തൃശൂര്‍: ‘സ്ത്രീ ശക്തി മോദിക്കൊപ്പം’ പരിപാടിയുടെ വേദിയിലെത്തിയ നടി ശോഭനയെ വിമര്‍ശിച്ച് എഴുത്തുകാരി ശാരദക്കുട്ടി. ലഭിക്കുന്ന വേദികളെ രാഷ്ട്രീയ ഇടമായല്ല, കലാകാരി എന്ന നിലയില്‍ കിട്ടുന്ന വേദി ആയി മാത്രമാണ് അവര്‍ കാണുന്നതെന്ന് ശാരദക്കുട്ടി പറഞ്ഞു. നവകേരള സദസിന്റെ ഭാഗമായ കേരളീയത്തെയും മോദി വേദിയെയും അവര്‍ ഒരു പോലെ കാണുന്നത് രാഷ്ട്രീയ അജ്ഞത കൊണ്ടാണെന്നും ശാരദക്കുട്ടി പറഞ്ഞു. നാളെ ഗവര്‍ണറുടെ വേദിയിലും കോണ്‍ഗ്രസിന്റെ വേദിയിലും അവരെത്തുമെന്നും മല്ലികാ സാരാഭായിയെ പോലെയോ ഷബാന ആസ്മിയെ പോലെയോ രാഷ്ട്രീയ ചിന്തകളുള്ള ഒരു വ്യക്തിയല്ല ശോഭന എന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ശാരദക്കുട്ടി പറഞ്ഞു.
‘നൃത്തവും സിനിമയും അല്ലാതെ മറ്റൊന്നിനെ കുറിച്ചും ശോഭന ഇന്നുവരെ സംസാരിച്ചു കേട്ടിട്ടില്ല. നീണ്ട അഭിമുഖങ്ങളില്‍ പോലും അവര്‍ കലാജീവിതമല്ലാതെ വ്യക്തിപരമായതൊന്നും വെളിപ്പെടുത്താറില്ല. മറ്റൊന്നും അവര്‍ ശ്രദ്ധിക്കുന്നതായി തോന്നിയിട്ടില്ല.
അവരുടെ വേദികള്‍, രാഷ്ട്രീയ ഇടമായല്ല, കലാകാരി എന്ന നിലയില്‍ കിട്ടുന്ന വേദി ആയി മാത്രമാണ് അവര്‍ കാണുന്നത്. നവകേരള സദസിന്റെ ഭാഗമായ കേരളീയത്തെയും മോദി വേദിയെയും അവര്‍ ഒരുപോലെ കാണുന്നത് അതുകൊണ്ടാണ്, രാഷ്ട്രീയ അജ്ഞതയാണത്. മോദിയെ കുറിച്ചും പിണറായിയെ കുറിച്ചും രാഹുല്‍ ഗാന്ധിയെ കുറിച്ചും എഴുതിക്കൊടുക്കുന്നത് അവര്‍ പറയും. രാഷ്ട്രീയ ബോധത്തില്‍ അതാണ് അവരുടെ നില. നില മാത്രമാണത്, നിലപാടല്ല.
നാളെ ഗവര്‍ണറുടെ വേദിയിലും കോണ്‍ഗ്രസിന്റെ വേദിയിലും അവരെത്തും, അവരുടെ നിലക്കൊത്ത ചെലവുകള്‍ വഹിക്കാന്‍ സംഘാടകര്‍ തയ്യാറെങ്കില്‍. എഴുതിക്കൊണ്ടുവന്ന പ്രസംഗം അവര്‍ തപ്പിയും തടഞ്ഞും വായിക്കും. അവരുടെ സംഘി ചായ്‌വ് എന്നൊക്കെ ഇതിനെ പെരുപ്പിച്ചാലും അവരിത് അറിയാനോ ശ്രദ്ധിക്കാനോ പോകുന്നില്ല. ശ്രദ്ധിച്ചാലും പതിവ് ഐ ഡോണ്ട് കെയര്‍ ഭാവമായിരിക്കും അവരുടേത്. എന്നെ ഒന്നും ബാധിക്കില്ല എന്നൊരു മട്ട് ആ സ്വയംപ്രഖ്യാപിത ഇരിപ്പിലും നടപ്പിലുമുണ്ട്.
മല്ലികാ സാരാഭായിയെ പോലെയോ ഷബാന ആസ്മിയെ പോലെയോ രാഷ്ട്രീയ ചിന്തകളുള്ള ഒരു വ്യക്തിയല്ല ശോഭന. ബി.ജെ.പി സമ്മേളനത്തില്‍ പങ്കെടുക്കില്ല എന്ന തീരുമാനമെടുക്കാന്‍ മാത്രമൊന്നുമുള്ള രാഷ്ട്രീയബോധമില്ലാത്ത ഒരാളെ കുറിച്ചും അവര്‍ വായിച്ചു തീര്‍ത്ത ഒരു കുറിപ്പിനെ കുറിച്ചും ഇത്ര ബേജാറാകേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല. ശോഭനയെ സംഘിയാക്കിയാല്‍ ശോഭനക്കൊന്നുമില്ല, സംഘികള്‍ക്കതു ഗുണം ചെയ്യുമെന്നു മാത്രം,’ ശാരദക്കുട്ടി കുറിച്ചു.
മോദിയുടെ നേതൃത്വത്തെ പ്രതീക്ഷയോടെ കാണുന്നുവെന്നാണ് കഴിഞ്ഞ ദിവസം വേദിയില്‍ വെച്ച് ശോഭന പറഞ്ഞത്. സ്ത്രീകളെ ദേവതമാരായി ആരാധിക്കുന്നതാണ് നമ്മുടെ പാരമ്പര്യമെങ്കിലും പലയിടത്തും അവരെ അടിച്ചമര്‍ത്തുന്നതായി കാണാം. എല്ലാ മേഖലകളിലും ഇന്നും സ്ത്രീകളുടെ പങ്കാളിത്തം കുറവാണ്. അതിന് ഒരു മാറ്റം ഉണ്ടാകാന്‍ വനിതാ സംവരണ ബില്ലിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു ശകുന്തളാ ദേവിയും ഒരു കല്‍പ്പന ചൗളയും ഒരു കിരണ്‍ ബേദിയും മാത്രമാണ് നമുക്കുള്ളത്. എല്ലാ മേഖലകളിലും ഇന്നും സ്ത്രീകളുടെ പങ്കാളിത്തം കുറവാണ്. വനിതാ സംവരണ ബില്‍ പാസാക്കിയ പ്രധാനമന്ത്രി മോദിക്ക് നന്ദി പ്രകാശിപ്പിക്കുന്നുവെന്നും ഇത്രമാത്രം സ്ത്രീകളെ തന്റെ ജീവിതത്തില്‍ ആദ്യമായാണ് കാണുന്നതെന്നും ശോഭന പറഞ്ഞു.
Content Highlight: Writer Saradakutty criticized actress Shobhana who came to the stage of Narendra Modi’s program