താനിനി അധികം സിനിമകള്‍ ചെയ്യില്ലെന്ന് സംവിധായകന്‍ പ്രയദര്‍ശന്‍. ചെറുപ്പമായിരുന്ന സമയത്ത് ധാരാളം സിനിമകള്‍ ചെയ്യാന്‍ പറ്റിയെന്നും ആരോഗ്യം വളരെ പ്രധാനപ്പെട്ടതാണെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. 86ല്‍ താന്‍ എട്ട് സിനിമകള്‍ വരെ ചെയ്തിരുന്നുവെന്നും ഇന്ന് അതിനെ പറ്റി ആലോചിക്കാന്‍ പറ്റില്ലെന്നും കാന്‍ചാനല്‍മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രിയദര്‍ശന്‍ പറഞ്ഞു.
‘ഞാനിനി അധികകാലം സിനിമയൊന്നും ചെയ്യില്ല. കുറച്ച് സിനിമകളൊക്കെയേ ഉള്ളൂ. കാലാപാനി ചെയ്തുകഴിഞ്ഞപ്പോള്‍, ഇങ്ങനത്തെ സിനിമകളൊക്കെ ആരോഗ്യമുള്ളപ്പോള്‍ ചെയ്‌തോണം കേട്ടോ എന്ന് ഹരിഹരന്‍ സാര്‍ പറഞ്ഞിരുന്നു. അത് വളരെ പ്രധാനപ്പെട്ടതാണ്. നമുക്ക് പ്രായത്തിന്റെ പ്രശ്‌നമുണ്ട്. എന്തൊക്കെ സി.ജിയും ടെക്‌നോളജിയും ഉണ്ടെങ്കിലും മഞ്ഞിലും മഴയത്തും വെയിലത്തും പോയി ഇത് ഷൂട്ട് ചെയ്‌തേ പറ്റുകയുള്ളൂ. അത് നമ്മള്‍ തന്നെ ചെയ്യണം.
86ല്‍ എട്ട് സിനിമയൊക്കെ റിലീസ് ചെയ്ത ആളാണ് ഞാന്‍. ഇന്ന് ചിന്തിക്കാന്‍ പോലും പറ്റില്ല. പക്ഷേ ഒരു നല്ല കാലം എന്‍ജോയ് ചെയ്തിരുന്നു. ആ ഒരു അഹങ്കാരം മാത്രം ഇന്നുമുണ്ട്. ഇനിയുള്ള ജനറേഷന്‍ നമ്മള്‍ അത് എന്‍ജോയ് ചെയ്തത് പോലെ എന്‍ജോയ് ചെയ്‌തെന്ന് വരില്ല. ഒന്നു തിരിഞ്ഞ് നോക്കിയാല്‍ അത്രയും നല്ല കാലമാണ് എന്റെ ജീവിതത്തില്‍ കടന്നുപോയത്. അതിലെനിക്ക് സന്തോഷമുണ്ട്.
ഞാന്‍ ഒരു വലിയ ഡയറക്ടറൊന്നുമല്ല. സിനിമകള്‍ വരുന്നു, എടുക്കുന്നു, പോകുന്നു, ചിലത് ഓടുന്നു, ചിലത് ഓടുന്നില്ല. ഇത്രയൊക്കെയേ ചിന്തിക്കാന്‍ പറ്റുകയുള്ളൂ.
മലയാളത്തില്‍ മാത്രമല്ല, ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, അമിതാഭ് ബച്ചന്‍ എല്ലാവരുടെയും കൂടെ ആക്ഷനും കട്ടും പറഞ്ഞിട്ടുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, അവസാനം വിരാട് കോഹ്‌ലി അങ്ങനെ എല്ലാവരോടും ആക്ഷനും കട്ടും പറയാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായി. നാനൂറോളം പരസ്യങ്ങളും 96 ഓളം സിനിമകളും ജീവിതത്തില്‍ നടന്നില്ലേ,’ പ്രിയദര്‍ശന്‍ പറഞ്ഞു.
Content Highlight: will not be doing films for a long time, says priyadarshan