national news
തലവേദന മാറാന്‍ 'അടി ചികിത്സ'; ആള്‍ദൈവത്തിന്റെ അടിയേറ്റ യുവതി മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Dec 13, 03:07 am
Monday, 13th December 2021, 8:37 am

ബെംഗളൂരു: തലവേദന മാറ്റാന്‍ ആള്‍ദൈവം തലയില്‍ വടികൊണ്ടടിച്ച യുവതി മരിച്ചു. 37കാരിയായ പാര്‍വതിയാണ് മരിച്ചത്. കര്‍ണാടക ഹാസന്‍ ജില്ലയിലെ ബെക്ക സ്വദേശിയായ മനു(42)വിനെതിരെ പൊലീസ് കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്. ഇയാള്‍ ഒളിവിലാണ്.

മരിച്ച പാര്‍വതിയുടെ മകള്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്. കനത്ത തലവേദനയെ തുടര്‍ന്ന് പല ആശുപത്രികളില്‍ ചികിത്സിച്ചെങ്കിലും രോഗത്തിന്റെ കൃത്യമായ കാരണം കണ്ടെത്താനായിരുന്നില്ല.

തുടര്‍ന്ന് ഒരു ബന്ധുവിന്റെ നിര്‍ദേശപ്രകാരമാണ് ഹാസനിലെ ബെക്ക ഗ്രാമത്തിലെ ആള്‍ദൈവത്തിന് സമീപം എത്തിയത്.

ആദ്യദിവസം പാര്‍വതിയുടെ പക്കല്‍ നാരങ്ങ കൊടുത്ത് പിറ്റേദിവസം വരാനായിരുന്നു ആള്‍ദൈവമായ മനു പറഞ്ഞത്. പിറ്റേന്ന് പാര്‍വതിയും സുഹൃത്തുക്കളും ചികിത്സയ്‌ക്കെത്തിയപ്പോള്‍ മനു വടി കൊണ്ട് തലയിലും ദേഹത്തും അടിക്കുകയായിരുന്നു.

തലവേദന മാറാനാണ് അടിക്കുന്നതെന്നായിരുന്നു ഇായാളുടെ വാദം. എന്നാല്‍, അടികൊണ്ട പാര്‍വതി കുഴഞ്ഞ് വീഴുകയായിരുന്നു. ഇവരെ ഉടന്‍ തന്നെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Woman dies after godman tries to cure headache