കരണ്‍ ഥാപ്പര്‍ ചെയ്തിട്ടുള്ളതില്‍ പല കാരണങ്ങള്‍ക്കൊണ്ടും അദ്ദേഹത്തിന്റെ മനസില്‍ നില്‍ക്കുന്ന ആയിരക്കണക്കിന് അഭിമുഖങ്ങളില്‍ ഒന്നാണ് 2007ല്‍ ചെയ്ത നരേന്ദ്രമോദിയുമായുള്ള അഭിമുഖം. ഇതുവരെ അവസാനിക്കാത്ത ഒരു കഥയാണിത്. ഇപ്പോഴും ഈ അഭിമുഖം വാര്‍ത്തകള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. അതിനു മുമ്പും പിമ്പും എന്താണ് സംഭവിച്ചതെന്ന് കരണ്‍ ഥാപ്പര്‍ എഴുതുന്നു.
നരേന്ദ്രമോദി സര്‍ക്കാറിന് എന്നെക്കുറിച്ച് വലിയ മതിപ്പൊന്നുമില്ലെന്ന കാര്യം രഹസ്യമൊന്നുമല്ല. മോദി അധികാരത്തിലെത്തി ഒരു വര്‍ഷത്തിനകം ഞാനുമായി സൗഹൃദമുളള പല മന്ത്രിമാരും എന്നെ ഒഴിവാക്കാന്‍ കാരണം കണ്ടെത്തി. രവി ശങ്കര്‍ പ്രസാദ്, പ്രകാശ് ജാവേദ്കര്‍, എം. വെങ്കയ്യ നായിഡു എന്നിവരെപ്പോലെ പ്രതിപക്ഷത്തിരിക്കുന്ന സമയത്തും 2014ല്‍ മോദി അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യവര്‍ഷത്തിലുമൊക്കെ അഭിമുഖം നല്‍കാന്‍ തയ്യാറായിരുന്നവര്‍ പെട്ടെന്ന് എന്റെ മുമ്പില്‍ വാതിലടച്ചു.
നിര്‍മ്മലാ സീതാരാമനെപ്പോലെയുള്ള ചിലര്‍ അഭിമുഖത്തിന് തയ്യാറായി റെക്കോര്‍ഡ് ചെയ്യാനുള്ള തിയ്യതിയടക്കം തീരുമാനിച്ചശേഷം അവസാന നിമിഷം ഒരു ന്യായവും പറയാതെ പിന്‍വലിഞ്ഞിട്ടുണ്ട്.
ഞാനവര്‍ക്ക് അസ്വീകാര്യനായ വ്യക്തിയാണെന്ന് ആദ്യം തിരിച്ചറിഞ്ഞത് എന്റെ ടി.വി പ്രോഗ്രാമിലെ ചര്‍ച്ചയില്‍ പങ്കെടുക്കാനുള്ള ക്ഷണം ബി.ജെ.പി വക്താക്കള്‍ നിരസിക്കാന്‍ തുടങ്ങിയതോടെയാണ്. ആദ്യം ഞാന്‍ കരുതിയത് അവര്‍ക്ക് തിരക്കായതുകൊണ്ടാവുമെന്നാണ്. പക്ഷേ ഇത് ആവര്‍ത്തിച്ചപ്പോള്‍ എന്തെങ്കിലും പ്രശ്നമുണ്ടോയെന്ന് ഞാന്‍ സമ്പിത് പത്രയോടു ചോദിച്ചു.
പരിഭ്രമിച്ചതുപോലെ തോന്നുന്ന ഭാവത്തില്‍ വളരെ ശബ്ദം താഴ്ത്തി, മറുപടി പറഞ്ഞാല്‍ രഹസ്യമായി സൂക്ഷിക്കാന്‍ പറ്റുമോയെന്ന് അദ്ദേഹം ചോദിച്ചു. ഞാന്‍ ഉറപ്പു നല്‍കിയപ്പോള്‍ അദ്ദേഹം പറഞ്ഞു, എന്റെ ഷോയില്‍ പങ്കെടുക്കരുതെന്ന് എല്ലാ ബി.ജെ.പി വക്താക്കള്‍ക്കും നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്ന്.
അടുത്തത് മന്ത്രിമാരായിരുന്നു. അഭിമുഖങ്ങള്‍ക്ക് എപ്പോഴും താല്‍പര്യം കാണിച്ചിരുന്നവര്‍ മുതല്‍ വാഗ്വാദങ്ങള്‍ ആസ്വദിക്കുന്നവര്‍ വരെ തിരിച്ചുവിളിക്കാന്‍ വിസമ്മതിക്കുന്ന നമ്പറുകള്‍ നല്‍കി തടിയൂരി. അവരുടെ സെക്രട്ടറിമാര്‍ക്കെല്ലാം ഒരേ മറുപടിയായിരുന്നു: ” സാറ് പറ്റില്ലെന്നു പറയുന്നു. അദ്ദേഹം തിരക്കിലാണ്.”
പ്രകാശ് ജാവേദ്കറെ മാത്രമാണ് എനിക്ക് പറഞ്ഞ് ബോധ്യപ്പെടുത്തി എന്റെ ഷോയില്‍ പങ്കെടുപ്പിക്കാന്‍ കഴിഞ്ഞത്. പാര്‍ട്ടി വക്താക്കളും മന്ത്രിമാരായ സഹപ്രവര്‍ത്തകരും നോ പറയുന്നത് അല്ലെങ്കില്‍ മറുപടി തരാതിരിക്കുന്നത് ശീലമാക്കിയപ്പോഴും ജാവേദ്കര്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ഒരു ദിവസം അദ്ദേഹത്തിനും മനംമാറ്റമുണ്ടായി. അദ്ദേഹത്തെ വിളിച്ചു ചോദിച്ചപ്പോള്‍ മറുപടി ഇതായിരുന്നു ” എന്റെ പാര്‍ട്ടിക്ക് എന്താണ് നിങ്ങളോട് ഇത്ര ദേഷ്യം? എന്തു പറ്റി കരണ്‍? ഞാന്‍ ഇന്റര്‍വ്യൂ നല്‍കില്ലെന്ന് അവരോട് പറഞ്ഞിട്ടുണ്ട്.”
ബി.ജെ.പിക്ക് എന്നോട് ചില പ്രശ്നങ്ങളുണ്ടെന്ന് ആദ്യമായി ഔദ്യോഗികമായി എന്നോട് പറഞ്ഞത് അന്നായിരുന്നു. ജാവേദ്കര്‍ എന്നോട് ഇതാരോടും പറയരുതെന്ന് പറഞ്ഞില്ല. പകരം ഞാന്‍ ബഹിഷ്‌കരിക്കപ്പെടുമെന്ന നിര്‍ദേശമുണ്ടെന്ന് തുറന്നുപറഞ്ഞ് എന്നെ അതിശയിപ്പിച്ചു. ഇതങ്ങനെ കൈകാര്യം ചെയ്യണമെന്ന ഉപദേശവും അദ്ദേഹം നല്‍കി. ” പ്രസിഡന്റിനെ കണ്ട് പ്രശ്നം പരിഹരിക്കാന്‍ നോക്ക്”
എനിക്ക് നല്ല പരിചയമുള്ളതുകൊണ്ടുതന്നെ ഞാന്‍ ആദ്യം വിളിച്ചത് അരുണ്‍ ജെയ്റ്റ്ലിയെ ആയിരുന്നു. ധനമന്ത്രാലയത്തില്‍ കാണാമെന്നും അവിടെയൊരു പ്രശ്നവുമില്ലെന്നും അദ്ദേഹം എന്നോടു പറഞ്ഞു. ഞാന്‍ വെറുതെ ആലോചിച്ചു കൂട്ടുകയാണെന്നും എല്ലാം ശരിയാകുമെന്നും പറഞ്ഞു.
