ന്യൂദല്‍ഹി: ദല്‍ഹിയില്‍ കശ്മീരി യുവതിയെ തീവ്രവാദിയെന്ന് വിളിച്ചധിക്ഷേപിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതായി പരാതി. സൗത്ത് ദല്‍ഹിയിലെ കൈലാഷ് പ്രദേശത്ത് വാടകയ്ക്ക് താമസിക്കുന്ന യുവതിയെയാണ് വീട്ടുടമസ്ഥ തീവ്രവാദിയെന്ന് വിളിച്ചത്. വാടകയുടെ പേരില്‍ നടന്ന തര്‍ക്കത്തിലാണ് യുവതിയ്ക്ക് നേരെ ആക്രമണം നടന്നത്.
വീട്ടുടമസ്ഥയോടൊപ്പം ഒരു പുരുഷനുമുണ്ടായിരുന്നുവെന്നും ഇയാളാണ് വീട്ടിലേക്ക് അതിക്രമിച്ച് കയറി സാധനങ്ങള്‍ നശിപ്പിച്ചതെന്നും യുവതി പൊലീസിനോട് പറഞ്ഞു. ആക്രമണം സംബന്ധിച്ച വിവരങ്ങള്‍ യുവതി ട്വിറ്ററിലിട്ടതോടെയാണ് വിവരം പുറത്തറിഞ്ഞത്.
‘വീട്ടിലേക്ക് അതിക്രമിച്ചെത്തിയ അവര്‍ ഞങ്ങളുടെ വീട്ടുസാധനങ്ങള്‍ നശിപ്പിച്ചു. എന്നോടൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളോട് അവര്‍ മോശമായ ഭാഷയില്‍ സംസാരിച്ചു. ഞങ്ങളെല്ലാം കശ്മീരില്‍ നിന്ന് വന്ന തീവ്രവാദികളാണെന്നും’- യുവതി ട്വീറ്റ് ചെയ്തു.
വീട്ടുടമസ്ഥയോടൊപ്പം ഉണ്ടായിരുന്ന പുരുഷന്‍ യുവതിയോട് അപമര്യാദയായി പെരുമാറിയെന്നും പരാതിയില്‍ പറയുന്നു. ഇതേത്തുടര്‍ന്ന് യുവതിയും സുഹൃത്തുക്കളും വീട്ടുടമസ്ഥയ്‌ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്.
സംഭവം വിവാദമയതോടെ യുവതിയ്ക്ക് വേണ്ട എല്ലാ നിയമസഹായങ്ങളും സുരക്ഷയും ഉറപ്പാക്കുമെന്ന് ദല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ പറഞ്ഞു.
ആക്രമണത്തിന് നേതൃത്വം നല്‍കിയ വീട്ടുടമസ്ഥയ്‌ക്കെതിരെ ദല്‍ഹി പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വീട്ടിലേക്ക് അതിക്രമിച്ച് കയറല്‍, യുവതിയ്ക്ക് നേരെ ആക്രമണം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
അതേസമയം യുവതിയ്‌ക്കെതിരെ പരാതിയുമായി വീട്ടുടമസ്ഥയായ തരുണ മഖിജയും രംഗത്തെത്തിയിട്ടുണ്ട്. വാടക കൃത്യമായി യുവതി തന്നില്ലെന്നും തന്റെ വീട്ടില്‍ നിന്നും പല വീട്ടുസാധനങ്ങളും യുവതിയും സുഹൃത്തുക്കളും ചേര്‍ന്ന് മോഷ്ടിച്ചുവെന്നുമാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്. രണ്ടുപേരുടെയും പരാതിയില്‍ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക