ഖത്തറിൽ 'റഷ്യ' ആവർത്തിക്കുമോ? ആകാംക്ഷയോടെ ഫുട്ബോൾ ആരാധകർ
2022 FIFA World Cup
ഖത്തറിൽ 'റഷ്യ' ആവർത്തിക്കുമോ? ആകാംക്ഷയോടെ ഫുട്ബോൾ ആരാധകർ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 12th December 2022, 12:18 pm

ലോകകപ്പ് ഫുട്ബോൾ ആവേശം ഖത്തറിന്റെ മണ്ണിൽ നിന്നും കൊടിയിറങ്ങാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി നിൽക്കുന്നത്.

ഡിസംബർ 18ന് ലുസൈൽ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ഫൈനൽ മത്സരത്തിന് ഏതൊക്കെ ടീമുകൾ യോഗ്യത നേടും എന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഫുട്ബോൾ ആരാധകർ.

ഡിസംബർ 14, 15 തീയതികളിലായാണ് ലോകകപ്പ് സെമി ഫൈനൽ മത്സരങ്ങൾ നടക്കുക. ആദ്യ മത്സരത്തിൽ ലാറ്റിനമേരിക്കാൻ ചാമ്പ്യൻമാരും ടൂർണമെന്റ് ഫേവറൈറ്റുകളുമായ അർജന്റീന, കഴിഞ്ഞ വർഷത്തെ രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യയെ ലുസൈൽ സ്റ്റേഡിയത്തിൽ എതിരിടും.

രണ്ടാം മത്സരത്തിൽ ടൂർണമെന്റിലെ കറുത്ത കുതിരകളായ മൊറൊക്കോ കഴിഞ്ഞ വർഷത്തെ കിരീട ജേതാക്കളായ ഫ്രാൻസിനെ അൽ-ബൈത് സ്റ്റേഡിയത്തിലാണ് നേരിടുന്നത്.

2018ലെ റഷ്യൻ ലോകകപ്പിൽ അന്നത്തെ കിരീട ജേതാക്കളായ ഫ്രാൻസ് എതിരില്ലാത്ത ഒരു ഗോളിന് ബെൽജിയത്തെ പരാജയപ്പെടുത്തിയാണ് ഫൈനലിലേക്ക് കടന്നത്.

ക്രൊയേഷ്യ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് ഫൈനലിൽ കടന്നു. ഫൈനലിൽ ക്രൊയേഷ്യ നേടിയ രണ്ട്
ഗോളുകൾക്കെതിരെ നാല് ഗോളുകൾ സ്കോർ ചെയ്താണ് ഫ്രാൻസ് ലോക കിരീടം സ്വന്തമാക്കിയത്.

2018ലെ റഷ്യൻ ഫൈനൽ 2022ൽ ഖത്തറിലും സംഭവിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് ആരാധകർ. 2018 ലോകകപ്പിന്റെ ഒരു ഘട്ടത്തിലും ഫൈനലിൽ എത്തുമെന്ന് ആരും പ്രതീക്ഷ വെച്ച് പുലർത്താതിരുന്ന ടീമാണ് ക്രൊയേഷ്യ.

ടൂർണമെന്റിലെ കറുത്ത കുതിരകളായി മാറിയ ക്രൊയേഷ്യൻ ടീമിന് പക്ഷെ ഫ്രഞ്ച് കോട്ട തകർത്ത് ലോകകിരീടം സ്വന്തമാക്കാൻ സാധിച്ചില്ല. ഖത്തറിന്റെ മണ്ണിൽ 2018ലെ കയ്പ്പേറിയ തോൽവിക്ക് ഫ്രാൻസിനോട് പകരം ചോദിക്കുമോ ക്രൊയേഷ്യൻ ടീമെന്ന് ഒരുപോലെ ചോദിക്കുകയാണ് ഫുട്ബോൾ ആരാധകർ.

ഡിസംബർ 14ന് അർജന്റീനയെ ക്രൊയേഷ്യ തോൽപ്പിക്കുകയും, ഡിസംബർ 15ന് മൊറൊക്കോയെ ഫ്രാൻസ് തകർക്കുകയും ചെയ്‌താൽ 2018 ലെ ഫൈനൽ ഖത്തറിലും ആവർത്തിക്കും. എങ്കിൽ ക്രൊയേഷ്യയുടെ ആദ്യ ലോകകപ്പ് കിരീടമോ, ഫ്രാൻസിന്റെ ആദ്യ തുടർച്ചയായ ലോകകപ്പ് കിരീട നേട്ടമോ ഖത്തറിൽ സംഭവിക്കും.

Content Highlights:Will ‘Russia’ repeat in Qatar? football fans are excited