ബഹിഷ്‌കരണം തുടരുന്നതുകൊണ്ടാവാം അരുണ്‍ ഇത്ര വിനയത്തോടെ സംസാരിച്ചത്. അതുകൊണ്ട് ഞാന്‍ അദ്ദേഹത്തെ തുടര്‍ന്നും ബന്ധപ്പെട്ടു. ഇത്തവണ ഫോണിലായിരുന്നു. ഇത്തവണ എന്തോ പ്രശ്നമുണ്ടെന്ന കാര്യം നിഷേധിക്കാതെയായിരുന്നു അരുണിന്റെ പെരുമാറ്റം. എല്ലാം പതുക്കെ മാഞ്ഞുപോവുമെന്ന് എന്നോടു പറഞ്ഞു. “പക്ഷേ അരുണ്‍, മാഞ്ഞുപോവുമെങ്കില്‍” അതിനര്‍ത്ഥം മാഞ്ഞുപോകാന്‍ എന്തോ ഉണ്ടെന്നല്ലേ അതിനര്‍ത്ഥം എന്ന് ഞാന്‍ പ്രതികരിച്ചു. “അതുകൊണ്ട് ചില പ്രശ്നങ്ങളുണ്ട്” ഞാന്‍ പറഞ്ഞു. അരുണ്‍ ചിരിക്കുക മാത്രം ചെയ്തു.
പ്രശ്നം എന്താണെങ്കിലും അത് അരുണിന് പരിഹരിക്കാന്‍ പറ്റാത്തതാണെന്ന് എനിക്ക് ബോധ്യമായി. എന്നെ സഹായിക്കാന്‍ അവന് താല്‍പര്യമില്ലാഞ്ഞിട്ടല്ല മറിച്ച് അതിന് കഴിയാത്തതുകൊണ്ടാണ് അദ്ദേഹം അങ്ങനെ ചെയ്തതെന്നാണ് എന്റെ വിശ്വാസം.
ഇനിയും എന്തെങ്കിലും സംശയം നിലനില്‍ക്കുന്നുണ്ടെങ്കില്‍ അത് അകറ്റിയത് ബി.ജെ.പി ജനറല്‍ സെക്രട്ടറി റാം മാധവാണ്. 2017 ജനുവരി ആദ്യം ഞാനദ്ദേഹത്തോട് ഒരു ഇന്റര്‍വ്യൂ തരാമോയെന്ന് ചോദിച്ചു. എന്നെ അതിശയിപ്പിച്ചുകൊണ്ട് സന്തോഷത്തോടെ അദ്ദേഹം അതിന് സമ്മതിച്ചു. ജനുവരി 16നായിരുന്നു റെക്കോര്‍ഡിങ്. അവസാനം ഞാനദ്ദേഹത്തോട് നന്ദി പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണം എന്നെയും നിര്‍മ്മാതാവ് അരവിന്ദ് കുമാറിനേയും ഞെട്ടിച്ചു.
“നിങ്ങള്‍ നന്ദി പറയും, പക്ഷേ എന്റെ സഹപ്രവര്‍ത്തകര്‍ പറയില്ല” എന്നായിരുന്നു ആ പ്രതികരണം. “ഞാന്‍ സമ്മതിക്കരുതായിരുന്നുവെന്നായിരിക്കും അവര്‍ പറയുക. ഞാന്‍ ഈ അഭിമുഖം ചെയ്തതില്‍ അവര്‍ സന്തുഷ്ടരല്ല. പക്ഷേ ആളുകളെ ബഹിഷ്‌കരിക്കുന്നതില്‍ എനിക്ക് വിശ്വാസമില്ല.”
അപ്പോഴാണ് ഞാന്‍ അമിത് ഷായെ കാണാന്‍ തീരുമാനിച്ചത്. പലതവണ കത്തയച്ചു, ഫോണ്‍ ചെയ്തു. ഒടുക്കം 2017ലെ ഹോളിയുടെ പിറ്റേദിവസം കാണാമെന്ന് അദ്ദേഹം സമ്മതിച്ചു. അക്ബര്‍ റോഡിലെ വീട്ടിലായിരുന്നു കൂടിക്കാഴ്ച . ദീര്‍ഘമായ കൂടിക്കാഴ്ചയൊന്നുമായിരുന്നില്ല. പക്ഷേ എനിക്കു പറയാനുള്ളത് പറയാനും അദ്ദേഹത്തിന്റെ പ്രതികരണം അറിയാനും കഴിഞ്ഞു.
ഒരുവര്‍ഷത്തോളമായി ആദ്യം ബി.ജെ.പി വക്താക്കളും പിന്നീട് ബി.ജെ.പി മന്ത്രിമാരും എന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ വിസമ്മതിക്കുകയാണെന്ന കാര്യം പറയാനാണ് ഞാന്‍ വന്നതെന്ന് പറഞ്ഞു. എന്റെ പരിപാടിയില്‍ പങ്കെടുക്കുന്നതിന് വിലക്കുണ്ടെന്ന് ചില സംഘടനകളുടെ വക്താക്കള്‍ തുറന്നുപറഞ്ഞിട്ടുണ്ടെന്നും ചില മന്ത്രിമാരും ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും ഞാന്‍ പറഞ്ഞു.
ജാവേദ്കറുമായും അരുണ്‍ ജെയ്റ്റ്‌ലിയുമായും ഞാന്‍ സംസാരിച്ചതിനെപ്പറ്റിയും പറഞ്ഞു. അവസാനമായി, ഞാന്‍ വന്നിരിക്കുന്നത് എന്താണ് പ്രശ്നമെന്ന് അറിയാനും ഞാനറിയാതെ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അതിന് ഖേദം പ്രകടിപ്പിക്കാനുമാണെന്ന് പറഞ്ഞു. പക്ഷേ എന്താണ് ഞാന്‍ ചെയ്തത്? എന്ന് ഞാന്‍ ചോദിച്ചു.
അമിത് ഷാ ഞാന്‍ പറഞ്ഞതെല്ലാം മിണ്ടാതെ കേട്ടു. ഇക്കാര്യം പറയാന്‍ ഒന്നോ രണ്ടോ മിനിറ്റില്‍ കൂടുതല്‍ ഞാന്‍ എടുത്തിരുന്നില്ല. വീട്ടിലെ വലിയ ഡ്രോയിങ് റൂമിലായിരുന്നു ഞങ്ങള്‍ ഇരുന്നത്. പൂന്തോട്ടത്തിലേക്ക് നോക്കിയുള്ള ചാരുകസേരയിലായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ അടുത്തുള്ള സോഫയിലായിരുന്നു ഞാനിരുന്നത്. ആ മുറിയില്‍ ഞങ്ങള്‍ രണ്ടുപേര്‍ മാത്രമേയുണ്ടായിരുന്നുള്ളൂ.
“കരണ്‍ജി” എന്നു പറഞ്ഞ് അദ്ദേഹം ആരംഭിച്ചു. വളരെ സൗഹാര്‍ദ്ദപരമായായിരുന്നു സംസാരം. അദ്ദേഹത്തിന്റെ സംസാരത്തിലോ പെരുമാറ്റ രീതിയിലോ യാതൊരു എതിര്‍പ്പും ഉള്ളതായി തോന്നിയില്ല. ഞാന്‍ തെറ്റിദ്ധരിച്ചിരിക്കുകയാണെന്നാണ് അദ്ദേഹം വാദിച്ചത്. എന്റെ ഷോകള്‍ ബഹിഷ്‌കരിക്കാന്‍ വക്താക്കള്‍ക്കോ മന്ത്രിമാര്‍ക്കോ യാതൊരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
വിഷയത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ച് 24 മണിക്കൂറിനകം ബന്ധപ്പെടാമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. പ്രശ്നമെന്തായാലും പരിഹരിക്കപ്പെട്ടുവെന്ന ആശ്വാസത്തില്‍ ഞാന്‍ മടങ്ങിപ്പോയി. പക്ഷേ എനിക്ക് തെറ്റി.
അമിത് ഷാ തിരിച്ചുവിളിച്ചില്ല. പിന്നീടുള്ള ആറാഴ്ച ഞാന്‍ നിരവധി കത്തുകളെഴുതി. പലതവണ ഫോണ്‍ ചെയ്തു. മെസേജുകള്‍ അയച്ചു. അമ്പതോളം തവണ. ഒരു പ്രതികരണവും ലഭിച്ചില്ല.
