Advertisement
Entertainment
ആ സംവിധായകന് എന്നോട് പ്രത്യേക ഇഷ്ടമുള്ളതായി തോന്നിയിട്ടില്ല: കലാഭവന്‍ ഷാജോണ്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 14, 04:43 pm
Friday, 14th March 2025, 10:13 pm

മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ് കലാഭവന്‍ ഷാജോണ്‍. മിമിക്രിയിലൂടെയാണ് അദ്ദേഹം സിനിമ രംഗത്തെത്തിയത്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയും നര്‍മം നിറഞ്ഞ വേഷങ്ങളിലൂടെയും മലയാള സിനിമയില്‍ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടിരുന്നു.

ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം സിനിമയിലെ സഹദേവന്‍ എന്ന കഥാപാത്രത്തിലൂടെ തനിക്ക് സീരിയസ് റോളുകളും ചെയ്യാന്‍ കഴിയുമെന്ന് ഷാജോണ്‍ തെളിയിച്ചത്. ജീത്തു ജോസഫിന്റ തന്നെ മൈ ബോസ് ചിത്രത്തിലെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ ജീത്തു ജോസഫ് എന്ന സംവിധായകന് പ്രത്യേക ഇഷ്ടമുള്ള വ്യക്തിയാണോ താന്‍ എന്ന ചോദ്യത്തിനോട് പ്രതികരിക്കുകയാണ് കലാഭവന്‍ ഷാജോണ്‍.

അദ്ദേഹത്തിന് എന്നോട് പ്രത്യേക ഇഷ്ടമുള്ളതായി തോന്നിയിട്ടില്ലെന്നും അങ്ങനെയാണെങ്കില്‍ ജീത്തു ജോസഫ് എന്നെ എല്ലാ സിനിമയിലും വിളിക്കേണ്ടതാണെന്നും ദൃശ്യത്തിന് ശേഷം എന്നെ വിളിച്ചിട്ടില്ലെന്നും ഷാജോണ്‍ പറയുന്നു. ആവശ്യമില്ലാതെ അദ്ദേഹത്തെ വിളിക്കുകയോ, ഒരുപാട് പുകഴ്ത്തി സംസാരിക്കുകയോ ചെയ്യുന്നത് ഇഷ്ടമില്ലയെന്നാണ് ജീത്തു ജോസഫ് എന്ന ഫിലിം മേക്കറിനെ കുറിച്ച് താന്‍ മനസില്ലാക്കിയതെന്നും അദ്ദേഹം പറയുന്നു.

‘ജീത്തു ജോസഫിന് എന്നോടങ്ങനെ പ്രത്യേക ഇഷ്ടമുണ്ടെന്ന് തോന്നിയിട്ടില്ല. അങ്ങനെയുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ എല്ലാ സിനിമയിലും എന്നെ വിളിക്കണമല്ലോ. ദൃശ്യം കഴിഞ്ഞിട്ട് അങ്ങനെ വിളിച്ചിട്ടില്ല. ഞാനും അദ്ദേഹത്തോട് ആ കാര്യം ചോദിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ആവശ്യമുണ്ടെങ്കിലെ അദ്ദേഹം വിളുക്കുകയുള്ളു.

ഞാന്‍ ജീത്തു ജോസഫ് എന്ന ഫിലിംമേക്കറിനെ മനസിലാക്കിയത്, ആവശ്യമില്ലാതെ ഒരു ഫോണ്‍ കോള്‍ ചെയ്യുന്നതോ, ആവശ്യമില്ലാതെ അദ്ദേഹത്തിനെ പുകഴ്ത്തി സംസാരിക്കുന്നതോ, അദ്ദേഹത്തെ പോയികാണുന്നതോ ഇഷ്ടമില്ലാത്ത ഒരാളായിട്ടാണ്. പണ്ടുമുതലേ അദ്ദേഹത്തെ എനിക്കറിയുന്നതാണ്. മൈ ബോസിലാണ് ഞാന്‍ അദ്ദേഹത്തെ പരിചയപ്പെടുന്നതും ഒരുമിച്ച് വര്‍ക്ക് ചെയ്യുന്നതും.

സിനിമയില്‍ നിന്ന് ഞാന്‍ കേട്ടിടുണ്ട്, ഇടക്കിടക്ക് നമ്മള്‍ കോണ്‍ടാക്റ്റ് ചെയ്യുതുകൊണ്ടിരിക്കണം അല്ലെങ്കില്‍ അവര്‍ നമ്മളെ മറന്ന് പോകുമെന്ന്. ഇടക്കൊകെ വിളിച്ച് സംസാരിക്കണം. എങ്കിലെ നമ്മുക്ക് സിനിമയില്‍ പിന്നെയും വേഷം കിട്ടുകയുള്ളു എന്ന് ഞാന്‍ പറഞ്ഞുകേട്ടിട്ടുണ്ട്.

മൈ ബോസ് സിനിമ കഴിഞ്ഞ് ഞാനിടക്കിടെ വിളിച്ചപ്പോള്‍ ജീത്തു തന്നെ പറഞ്ഞു ഇങ്ങനെ അടുപ്പിച്ച് വിളിക്കണമെന്നില്ല, ഷാജോണെ എന്തെങ്കിലും വേഷമുണ്ടെങ്കില്‍ ഞാന്‍ അങ്ങോട്ട് അറിയിക്കാമെന്ന് പറഞ്ഞു,’കലാഭവന്‍ ഷാജോണ്‍ പറഞ്ഞു.

Content highlight: Kalabhavan Shajon talks about Jeethu Joseph