ഇടതുപക്ഷത്തോടൊപ്പം തന്നെയെന്ന് പ്രഖ്യാപിച്ച് എന്‍.സി.പി; പാല ചങ്കെന്നും മാണി സി. കാപ്പന്‍
Kerala News
ഇടതുപക്ഷത്തോടൊപ്പം തന്നെയെന്ന് പ്രഖ്യാപിച്ച് എന്‍.സി.പി; പാല ചങ്കെന്നും മാണി സി. കാപ്പന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 14th October 2020, 11:57 am

പാല: ഇടതുപക്ഷത്തോടൊപ്പം തന്നെ മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കി എന്‍.സി.പി. ഇടതുപക്ഷ ജനാധിപത്യമുന്നണി രൂപീകൃതമായ കാലം മുതല്‍ എന്‍.സി.പി ഇടതുപക്ഷത്തോടൊപ്പമാണ്. തുടര്‍ന്നും ഇടതുപക്ഷത്തോടൊപ്പം തന്നെ മുന്നോട്ട് പോകും.

യു.ഡി.എഫിനൊപ്പം എന്‍.സി.പി പോകുമെന്ന വിധത്തില്‍ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. പാലാ സീറ്റുമായി ബന്ധപ്പെട്ട് ചര്‍ച്ച നടന്നിട്ടില്ല. മുന്നണി പ്രവേശനത്തിന് ഒരു ഉപാധിയും വെച്ചിട്ടില്ലെന്നത് കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ. മാണി തന്നെ വ്യക്തമാക്കിയതാണ്. പാല ഞങ്ങളുടെ ചങ്കാണ് അതില്‍ ഒരു മാറ്റവുമില്ലെന്നും മാണി സി. കാപ്പന്‍ വ്യക്തമാക്കി.

ജോസ് കെ. മാണി ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവേശനം പ്രഖ്യാപിച്ചതിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് എല്‍.ഡി.എഫിനൊപ്പം തന്നെ തുടരുമെന്ന് എന്‍.സി.പി വ്യക്തമാക്കിയത്.

യു.ഡി.എഫ് കെ.എം മാണിയെ അപമാനിക്കുകയാണെന്നും മാണി സാറിന്റെ പാര്‍ട്ടിയെ ഇല്ലാതാക്കുക എന്ന അജണ്ടയിലാണ് യു.ഡി.എഫ് പ്രവര്‍ത്തിക്കുന്നതെന്നും ജോസ്.കെ മാണി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.


ആത്മാഭിമാനം അടിയറവ് വെച്ച് ഞങ്ങള്‍ക്ക് മുന്നോട്ട് പോകാന്‍ കഴിയില്ല. പക്ഷേ പല തീരുമാനങ്ങള്‍ എടുക്കേണ്ടതായി വന്നിരിക്കുകയാണ്. കേരള കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നിലപാടോടുകൂടി പാര്‍ട്ടി ഇടതുപക്ഷ ജനാധിപത്യ മുന്നണിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നായിരുന്നു ജോസ് കെ.മാണി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്.

കേരള കോണ്‍ഗ്രസിന്റെ നിലവിലുള്ള രാജ്യസഭ എം.പി സ്ഥാനം രാജിവെക്കുമെന്നും ജോസ്.കെ മാണി അറിയിച്ചിരുന്നു. ശക്തമായ ജനകീയാടിത്തറയുള്ള പാര്‍ട്ടിക്ക് അവകാശമുളളതാണ് ഈ സ്ഥാനമെങ്കിലും ധാര്‍മ്മികതയുടെ പേരില്‍ അംഗത്വം രാജിവെക്കുകയാണെന്നായിരുന്നു ജോസ്.കെ മാണി പറഞ്ഞത്.

കര്‍ഷകരക്ഷ, മതേതരത്വം, ജനാധിപത്യം എന്നിവയാണ് കേരള കോണ്‍ഗ്രസിന്റെ മുദ്രാവാക്യം. ഇന്ന് വര്‍ഗീയ ശക്തികള്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അതിനെ ചെറുത്തു തോല്‍പ്പിക്കാനും മതേതരത്വം കാത്ത് സൂക്ഷിക്കാനും ഇടത് പക്ഷത്തിന് കഴിഞ്ഞിട്ടുണ്ട്. കൊവിഡിലും പ്രളയത്തിലും കേരളം വലിയ പ്രയാസങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ ഭൂരിപക്ഷത്തില്‍ ഇന്ന് പ്രതിസന്ധി നേരിടുന്നത് കര്‍ഷകരാണ്. കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ അനുഭാവപൂര്‍വ്വമായ തീരുമാനമാണ് ഇടതുപക്ഷം സ്വീകരിച്ചത്. ജോസ്.കെ.മാണി പറഞ്ഞു.

റബ്ബര്‍ കര്‍ഷകര്‍ക്ക് താങ്ങുവില 150 ആക്കിയത് മാണിസാറാണ്. അത് 200 രൂപയാക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പട്ടയ ഭൂമിയുമായി ബന്ധപ്പെട്ടും ചര്‍ച്ച നടക്കുന്നുണ്ട്. മുഴുവന്‍ കര്‍ഷകര്‍ക്കും ഉപാധിരഹിതമായ പട്ടയം നല്‍കണമെന്നത് കേരള കോണ്‍ഗ്രസിന്റെ ആവശ്യമാണ്. വന്യജീവി പ്രശ്‌നം, തോട്ടവിളകള്‍, ഈ പ്രശ്‌നങ്ങളില്ലെല്ലാം കര്‍ഷകന് ലാഭകരമായി കൃഷിചെയ്യാനുള്ള സാഹചര്യം ഉണ്ടാകേണ്ടതുണ്ട്. ഈ മാനിഫെസ്റ്റോ ഇടതുപക്ഷ സര്‍ക്കാരിന് കേരള കോണ്‍ഗ്രസ് പാര്‍ട്ടി കൊടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Will Stand with Ldf Saya Mani C. Kappan NCP