അമിത് ഷായുടെ മറുപടി കിട്ടാതായതോടെ ഞാന്‍ കൂടുതല്‍ ചിന്തിച്ചു. വെറും വാക്ക് പറയുന്ന തരത്തിലുള്ളയാളാണ് അദ്ദേഹമെന്ന് ഞാന്‍ കരുതുന്നില്ല. എന്തോ അല്ലെങ്കില്‍ ആരോ അദ്ദേഹത്തെ തടഞ്ഞതാണ്. അപ്പോഴാണ് പ്രശ്നം ചിലപ്പോള്‍ നരേന്ദ്രമോദിയാകാമെന്ന് ഞാന്‍ വിശ്വസിക്കാന്‍ തുടങ്ങിയത്.
അതിനെക്കുറിച്ച് ചിന്തിച്ചിടത്തോളം അതാവാമെന്ന് എനിക്ക് കൂടുതല്‍ കൂടുതല്‍ തോന്നിത്തുടങ്ങി. എന്റെ പക്കല്‍ ഒരു തെളിവുമില്ല. എന്നാല്‍ ബി.ജെ.പി വക്താക്കളെല്ലാം പെട്ടെന്ന് എന്റെ ക്ഷണം നിരസിക്കാന്‍, മന്ത്രിമാര്‍ സമ്മതിച്ചശേഷം പിന്നീട് അഭിമുഖങ്ങള്‍ റദ്ദാക്കാന്‍, ജാവേദ്കറുടെയും ജയ്റ്റ്ലിയുടെയും പ്രതികരണങ്ങള്‍ക്ക്, ഏറ്റവുമൊടുവിലായി 24 മണിക്കൂറിനുള്ളില്‍ കാര്യമറിയിക്കാമെന്ന് ഉറപ്പുനല്‍കിയ അമിത് ഷായുടെ പെട്ടെന്നുള്ള മൗനത്തിന് മറ്റെന്താണ് കാരണം?
2007ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി രണ്ടാംതവണ പ്രചരണത്തിന് ഇറങ്ങിയ വേളയില്‍ മോദിയുമായി ഞാന്‍ നടത്തിയ അഭിമുഖമാണോ പ്രശ്നം. മൂന്ന് മിനിറ്റിനുള്ളില്‍ തന്നെ അദ്ദേഹം ഇറങ്ങിപ്പോയ ആ അഭിമുഖം? ചിലപ്പോള്‍, പക്ഷേ അതിനും കുറച്ചുമുമ്പുതന്നെ ഇത് തുടങ്ങിയിരിക്കാമെന്ന് ഞാന്‍ സംശയിക്കുന്നു.
ഗോധ്ര സംഭവത്തിനും അതിനു പിന്നാലെയുണ്ടായ മുസ്‌ലിം വംശഹത്യക്കും പിന്നാലെ 2002 മാര്‍ച്ചില്‍ ഞാനെഴുതിയ ” സണ്‍ഡേ സെന്റിമെന്റ്സ്” കോളമാണ് മൂല കാരണമെന്ന് തിരിച്ചറിയാന്‍ അധിക ദിവസമൊന്നും വേണ്ടിവന്നില്ല.
മോദിയോട് നേരിട്ട് സംസാരിക്കേണ്ട സമയം കഴിഞ്ഞെന്ന് എനിക്കു തോന്നി. ചിലപ്പോള്‍ സത്യസന്ധമായ ചര്‍ച്ച ഞങ്ങള്‍ക്കിടയിലെ മഞ്ഞുരുക്കുമായിരിക്കും. അത് നടക്കാന്‍ സാധ്യതയില്ലെന്ന ചിന്ത ഉള്ളിലുണ്ടായിരുന്നെങ്കിലും ശ്രമിക്കുന്നത് നന്നാവുമെന്ന് എനിക്കു തോന്നി. അതുകൊണ്ട് ഞാന്‍ അദ്ദേഹത്തിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിനേയും പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്രയേയും വിളിച്ചു.
ദോവലിനെ കാണുന്നതിനു മുമ്പേ മിശ്രയോടു സംസാരിക്കാന്‍ കഴിഞ്ഞു. രണ്ടു സംസാരങ്ങളും ഒരേദിവസമാണ് നടന്നത്. 2017 മെയ് 1ന്.
ഓഫീസിലേക്ക് അയച്ച സന്ദേശത്തോട് പ്രതികരിച്ചുകൊണ്ട് നൃപേന്ദ്ര മിശ്ര വിളിച്ചു. മന്ത്രിമാരും പാര്‍ട്ടിയും എന്തുകൊണ്ടാണ് എന്നെ ബഹിഷ്‌കരിക്കുന്നതെന്ന് അറിയുന്നതിനായി മോദിയെ കാണണമെന്ന് ഞാന്‍ പറഞ്ഞു. പ്രധാനമന്ത്രിയോട് ഞാനറിയാതെ എന്തെങ്കിലും തെറ്റു ചെയ്തെങ്കില്‍ മാപ്പു പറയുന്നതില്‍ സന്തോഷമേയുള്ളൂവെന്നും പറഞ്ഞു.
പക്ഷേ എന്താണ് പ്രശ്നമെന്ന് എനിക്കറിയണം. 2007ല്‍ ഞാന്‍ ചെയ്ത അഭിമുഖമാണ് കാരണമെന്ന് വിശ്വസിക്കാന്‍ എനിക്കു കഴിയുന്നില്ലെന്നും കാരണം അതുകഴിഞ്ഞ് പത്തുവര്‍ഷമായില്ലേയെന്നും ഞാന്‍ പറഞ്ഞു.
മോദിയോട് ചോദിച്ചിട്ടു വിളിക്കാമെന്ന് മിശ്ര പറഞ്ഞു. അന്ന് വൈകുന്നേരം ഞാന്‍ അത് സൗത്ത് ബ്ലോക്കിലെത്തി അജിത് ദോവലിനെ കണ്ട് ഇക്കാര്യങ്ങള്‍ ആവര്‍ത്തിച്ചു. നൃപേന്ദ്ര മിശ്ര എന്താണ് പറയുന്നതെന്ന് നോക്കാമെന്ന് അദ്ദേഹം പറഞ്ഞു. പ്രശ്നമെന്താണെന്നറിയാന്‍ മിശ്രയ്ക്കു പറ്റുമെന്നാണ് അദ്ദേഹം കരുതിയത്. അദ്ദേഹത്തിന് കഴിഞ്ഞില്ലെങ്കില്‍ തനിക്ക് മോദിയോട് നേരിട്ട് ഒരുവാക്കുപോലും പറയാന്‍ കഴിയില്ലെന്നാണ് ദോവല്‍ പറഞ്ഞത്.
മൂന്ന് ദിവസത്തിനുശേഷം നൃപേന്ദ്ര മിശ്ര വിളിച്ചു. മോദിയോട് കാര്യങ്ങള്‍ സംസാരിച്ചെന്നും മോദിയെ നേരില്‍ കണ്ടതുകൊണ്ട് ഒരു കാര്യവുമില്ലെന്നാണ് മനസിലായതെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയെക്കുറിച്ച് എനിക്ക് ചില മുന്‍വിധികളുണ്ടെന്നും അത് മാറാന്‍ പോകുന്നില്ലെന്നുമാണ് പ്രധാനമന്ത്രിയ്ക്ക് തോന്നുന്നതെന്നും അദ്ദേഹം എന്നോടു പറഞ്ഞു. ഇതുകൊണ്ടാണ് അമിത് ഷാ വിളിക്കാതിരുന്നതെന്നും മിശ്ര പറഞ്ഞു. അദ്ദേഹവും മോദിയോട് ഇക്കാര്യം പറഞ്ഞപ്പോള്‍ ഇതേ പ്രതികരണമാവാം ലഭിച്ചത്.
ഇനിയൊന്നും ചെയ്യാനാവില്ലെന്ന് അറിയാമെങ്കിലും ഞാന്‍ ദോവലിനെ വിളിച്ചു. മിശ്ര പറഞ്ഞ കാര്യങ്ങള്‍ ഞാനദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം മിണ്ടാതെ ഞാന്‍ പറയുന്നതെല്ലാം കേട്ടു. “എല്ലാം ശരിയാകുമെന്ന് കരുതാം, പക്ഷേ അതിന് സമയമെടുക്കും” എന്നു മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇപ്പോള്‍ പ്രശ്നത്തിന്റെ കാരണം എനിക്കറിയാം. ഞാന്‍ നരേന്ദ്രമോദിയെ വേദനിപ്പിച്ചു. അതിന്റെ ഫലമാണിത്. കൃത്യമായി എപ്പോഴാണ് അദ്ദേഹത്തെ ഞാന്‍ വേദനിപ്പിച്ചതെന്ന കാര്യം മാത്രമാണ് എനിക്ക് അറിയാത്തത്. അത് 2007ലെ അഭിമുഖമോ 2002 മാര്‍ച്ചിലെ എന്റെ ലേഖനമോ ആകാം. എനിക്കു തോന്നുന്നത് തുടക്കം ആ കോളമാണെന്നാണ്. അതിന്റെ രോഷം പിന്നീട് വളര്‍ന്നുവന്നതാവാമെന്നാണ് ഞാന്‍ സംശയിക്കുന്നത്.
