'സുഗ്ഗുണ്ടയിമൊരു സെരിയുണ്ട്'; ബ്രില്യന്‍സ് നിറച്ച മലപ്പുറത്തിന്റെ ബര്‍ത്താനം
Film News
'സുഗ്ഗുണ്ടയിമൊരു സെരിയുണ്ട്'; ബ്രില്യന്‍സ് നിറച്ച മലപ്പുറത്തിന്റെ ബര്‍ത്താനം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 21st August 2022, 6:02 pm

വസീം എന്ന ചെറുപ്പക്കാരന്റെ 20 വയസുമുതലുള്ള കഥ എന്നതിലുപരി ഒരു ദേശത്തിന്റെ സംസ്‌കാരം തന്നെ ആവാഹിച്ച സിനിമ. അതാണ് തല്ലുമാലയെ വേറിട്ട് നിര്‍ത്തുന്നത്. മലപ്പുറത്തെ സാധാരണ ചെറുപ്പക്കാരുടെ ജീവിതവും സ്ലാങ്ങും ചെറുപ്പത്തിന്റെ ചോരത്തിളപ്പുമെല്ലാം അതിന്റെ പാകത്തിന് ചേര്‍ത്ത് രൂപപ്പെടുത്തിയെടുത്ത അഡാറ് ഐറ്റമാണ് തല്ലുമാല.

പാട്ടിലും സ്ലാങ് പിടിച്ചതാണ് തല്ലുമാലയെ പ്രേക്ഷകന് കൂടുതല്‍ പ്രിയപ്പെട്ടതാക്കുന്നത്. ഓളെ മെലഡിയും കണ്ണില്‍ പെട്ടോളെയും തുപാത്തുവുമൊക്കെ മലപ്പുറത്തിന്റെ പള്‍സ് അറിഞ്ഞാണ് മുഹ്‌സിന്‍ പരാരി എഴുതിയത്.

ഇക്കൂട്ടത്തില്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഭരിക്കുന്നത് മണവാളന്‍ തഗ്ഗാണ്. ഗായകന്‍ ദബ്‌സിയാണ് പാട്ടിന്റെ വരികള്‍ എഴുതി പാടിയിരിക്കുന്നത്.

‘എല്ലാരും ചൊല്ലതണതല്ലിവന്‍ കജ്ജൂക്കുള്ളൊരു കാര്യക്കാരന്‍’ എന്ന് തുടങ്ങി, ഒരു പക്ഷേ മറ്റ് ദേശക്കാര്‍ക്ക് മനസിലാകാത്ത സ്ലാങ്ങിലൂടെയാണ് പാട്ടിന്റെ വരികള്‍ കടന്നുപോകുന്നത്. എങ്കിലും പാട്ടിന്റെ വൈബ് കണക്റ്റായതുകൊണ്ട് തന്നെയാണ് മണവാളന്‍ തഗ്ഗ് ഹിറ്റായത്. ചിലര്‍ക്കെങ്കിലും ആദ്യം ഇറിറ്റേറ്റഡാവുകയും പിന്നെ അഡിക്റ്റാവുകയും ചെയ്യുന്ന ഒരു മാജിക് ഈ പാട്ടിലുണ്ട്.

മണവാളന്‍ വസീമിനെ പറ്റി എഴുതിയ പാട്ടിലെ ‘സുഗുണ്ടയിനൊരു സെരിയുണ്ട്’ എന്ന വരി കൊണ്ട് നൈക്ക് ഷൂവിനെയാണ് ഉദ്ദേശിക്കുന്നത്. വസീമിന്റെ കജ്ജില്‍ കളികള്‍ വേറെയുണ്ട്. യൂട്യൂബില്‍ ട്രെന്‍ഡിങ് നമ്പര്‍ വണ്ണായി തുടരുകയാണ് മണവാളന്‍ തഗ്ഗ്. കൂടാതെ റീല്‍സിലും വൈറലാണ് പാട്ട്.

നാട്ടില്‍ മൊത്തം തല്ലുപിടിയുമായി നടക്കുന്ന, ഇടവിട്ട് രണ്ടെണ്ണം വീശുന്ന, എന്നാലും ഒറ്റ ജുമുഅ മിസ്സാക്കാത്ത ജംഷിമാരേയും വസീമുമാരേയും മലപ്പുറത്തിന്റെ തെരുവുകളിലും ഇടവഴികളിലും കാണാനാവും. ഇത്ര ജെനുവിനായി മുസ്‌ലിം കള്‍ച്ചറിന്റെ ബാക്ക്ഗ്രൗണ്ടില്‍ കഥ പറയാന്‍ ശ്രമിച്ച തല്ലുമാല ടീമിന് അഭിനന്ദനങ്ങള്‍ ഉയരുകയാണ്.

Content Highlight: -write-about-the-manavalan-thug-song-in-thallumaala