ജനുവരിയില്‍ സൗദി അറേബ്യന്‍ ലീഗായ അല്‍ നസറിലേക്ക് ചേക്കേറിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ തീരുമാനത്തില്‍ അഭിപ്രായം അറിയിച്ചെത്തിയിരിക്കുകയാണ് ബാഴ്‌സലോണ കോച്ച് സാവി ഹെര്‍ണാണ്ടസ്.
അല്‍ നസറില്‍ റൊണാള്‍ഡോക്ക് വെല്ലുവിളികള്‍ നേരിടേണ്ടി വരുമെന്നും സൗദി ലീഗിന്റെ ഏതാനും ക്ലബ്ബുകള്‍ക്കെതിരെ കളിച്ചതിന്റെ അനുഭവത്തിലാണ് താനിത് എടുത്തുകാട്ടുന്നതെന്നും സാവി പറഞ്ഞു.
‘സൗദി അറേബ്യയിലെ മികച്ച ക്ലബ്ബില്‍ തന്നെയാണ് റോണോ എത്തിയിരിക്കുന്നത്. പക്ഷേ, അത് വലിയ വെല്ലുവിളിയായിരിക്കും. ഈ ലീഗ് വളരെ സങ്കീര്‍ണതകള്‍ നിറഞ്ഞതാണ്. ഞാന്‍ അല്‍ സദ്ദില്‍ പരിശീലകനായപ്പോള്‍ അവരുടെ പല ക്ലബ്ബുകളുമായും ഏറ്റുമുട്ടിയിട്ടുണ്ട്. അതൊരു വലിയ വെല്ലുവിളിയാകും,’ സാവി വ്യക്തമാക്കി.
സൗദി അറേബ്യന്‍ ക്ലബ്ബിലെത്തിയതിന് ശേഷം റൊണാള്‍ഡോ ഇതുവരെ മത്സരത്തിനിറങ്ങിയിരുന്നില്ല. താരം അല്‍നസറില്‍ പരിശീലനം നടത്തുന്ന വീഡിയോസ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
ജനുവരി 19ന് പി.എസ്ജി.ക്കെതിരെ നടക്കുന്ന മത്സരമാകും അല്‍ നസറിലെ റൊണാള്‍ഡോയുടെ അരങ്ങേറ്റ മത്സരമെന്നാണ് പ്രതീക്ഷിക്കുന്നത്. അല്‍ നസ്‌റിലെത്തിയെങ്കിലും ഇംഗ്ലണ്ട് ഫുട്‌ബോള്‍ അസോസിയേഷന്‍ (എഫ്.എ) ഏര്‍പ്പെടുത്തിയ രണ്ട് മത്സര വിലക്കുള്ളതിനാലാണ് റൊണാള്‍ഡോയുടെ അരങ്ങേറ്റം വൈകിപ്പിച്ചത്.
സൗദി പ്രോ ലീഗില്‍ 14ന് അല്‍ ഷബാബിനെതിരെ നടക്കുന്ന മത്സരത്തിലും റൊണാള്‍ഡോ കളിക്കില്ലെന്ന് അല്‍ നസര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എത്തിഫാഖിനെതിരെ നടക്കുന്ന മത്സരത്തിലാകും റൊണാള്‍ഡോ അല്‍ നസര്‍ ജേഴ്‌സിയില്‍ ഇറങ്ങുക എന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ പി.എസ്.ജിക്കെതിരായ മത്സരത്തില്‍ തന്നെ അല്‍ നസര്‍ റൊണാള്‍ഡോയെ കളിപ്പിച്ചേക്കുമെന്നാണ് അല്‍ നസര്‍ പരിശീലകന്‍ റൂഡി ഗാര്‍ഷ്യ അറിയിച്ചത്.
റിയാദിലെ മര്‍സൂല്‍ പാര്‍ക്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന ‘റിയാദ് സീസണ്‍’ സൗഹൃദ ടൂര്‍ണമെന്റിലാണ് പി.എസ്.ജിയും അല്‍ നസറും കളിക്കുക.
സൗദിയിലെ രണ്ട് പ്രമുഖ ക്ലബുകളായ അല്‍-നസറിന്റെയും അല്‍-ഹിലാലിന്റെയും ഏറ്റവും മുന്‍നിര താരങ്ങള്‍ അടങ്ങുന്ന ടീമായിരിക്കും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പിന്നില്‍ അണിനിരക്കുക.
പ്രതിവര്‍ഷം 200 മില്യണ്‍ യൂറോ പ്രതിഫലം ലഭിക്കുന്ന ഓഫറാണ് താരത്തിന് അല്‍ നസര്‍ നല്‍കിയിരിക്കുന്നത്. കളിക്കാരനെന്ന നിലയില്‍ കരാര്‍ അവസാനിച്ചാല്‍ ടീമിന്റെ പരിശീലകനാവാനും റൊണാള്‍ഡോക്ക് കഴിയും.