അതുകൊണ്ട് എന്റെ കണക്കുകൂട്ടലുകള്‍ ശരിയാണെങ്കില്‍ അന്നാണ് പ്രശ്നം ആരംഭിച്ചത്. അപ്പോള്‍ അന്ന് ഞാനെഴുതിയ ലേഖനം ഒരിക്കല്‍ കൂടി ആവര്‍ത്തിക്കാം. ആ ലേഖനത്തെ ഞാന്‍ വിളിച്ചത് ” പോകൂ മിസ്റ്റര്‍ മോദി, ഇപ്പോള്‍ പോകൂ”. അതാണ് അത് പറഞ്ഞതും:
“ഞാന്‍ കരുതിയത് മോദിയെ എനിക്ക് അറിയാം എന്നാണ്. ഞാനദ്ദേഹത്തെ ആദരിക്കുകയും അദ്ദേഹത്തിന്റെ ഉപദേശങ്ങളോടു നന്ദി കാട്ടുകയും ചെയ്തിരുന്നു. 2000ത്തില്‍ ആര്‍.എസ്.എസ് സര്‍സംഘചാലക്കിനെക്കുറിച്ച് ഒരു അഭിമുഖത്തിന് ഞാന്‍ തയ്യാറെടുത്തപ്പോള്‍ ആ സംഘടനയെക്കുറിച്ച് മനസിലാക്കാനും അതിന്റെ പോരായ്മകള്‍ തിരിച്ചറിയാനും അദ്ദേഹം എന്നെ സഹായിച്ചു. യാതൊരു പക്ഷപാതിത്വവുമില്ലാതെ അദ്ദേഹം എന്നെ സഹായിച്ചു.
ഒട്ടും പക്ഷപാതമില്ലാതെയാണ് അദ്ദേഹം സംഘടനയുടെ പ്രവര്‍ത്തനത്തില്‍ കടന്നു കൂടിയിട്ടുള്ള മധ്യമത്വത്തെക്കുറിച്ച് എന്നെ ബോധവാനാക്കിയത്.
“ആര്‍.എസ്.എസിന്റെ പ്രസക്തി എന്തുകൊണ്ടാണ് നഷ്ടപ്പെട്ടതെന്ന് സുദര്‍ശന്‍ ജിയോടു ചോദിക്കൂ. ഇപ്പോഴത് മികവിന്റെ പര്യായമല്ല. ഇടപെടുന്ന എല്ലാ വിഷയത്തിലും മധ്യമത്വം മാത്രമാണ് ആര്‍.എസ്.എസ് ഇപ്പോള്‍ കാഴ്ചവയ്ക്കുന്നത്.” ഇങ്ങനെയാണ് അദ്ദേഹം ചര്‍ച്ചയാരംഭിച്ചത്.
“നിങ്ങളെന്താണുദ്ദേശിക്കുന്നത്?” ഞാനദ്ദേഹത്തോടു ചോദിച്ചു. ഇത്തരത്തിലൊരു നിലപാട് ഞാനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. എന്തുതന്നെയായാലും മോദി ഒരു ആര്‍.എസ്.എസ് പ്രചാരക് ആണ്. സംഘപരിവാറിന്റെ നയങ്ങളെ പ്രതിരോധിച്ചുകൊണ്ട് സംസാരിക്കുമെന്നാണ് ഞാന്‍ കരുതിയത്, വിമര്‍ശിക്കുമെന്നല്ല.
“ആര്‍.എസ്.എസിന്റെ കീഴില്‍ 20,000 വിദ്യാലയങ്ങളും അമ്പതു ദിനപത്രങ്ങളുമുണ്ട്. എന്നാല്‍, ദേശീയതലത്തില്‍ വൈശിഷ്ട്യം സിദ്ധിക്കുന്ന തരത്തിലേക്ക് ഉയരാന്‍ ഇവയ്ക്കൊന്നിനും സാധിച്ചിട്ടില്ല. സാമൂഹ്യ പ്രവര്‍ത്തനത്തിനായി സദാ സന്നദ്ധമാണ് ആര്‍.എസ്.എസ്. പക്ഷേ രാധാ സോമി സംഘവും പാണ്ഡുരംഗ് അത്താവാലെയുടെ സ്വാധ്യായ ഗ്രൂപ്പുമാണ് ഈ രംഗത്ത് പ്രസിദ്ധിയാര്‍ജ്ജിച്ചവര്‍. ആര്‍.എസ്.എസിനെ എണ്ണത്തില്‍ കൂട്ടാറില്ല.”
ഞാന്‍ സ്തബ്ധിച്ചുപോയി. മോദി ആര്‍.എസ്.എസിനെ വിമര്‍ശിക്കുന്നു എന്നതുകൊണ്ടല്ല, മറിച്ച് ആര്‍.എസ്.എസിനകത്തു നിന്നു തന്നെയുള്ള എതിര്‍പ്പിന്റെ സ്വരമാണ് അദ്ദേഹം കൊണ്ടുവന്നത് എന്നതിനാല്‍. അതൊരു പരമ്പരാഗത രീതിയിലുള്ള വിരസമായ വലതുപക്ഷ വിമര്‍ശനമായിരുന്നില്ല. ഇടതുപക്ഷത്തിന്റേതെന്ന പോലത്തെ പൊള്ളിക്കുന്ന യാഥാര്‍ത്ഥ്യബോധത്തില്‍നിന്നുള്ള എതിര്‍പ്പായിരുന്നു. നവീനവും വ്യത്യസ്തവുമായിരുന്നു അത്.
“ആര്‍.എസ്.എസ് ശാഖകളിലെ ഹാജര്‍ നിലയെപ്പറ്റി ഞാനദ്ദേഹത്തോടു ചോദിച്ചിരുന്നു.” മോദി തുടര്‍ന്നു. അദ്ദേഹത്തിന്റെ അത്യുത്സാഹം എനിക്ക് തിരിച്ചറിയാനാകുന്നുണ്ടായിരുന്നു. അദ്ദേഹം ഒരു മാധ്യമപ്രവര്‍ത്തകനെപ്പോലെയായിരുന്നു പെരുമാറിക്കൊണ്ടിരുന്നത്. ആ രീതി എനിക്കിഷ്ടപ്പെട്ടു. അതിനെല്ലാമുപരി, അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥതയാണ് എന്നെ വിസ്മയിപ്പിച്ചത്. അദ്ദേഹം നല്‍കിയ ഉപദേശവും എനിക്ക് വിലപ്പെട്ടതായിരുന്നു.
“കേരളത്തെ നോക്കൂ. ഏറ്റവും വലിയ ആര്‍.എസ്.എസ് യൂണിറ്റുള്ളത് അവിടെയാണെങ്കില്‍ക്കൂടി, അവിടെ ഉണ്ടാക്കാന്‍ സാധിച്ചിട്ടുള്ള പ്രഭാവം വളരെ പരിമിതമാണ്. പകരം, ആര്‍.എസ്.എസിന് അനിഷ്ടമുള്ള ഘടകങ്ങളെല്ലാം അവിടെ തഴച്ചു വളരുകയാണ്. കമ്മ്യൂണിസ്റ്റുകളും, ചര്‍ച്ചും, വിദേശ നാണ്യത്തെ ആശ്രയിക്കുന്ന സമ്പദ്വ്യവസ്ഥയുമെല്ലാം. ആര്‍.എസ്.എസ് അത്രമേല്‍ അപ്രധാനമായിത്തീര്‍ന്നിരിക്കുന്നു.”
