വാഷിങ്ടൺ: ലോകമെമ്പാടുമുള്ള ഭൗമ-രാഷ്ട്രീയ തർക്കങ്ങളിലും സംഘർഷങ്ങളിലും ലോകരാജ്യങ്ങൾ യു.എസിന്റെ നയതന്ത്ര ഇടപെടലുകൾ ആഗ്രഹിക്കുന്നുവെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ.
സ്വിറ്റ്സർലാൻഡിൽ നടക്കുന്ന വേൾഡ് എകണോമിക് ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
ഇസ്രഈൽ-ഹമാസ് യുദ്ധം പോലെയുള്ള ആഗോള വെല്ലുവിളികൾ പരിഹരിക്കുന്നതിൽ യു.എസ് അതിന്റെ ഭൗമ-രാഷ്ട്രീയ പങ്കാളിത്തം പുനർവിചിന്തനം ചെയ്യേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
ധാരാളം സർക്കാരുകൾ യു.എസിനെ പരിഹാരങ്ങൾക്കുള്ള താക്കോലായിട്ടാണ് കാണുന്നത് എന്നും ബ്ലിങ്കൻ അവകാശപ്പെട്ടു.
‘എല്ലാ രാജ്യത്ത് നിന്നും ഞാൻ കേൾക്കുന്നുണ്ട്. അവർക്ക് യു.എസിനെ വേണം. ഞങ്ങളുടെ സാന്നിധ്യം അവർ ആഗ്രഹിക്കുന്നു. ചർച്ചകളിൽ അവർക്ക് ഞങ്ങളെ വേണം. ഞങ്ങൾ നയിക്കണമെന്ന് അവർ ആഗ്രഹിക്കുന്നു,’ അദ്ദേഹം പറഞ്ഞു.
ഒരു പ്രധാന പ്രശ്നം പരിഹരിക്കുന്നതിൽ യു.എസ് പരാജയപ്പെട്ടാൽ, ഒന്നുകിൽ യു.എസിന് ദോഷകരമായ രീതിയിൽ മറ്റേതെങ്കിലും രാഷ്ട്രം അത് കൈകാര്യം ചെയ്യുമെന്നും അല്ലെങ്കിൽ ആരും ഇടപെടില്ല എന്നും ബ്ലിങ്കൻ ഫോറത്തിൽ പറഞ്ഞു.
ഗസയിലെ യു.എസ് ഇടപെടൽ സിവിലിയന്മാർക്കെതിരെയുള്ള അപകടങ്ങൾ ലഘൂകരിച്ചുവെന്നും ഗസയിലേക്ക് കൂടുതൽ മാനുഷിക സഹായം ലഭ്യമാകാൻ കാരണമായെന്നും ബ്ലിങ്കൻ അവകാശപ്പെട്ടു.
Content Highlight: World wants more US intervention – Washington