഇന്ത്യക്കായി ബാറ്റിങ് തുടരുന്നത്.
മധ്യപ്രദേശിനായി നാല് മെയ്ഡന്‍ ഉള്‍പ്പെടെ 16 ഓവര്‍ പന്തെറിഞ്ഞ് രണ്ട് വിക്കറ്റ് വീഴ്ത്തിയ ആവേശ് ഖാന് മാത്രമേ ബൗളിങ്ങില്‍ തിളങ്ങാന്‍ സാധിച്ചിരുന്നുള്ളൂ.
ഇറാനി കപ്പില്‍ ബാറ്റിങ്ങില്‍ മാത്രമല്ല, ബൗളിങ്ങിലും രാജസ്ഥാന്‍ റോയല്‍സ് പ്രതീക്ഷ വെച്ചുപുലര്‍ത്തുന്നുണ്ട്. യുവതാരം നവ്ദീപ് സെയ്‌നിയും മധ്യപ്രദേശിനെതിരായ മത്സരത്തില്‍ റെസ്റ്റ് ഓഫ് ഇന്ത്യയുടെ ഭാഗമാണ്.
ഇതിന് പുറമെ രാജസ്ഥാന്‍ റോയല്‍സിന്റെ ധ്രുവ് ജുറെലും മറ്റൊരു മത്സരത്തില്‍ തിളങ്ങിയിരുന്നു. എംപ്രസ് ക്രിക്കറ്റ് ലീഗില്‍ മിനര്‍വ അക്കാദമിക്കെതിരെ 61 പന്തില്‍ നിന്നും 267.21 എന്ന സ്‌ട്രൈക്ക് റേറ്റില്‍ 163 റണ്‍സാണ് ജുറൈല്‍ സ്വന്തമാക്കിയത്.