“സുദര്‍ശന്‍ജിയോട് ഇതേക്കുറിച്ചെല്ലാം ചോദിക്കൂ. എന്നെപ്പോലുള്ളവര്‍ക്ക് മുഖ്യമെന്നു തോന്നുന്ന വിഷയങ്ങളെക്കുറിച്ചെല്ലാം അപ്പോള്‍ നിങ്ങള്‍ക്ക് ബോധ്യം ലഭിക്കും. അതൊരു മികച്ച അഭിമുഖമായിരിക്കും.”
അദ്ദേഹത്തിന്റെ ഉപദേശം സ്വീകരിക്കാനായിരുന്നു എന്റെ തീരുമാനം. പക്ഷേ ഞാനാ അഭിമുഖമാരംഭിച്ചത് തീര്‍ത്തും സാമ്പ്രദായികമായ രീതിയിലായിരുന്നു. അങ്ങേയറ്റം വിവേകരഹിതമായ നീക്കമായിരുന്നു അത്.
ഹിന്ദു രാഷ്ട്രം കൊണ്ടുവരാനുള്ള ആര്‍.എസ്.എസിന്റെ പ്രതിജ്ഞാബദ്ധത, ഭരണഘടന, ബി.ജെ.പിയുടെ സഖ്യങ്ങള്‍, വാജ്പേയി സര്‍ക്കാരിന്റെ പ്രവര്‍ത്തനക്ഷമത എന്നിവയെല്ലാം ചര്‍ച്ചയ്ക്ക് വിഷയങ്ങളായി. അപ്പോഴേക്കും എനിക്കനുവദിച്ച സമയം കഴിഞ്ഞിരുന്നു. മോദിയുടെ ചോദ്യങ്ങള്‍ തഴയപ്പെട്ടു.
പലരും അന്നത്തെ ആ അഭിമുഖത്തെ പ്രശംസിച്ചു. മാധ്യമങ്ങളും നല്ല അഭിപ്രായമാണ് രേഖപ്പെടുത്തിയത്. എങ്കിലും, അത് മെച്ചപ്പെടുത്താന്‍ സാധിച്ചേനെ എന്നെനിക്കറിയാമായിരുന്നു. മോദിയുടെ ചോദ്യങ്ങള്‍ കൂടി ഉള്‍പ്പെടുത്താന്‍ എനിക്കു സാധിച്ചിരുന്നുവെങ്കില്‍, തീര്‍ച്ചയായും അഭിമുഖം വളരെയധികം വ്യത്യസ്തമായിത്തീര്‍ന്നേനെ.
ചോദ്യങ്ങളുയര്‍ത്താനുള്ള ശക്തിയും വെല്ലുവിളിക്കാനുള്ള ധൈര്യവും രാഷ്ട്രീയമായ ചേരിതിരിവുകള്‍ക്കപ്പുറവും ആശയങ്ങള്‍ പങ്കുവയ്ക്കാനുള്ള മഹാമനസ്‌കതയുമുള്ള ഒരാളായിട്ടാണ് ഞാന്‍ മോദിയെ കണ്ടത്. അദ്ദേഹത്തേക്കുറിച്ച് കൂടുതലെന്തെങ്കിലും അറിയാമായിരുന്നതായി ഞാന്‍ ഭാവിക്കുന്നില്ല. അദ്ദേഹത്തെ അടുത്തറിയാനുള്ള സാഹചര്യം എനിക്കു ലഭിച്ചിരുന്നില്ല, അതിന്റെ ആവശ്യവുമുണ്ടായിരുന്നില്ല. കണ്ടറിഞ്ഞ മോദിയെ ഞാന്‍ ഇഷ്ടപ്പെടുകയും ആരാധിക്കുകയും ചെയ്തിരുന്നു. അതുതന്നെ ധാരാളമായിരുന്നു.
അന്നു തെറ്റിദ്ധരിച്ചതായാണ് ഇന്നെനിക്കു തോന്നുന്നത്. അല്ല, അതു ശരിയല്ല. ആത്മാര്‍ത്ഥമായി പറഞ്ഞാല്‍ അങ്ങനെയല്ല. “തോന്നുന്നത്” എന്ന വാക്ക് ഒരു തരം സംശയവും തുറന്നു പറയാനുള്ള വിമുഖതയുമാണ് ദ്യോതിപ്പിക്കുന്നത്. “തെറ്റിദ്ധാരണ” എന്ന വാക്കും ഇവിടെ ഉപയോഗിക്കുമ്പോള്‍ അല്പം മയപ്പെടുത്തിപ്പറയുന്നതു പോലെയുണ്ട്. എനിക്കു പാടേ തെറ്റിപ്പോയിരുന്നു എന്നതാണ് സത്യം.
ഗുജറാത്തിലെ വര്‍ഗ്ഗീയ കൂട്ടക്കൊലകള്‍ കൈകാര്യം ചെയ്ത രീതി കണക്കിലെടുക്കുമ്പോള്‍ അദ്ദേഹത്തിന്റെ വളരെ വ്യത്യസ്തമായൊരു പ്രതിച്ഛായയാണ് ഉയര്‍ന്നു വരുന്നത്. ഈ രണ്ടാമത്തെ മോദി സങ്കുചിത മനോഭാവമുള്ളയാളാണ്, വര്‍ഗ്ഗീയവാദിയാണ്, സ്വന്തം പരിമിതികള്‍ക്കുള്ളിലകപ്പെട്ടയാളാണ്.
സൈന്യത്തെ നേരത്തേ എത്തിക്കാതിരുന്നതിന്റെ കാരണം അദ്ദേഹത്തിന്റെ പരിചയക്കുറവോ, ചിലപ്പോള്‍ മൂഢമായ അഹംബോധമോ തന്നെയുമായേക്കാം. തനിക്കീ സാഹചര്യം വ്യത്യസ്തമായി, എന്നാല്‍ ഫലവത്തായി കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്ന് അദ്ദേഹം കരുതിയിരിക്കാം.
പരുക്കന്‍ പ്രകൃതം കാണിക്കുമ്പോള്‍ത്തന്നെ തനിക്ക് സഹാനുഭൂതിയുടെ അര്‍ത്ഥവുമറിയാമെന്ന് സ്ഥാപിക്കാമെന്നും ധരിച്ചുവശായിരിക്കാം. തന്റെ അതേ വിശ്വാസപ്രമാണങ്ങള്‍ പിന്തുടരുന്ന, തന്റെ തന്നെ സമ്മതിദായകരായവരെ അടിച്ചമര്‍ത്തുകയെന്നത് ഒട്ടും എളുപ്പമല്ലല്ലോ. ദാരുണമാണെങ്കിലും, ഇത്തരം തെറ്റുകള്‍ മനുഷ്യസഹജമാണ്. ഇവ ഇടയ്ക്കിടെ സംഭവിക്കാവുന്നതാണ്.
പക്ഷേ ഇവിടുത്തെ സാഹചര്യമതല്ല. എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും തുല്യമായ പ്രതിപ്രവര്‍ത്തനമുണ്ടാകുമെന്ന് അദ്ദേഹം പറയുന്നുണ്ട്. ആള്‍ക്കൂട്ടത്തിനിടയിലേക്ക് നിറയൊഴിച്ചുവെന്നത് ചൂണ്ടിക്കാട്ടി എഹ്സാന്‍ ജാഫ്രിയുടെ കൊലപാതകത്തെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നുണ്ട്. അഹമ്മദാബാദില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിനു നല്‍കുന്നതിനേക്കാള്‍ ഇരട്ടി തുക ഗോധ്ര കലാപത്തിന്റെ ഇരകള്‍ക്ക് നല്‍കാന്‍ കാരണങ്ങള്‍ കണ്ടെത്തുന്നുണ്ട്.
ഇതുവഴിയെല്ലാം അദ്ദേഹം ധാര്‍മികതമായി വളര്‍ച്ചയെത്താത്ത ഒരാളാണെന്ന് സ്വയം വെളിവാക്കുകയാണ്. ഹിന്ദു ജീവന് മുസ്ലിം ജീവനെക്കാള്‍ വിലയുണ്ടെന്ന തരത്തില്‍ സംസാരിക്കുക, ക്രൂരമായ ഒരു കൂട്ടക്കൊലയ്ക്ക് വിശദീകരണം നല്‍കാന്‍ സാധ്യമാണെന്ന സൂചനകള്‍ നല്‍കുക — ഇവയൊക്കെ ഒരു മനുഷ്യന്റെ ഗ്രഹണശക്തിക്കും അതീതമാണെന്നു മാത്രമല്ല, വെറുപ്പുളവാക്കുന്നവ കൂടിയാണ്.
എനിക്കറിയാമെന്നു ഞാന്‍ ധരിച്ചയാള്‍ ഒരു നേതാവായിരുന്നു. സങ്കുചിതമായ നിയന്ത്രണങ്ങള്‍ക്കുമേലെ ഉയരാനും എതിരാളികളെപ്പോലും സുഹൃത്തുക്കളാക്കാനും മാധ്യമപ്രവര്‍ത്തകരുടെ ആരാധനയേറ്റുവാങ്ങാനും നയിക്കാനും പിന്തുടരപ്പെടാനുമൊക്കെയുള്ള വിവേകവും ചേതനയുമുള്ളയാള്‍. പക്ഷേ കഴിഞ്ഞയാഴ്ച ഞാന്‍ തിരിച്ചറിഞ്ഞ ആ വ്യക്തി ഒരു സത്വമാണ്. മുന്‍ധാരണകളുടെയും നിസ്സാരമായ പ്രതികാരവാഞ്ഛയുടെയും ഇരട്ടത്താപ്പിന്റെയും നുണപറച്ചിലിന്റെയും ആകെത്തുകയായ ഒരു മൃഗം.
എന്റെയറിവിലെ ആദ്യത്തെ മോദി മുഖ്യമന്ത്രിയാകാന്‍ യോഗ്യനാണ്. രണ്ടാമത്തെയാളെയാകട്ടെ, പദവിയില്‍ നിന്നും എത്രയും പെട്ടന്ന് പുറത്താക്കുകയാണ് വേണ്ടത്.”
ശേഷം നടന്നതിന്റെയെല്ലാം പശ്ചാത്തലത്തില്‍, പതിനേഴു വര്‍ഷങ്ങള്‍ക്കുമുന്‍പെഴുതിയ ഈ കുറിപ്പു വായിക്കുമ്പോള്‍ എങ്ങിനെയാണ് ഇത് അദ്ദേഹത്തിന് പ്രകോപനമുണ്ടാക്കിയത് എന്ന് തിരിച്ചറിയാന്‍ എനിക്കു സാധിക്കുന്നുണ്ട്. ഒട്ടും ദയയില്ലാത്ത വിമര്‍ശനങ്ങളാണ് ഞാന്‍ തുറന്നടിച്ചെഴുതിയത്. എവിടെക്കൊണ്ടാല്‍ നോവുമോ, അവിടെത്തന്നെയാണ് ഞാന്‍ കൊള്ളിച്ചിരിക്കുന്നത്.
അതിനും അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമാണ് 2007-ല്‍ നരേന്ദ്രമോദിയുമായുള്ള എന്റെ അഭിമുഖം നടക്കുന്നത്. എന്റെ ഓര്‍മ ശരിയാണെങ്കില്‍ ഞാന്‍ അരുണ്‍ ജയ്റ്റ്ലിയോട് സഹായമഭ്യര്‍ത്ഥിച്ചിരുന്നു. അദ്ദേഹത്തിന്റെ ഇടപെടലാണ് ഗുജറാത്ത് മുഖ്യമന്ത്രിയെക്കൊണ്ട് അഭിമുഖത്തിനു സമ്മതിപ്പിച്ചതെന്നും എനിക്കുറപ്പാണ്.
അഹമ്മദാബാദില്‍ വച്ച് ഒരു ഒക്ടോബര്‍ സായാഹ്നത്തിലാണ് അഭിമുഖം നടത്താന്‍ തീരുമാനിച്ചിരുന്നത്. ഞാന്‍ അതിരാവിലെ തന്നെയെത്തി. ബേനസീര്‍ ഭൂട്ടോ വിദേശത്തെ ഒളിവുജീവിതം അവസാനിപ്പിച്ച് കറാച്ചിയില്‍ തിരിച്ചെത്തിയതിനു ശേഷമുള്ള പ്രഭാതമായിരുന്നു അത്. അവരുടെ റാലിയുടെ ഇടയില്‍ തലേദിവസം നടന്ന ബോംബ് സ്ഫോടനം നൂറുകണക്കിനാളുകളുടെ ജീവനെടുത്തിരുന്നു.
അഹമ്മദാബാദില്‍ വിമാനമിറങ്ങുമ്പോള്‍, അന്നു വൈകിട്ടു നടക്കേണ്ട അഭിമുഖത്തെക്കാളേറെ എന്റെ മനസ്സിനെ മഥിച്ചത് ഈ ചിന്തകളായിരുന്നു.
ഞാന്‍ കാറിനകത്തേക്ക് പ്രവേശിച്ച ഉടനെയാണ് ഫോണ്‍ ബെല്ലടിച്ചത്. “കരണ്‍ജി, നിങ്ങള്‍ എത്തിയോ?” എന്നെ സ്വീകരിക്കാനായി നരേന്ദ്ര മോദി നേരിട്ടു വിളിക്കുകയായിരുന്നു. മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ അദ്ദേഹം എത്രമേല്‍ ശ്രദ്ധാലുവാണെന്നതിന്റെ ആദ്യത്തെ സൂചനയായിരുന്നു എനിക്കത്.
“നമ്മുടെ ഇന്റര്‍വ്യൂ ആരംഭിക്കുക നാലു മണിക്കാണ്. പക്ഷേ താങ്കള്‍ അല്പം നേരത്തേ വരൂ, നമുക്കു സംസാരിച്ചിരിക്കാം.”
ഞാന്‍ 2002-ല്‍ എഴുതിയ കോളം ഒന്നുകില്‍ അദ്ദേഹം വായിച്ചിട്ടില്ല, അല്ലെങ്കില്‍ പാടേ മറന്നിരിക്കുന്നു. അദ്ദേഹത്തിന്റെ പെരുമാറ്റത്തിലെ ഓരോ ഘടകവും എനിക്ക് അത്തരമൊരു തോന്നലാണ് ഉണ്ടാക്കിയത്. എന്നെ ഊഷ്മളമായി സ്വീകരിച്ചിരുത്തിയ ശേഷം പഴയൊരു സ്നേഹിതനോടെന്ന പോലെ അദ്ദേഹമെന്നോടു സംസാരിച്ചു.
അഭിമുഖത്തില്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ സാധ്യതയുള്ള വിഷയങ്ങളൊന്നും തന്നെ ഞങ്ങളുടെ സംഭാഷണത്തില്‍ വന്നില്ല. പകരം ഞങ്ങള്‍ നേരമ്പോക്കു പറഞ്ഞു, തമാശകള്‍ പറഞ്ഞു, ധാരാളം ചിരിച്ചു.
എന്റെ പ്രത്യാക്രമണശേഷി നഷ്ടപ്പെടുത്താനാണോ അദ്ദേഹം അങ്ങനെ ചെയ്തതെന്ന് എനിക്ക് മനസ്സിലായില്ല. സൂത്രക്കാരായ രാഷ്ട്രീയപ്രവര്‍ത്തകര്‍ സാധാരണ ഇത്തരം കാപട്യങ്ങള്‍ കാണിക്കുക പതിവാണ്. പക്ഷേ, എന്റെ എല്ലാ സന്ദേഹങ്ങളും ഞൊടിയിടയില്‍ ഇല്ലാതെയായിരുന്നു.
അരമണിക്കൂറിനു ശേഷം ഞങ്ങള്‍ ക്യാമറയ്ക്കു മുന്നിലിരുന്നു. ഇളം മഞ്ഞ നിറത്തിലുള്ള ഒരു കുര്‍ത്തയായിരുന്നു മോദി ധരിച്ചിരുന്നത്. അദ്ദേഹം തന്റെ തലമുടി വൃത്തിയായി വെട്ടിയിരുന്നു.
എന്റെ ചോദ്യങ്ങളുടെ ആദ്യ ഘട്ടം 2002 നെക്കുറിച്ചായിരുന്നു. ഈ കുഴപ്പം പിടിച്ച വിഷയം ആദ്യം തന്നെ തീര്‍ത്തു വച്ച്, പിന്നീട് മറ്റു കാര്യങ്ങളിലേക്ക് കടക്കാമെന്നായിരുന്നു എന്റെ ഉദ്ദേശം. അതേക്കുറിച്ച് പരാമര്‍ശിക്കാതെയിരിക്കുന്നത് ഭീരുത്വവും ഗൂഢാലോചനയുമാണെന്ന് തോന്നിപ്പിക്കും.
അതേസമയം, ഈ വിഷയത്തില്‍ തന്നെ തൂങ്ങിപ്പിടിക്കാനും എനിക്ക് ഉദ്ദേശമുണ്ടായിരുന്നില്ല. അതു കൊണ്ടു തന്നെ, എത്രയും പെട്ടന്ന് വിഷയമുന്നയിച്ച് അടുത്തതിലേക്കു കടക്കാനായിരുന്നു തീരുമാനം.
“മോദി, ആദ്യം തന്നെ നിങ്ങളെപ്പറ്റി സംസാരിച്ചു തുടങ്ങാം” എന്നായിരുന്നു ഞാനാരംഭിച്ചത്. “താങ്കള്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന ആറു വര്‍ഷങ്ങളില്‍ രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ ഗുജറാത്തിനെ ഏറ്റവും മികച്ച ഭരണസംവിധാനങ്ങളുള്ള സംസ്ഥാനമായി തെരഞ്ഞെടുത്തിരുന്നു. ഇന്ത്യാ ടുഡേ രണ്ടു വട്ടമാണ് താങ്കളെ ഏറ്റവും കാര്യപ്രാപ്തിയുള്ള മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്.
എന്നിട്ടുപോലും, ജനങ്ങള്‍ താങ്കളുടെ മുഖത്തിനു നേരെ നോക്കി കൊലയാളിയെന്നു വിളിക്കുകയാണ്. മുസ്ലിങ്ങള്‍ക്കെതിരെ മുന്‍ധാരണയോടെ പെരുമാറുന്നതിന് നിങ്ങളെ കുറ്റപ്പെടുത്തുകയാണ്. താങ്കള്‍ക്ക് പ്രതിച്ഛായയുടേതായ പ്രശ്നങ്ങളുണ്ടോ?”
അദ്ദേഹം പരിഭ്രമിക്കുകയോ ക്ഷോഭിക്കുകയോ ചെയ്തില്ല. അദ്ദേഹത്തിന്റെ മുഖത്ത് യാതൊരു വികാരവും ഞാന്‍ കണ്ടില്ല. ഒരു ചെറിയ ഭാവമാറ്റം പോലുമുണ്ടായില്ല. അദ്ദേഹം ശാന്തനായിത്തന്നെയിരുന്നു. എന്നെ അമ്പരപ്പിച്ചതു പക്ഷേ അതായിരുന്നില്ല, അദ്ദേഹം ഇംഗ്ലീഷില്‍ത്തന്നെയാണ് എനിക്കു മറുപടി തന്നത്. ഇന്നദ്ദേഹത്തിന് ഭാഷയിലുള്ള പ്രാവീണ്യം മികച്ചതാണെങ്കിലും 2007ല്‍ അങ്ങിനെയായിരുന്നില്ല.
“ജനങ്ങള്‍ എന്ന വാക്കുപയോഗിക്കുന്നത് ശരിയാണെന്നു തോന്നുന്നില്ല. ഇത്തരത്തില്‍ സംസാരിക്കുന്ന രണ്ടോ മൂന്നോ പേരുണ്ടാകും. അവരെ ദൈവമനുഗ്രഹിക്കട്ടെയെന്നേ ഞാന്‍ പ്രാര്‍ത്ഥിക്കാറുള്ളൂ.”
“രണ്ടോ മൂന്നോ പേരുള്‍പ്പെട്ട ഗൂഢാലോചന മാത്രമാണിതെന്നാണോ താങ്കള്‍ പറയുന്നത്?”
“അങ്ങനെ ഞാന്‍ പറഞ്ഞില്ല.”
“രണ്ടോ മൂന്നോ പേര്‍ എന്നാണ് താങ്കള്‍ അല്പ സമയം മുന്‍പു പറഞ്ഞത്.”
“എനിക്കു ലഭിച്ച വിവരമാണത്. ജനങ്ങളുടെ അഭിപ്രായമല്ല നിങ്ങള്‍ പറഞ്ഞത്.”
യഥാര്‍ഥത്തില്‍ മുഖ്യമന്ത്രി പറഞ്ഞത് വസ്തുതാവിരുദ്ധമായിരുന്നു. രണ്ടോ മൂന്നോ പേര്‍ മാത്രമായിരുന്നില്ല അദ്ദേഹത്തെപ്പറ്റി ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. ഈ പ്രസ്താവനയെ സാധൂകരിക്കുന്ന തരത്തിലുള്ള നിരീക്ഷണങ്ങള്‍ സുപ്രീം കോടതിയിലെ ജഡ്ജിമാര്‍, ചീഫ് ജസ്റ്റിസ് അടക്കമുള്ളവര്‍, തുറന്ന കോടതിയില്‍ നടത്തിയിരുന്നു. അതുകൊണ്ടു തന്നെ ഞാനദ്ദേഹത്തെ ഈ വിഷയത്തില്‍ കൂടുതല്‍ ചോദ്യം ചെയ്യാനാരംഭിച്ചു.
“ഗുജറാത്ത് സര്‍ക്കാരില്‍ തങ്ങള്‍ക്കു വിശ്വാസം നഷ്ടപ്പെട്ടതായി സുപ്രീം കോടതി 2003 സെപ്തംബറില്‍ പറഞ്ഞത് ഞാന്‍ ചൂണ്ടിക്കാണിക്കട്ടെ. നിസ്സഹായരായ കുട്ടികളും നിഷ്‌കളങ്കരായ സ്ത്രീകളും കത്തിയെരിയുമ്പോള്‍ മറ്റു ഭാഗങ്ങളിലേക്ക് ശ്രദ്ധ തിരിക്കുന്ന അഭിനവ നീറോയാണ് താങ്കള്‍ എന്നു പറഞ്ഞതും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആണ്. അതും തുറന്ന കോടതിയില്‍, 2004-ല്‍. സുപ്രീം കോടതിക്ക് താങ്കളുമായി എന്തോ പ്രശ്നമുണ്ടെന്നു തോന്നുന്നു.”
“കരണ്‍ജി, എനിക്കൊരു അഭ്യര്‍ത്ഥനയുണ്ട്. ദയവായി നിങ്ങള്‍ സുപ്രീം കോടതി വിധിയെക്കുറിച്ചു സംസാരിക്കൂ. രേഖാമൂലം എന്തെങ്കിലുമുണ്ടോ ഇത്തരത്തില്‍? അതേക്കുറിച്ചറിയാന്‍ എനിക്കാഗ്രഹമുണ്ട്.”
“താങ്കള്‍ പറഞ്ഞതു ശരിയാണ്. രേഖാമൂലമല്ല, ഒരു നിരീക്ഷണമായാണ് കോടതി ഇതു പറഞ്ഞത്.”
“അതൊരു വിധിന്യായമാണെങ്കില്‍, ഞാന്‍ സന്തോഷത്തോടെ നിങ്ങള്‍ക്കുത്തരം നല്‍കും.”
“ചീഫ് ജസ്റ്റിസ് കോടതിയില്‍ നടത്തിയ വിമര്‍ശനമാണ്. അത് കാര്യമാക്കേണ്ടതില്ലെന്നാണോ?”
“എന്റെ എളിയ അഭ്യര്‍ത്ഥനയാണ്. ദയവായി കോടതി വിധിയെക്കുറിച്ചു സംസാരിക്കൂ. നിങ്ങള്‍ ഇപ്പോള്‍ ഉദ്ധരിക്കുന്ന വാചകം വിധിയുടെ പകര്‍പ്പിലുണ്ടെങ്കില്‍ അത് കണ്ടെത്തി കാണിക്കൂ. ഇന്ത്യയിലെ ജനങ്ങള്‍ക്ക് അതറിയണമെങ്കില്‍ എനിക്കതില്‍ സന്തോഷമേയുള്ളൂ.”
“ചീഫ് ജസ്റ്റിസ് നടത്തിയ ഒരു തുറന്ന പ്രസ്താവന മാത്രമായിരുന്നില്ല അത്. 4600 കേസുകളില്‍ 2100 എണ്ണവും സുപ്രീം കോടതി 2004 ആഗസ്തില്‍ പുനരന്വേഷണത്തിനായി പരിഗണിച്ചിരുന്നു. നാല്പതു ശതമാനത്തിലേറെ വരുമത്. മോദിയുടെ ഗുജറാത്തില്‍ നീതി നടപ്പായില്ലെന്ന് കോടതി വിശ്വസിച്ചതിനാലാണത്.”
“കോടതി വിധിയില്‍ ഞാന്‍ സന്തോഷവാനാണ്. ആത്യന്തികമായി, കോടതി തന്നെയാണ് തീരുമാനങ്ങളെടുക്കുക.”
കോടതി വിധിയില്‍ ഔദ്യോഗികമായി രേഖപ്പെടുത്തിയിരിക്കുന്നതും തുറന്ന കോടതിയില്‍ വാക്കാല്‍ അഭിപ്രായപ്പെടുന്നതും തമ്മില്‍ വ്യക്തമായൊരു വ്യത്യാസം രേഖപ്പെടുത്തുകയായിരുന്നു മോദി. എന്നിരുന്നാലും, തെരഞ്ഞെടുപ്പു നേരിടാന്‍ പോകുന്ന ഒരു രാഷ്ട്രീയപ്രവര്‍ത്തകനെ സംബന്ധിച്ചിടത്തോളം ഇതത്ര വിശ്വാസകരമായ പ്രതിരോധമല്ല.
വിമര്‍ശനമുണ്ടായിരിക്കുന്നത് ചീഫ് ജസ്റ്റിസിന്റെ പക്ഷത്തു നിന്നുമാണ്. അത് വാക്കാലായാലും രേഖാമൂലമായാലും ഒരേപോലെ ഗൗരവതരമാണ്. ഈ വിമര്‍ശനം എല്ലാ ദിനപത്രങ്ങളും ആദ്യ പേജില്‍ തന്നെ വലിയ വാര്‍ത്തയായി കൊടുത്തിട്ടുള്ളതുമാണ്. രണ്ടാമതൊരു പൊതു തെരഞ്ഞെടുപ്പു നേരിടാനൊരുങ്ങവേ മോദി അഭിമുഖീകരിക്കുന്ന പ്രതിച്ഛായാ പ്രതിസന്ധിയുടെ കേന്ദ്രവുമിതാണ്.
ഈ യാഥാര്‍ത്ഥ്യത്തെ കുറച്ചു കാണിക്കാന്‍ ഒരുതരത്തിലുള്ള വാഗ്ധോരണിക്കും സാധ്യമല്ല. ഇക്കാര്യമാണ് ഞാനദ്ദേഹത്തെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരുന്നത്.
സത്യത്തില്‍, ഞാന്‍ അഭിമുഖത്തില്‍ പരാമര്‍ശിച്ച അഭിനവ നീറോ പ്രസ്താവന വെറും വാക്കാലുള്ളതായിരുന്നില്ല. സുപ്രീം കോടതിയുടെ രേഖാമൂലമുള്ള വിധിന്യായത്തില്‍ ഉള്‍പ്പെട്ടതായിരുന്നു അത്. നിര്‍ഭാഗ്യവശാല്‍, അന്നെനിക്ക് അതേപ്പറ്റി അറിവുണ്ടായിരുന്നില്ല. മൂന്നു മിനിട്ട് ഇന്റര്‍വ്യൂ കണ്ട ടീസ്ത സെതല്‍വാദാണ് അതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ എനിക്കു നല്‍കുന്നത്.
സാഹിറ ഹബീബുള്ള എച്ച്. ഷെയ്ഖും ഗുജറാത്ത് സര്‍ക്കാരും തമ്മിലുള്ള കേസില്‍ 2004 ഏപ്രില്‍ 12ന് ജസ്റ്റിസ് ദൊരൈസ്വാമിയും അര്‍ജിത് പസായതുമടങ്ങുന്ന ബെഞ്ച് പുറത്തുവിട്ട വിധിയിലാണ് ഈ പരാമര്‍ശമുള്ളത്. “ബെസ്റ്റ് ബേക്കറിയും നിഷ്‌കളങ്കരായ കുട്ടികളും നിസ്സഹായരായ സ്ത്രീകളുമെല്ലാം കത്തിയെരിയുമ്പോള്‍ അഭിനവ നീറോമാരുടെ ശ്രദ്ധ വേറെയെവിടെയോ ആയിരുന്നു.
ഈ അക്രമത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ എങ്ങിനെ സംരക്ഷിക്കാമെന്ന് ചിന്തിക്കുകയായിരുന്നിരിക്കും അവര്‍” എന്നാണ് വിധിയില്‍ എഴുതിയിട്ടുള്ളത്. ആത്മാര്‍ത്ഥമായി പറഞ്ഞാല്‍, ഞാനത്രയും നേരം സ്ഥാപിക്കാന്‍ ശ്രമിച്ചതിലും എത്രയോ മടങ്ങ് പ്രഹരശേഷിയുള്ളതായിരുന്നു ഈ പ്രസ്താവന. മോദി കുറ്റവാളികളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതായും ഇതില്‍ പരാമര്‍ശിക്കുന്നുണ്ട്.
അഭിമുഖത്തിന്റെ സമയത്ത് ഞാനിതറിഞ്ഞിരുന്നില്ലെന്നത് കഷ്ടം തന്നെയാണ്. എന്റെ ചോദ്യം കൂടുതല്‍ ശക്തിപ്പെടുത്താന്‍ എനിക്കു സാധിച്ചേനെ. അദ്ദേഹത്തെ വെറിപിടിപ്പിക്കാന്‍ പക്ഷേ, വീര്യം കുറഞ്ഞ ഈ ചോദ്യം തന്നെ ധാരാളമായിരുന്നു.
“പ്രശ്നമെന്താണെന്ന് ഞാന്‍ പറയാം.” ഇന്റര്‍വ്യൂ തുടര്‍ന്നു കൊണ്ട് ഞാന്‍ പറഞ്ഞു. “2002ലെ കൂട്ടക്കൊലയ്ക്കു ശേഷം അഞ്ചു വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും, ഗോധ്രയുടെ ദുര്‍ഭൂതം താങ്കളെ വേട്ടയാടുകയാണ്. അതിനെ അടക്കാന്‍ താങ്കള്‍ ശ്രമിക്കാഞ്ഞതെന്താണ്?”
“ആ കര്‍ത്തവ്യം ഞാന്‍ കരണ്‍ ഥാപ്പറിനെപ്പോലുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് കൈമാറുന്നു. അവര്‍ ആസ്വദിക്കട്ടെ.”
“ഞാനൊരു നിര്‍ദ്ദേശം മുന്നോട്ടു വയ്ക്കട്ടെ”
“ആവട്ടെ, എനിക്കു വിരോധമില്ല.”
“ഗുജറാത്തില്‍ നടന്ന കൊലപാതകങ്ങളില്‍ പശ്ചാത്താപമുണ്ടെന്നു സമ്മതിച്ചുകൂടേ? മുസ്ലിങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഇതിലുമധികം കാര്യക്ഷമമായി പ്രവര്‍ത്തിക്കണമായിരുന്നു എന്നു പറഞ്ഞുകൂടേ?”
“എനിക്കു പറയാനുള്ളത് ഞാന്‍ അന്നു തന്നെ പറഞ്ഞിട്ടുണ്ട്. എന്റെ പ്രസ്താവനകള്‍ പരിശോധിക്കൂ.”
“അന്ന് പറഞ്ഞത് ഒന്നു കൂടി ആവര്‍ത്തിച്ചു കൂടേ?”
“നിങ്ങള്‍ 2007നെപ്പറ്റി സംസാരിക്കാനാഗ്രഹിക്കുന്നതെല്ലാം ഞാനും സംസാരിച്ചുകൊള്ളണമെന്നില്ല.”
“പക്ഷേ അതു വീണ്ടും പറയാതിരിക്കുന്നതു വഴി, ജനങ്ങളെ അതു വീണ്ടും ആവര്‍ത്തിച്ചു കേള്‍ക്കാന്‍ അനുവദിക്കാതിരിക്കുന്നതു വഴി ഗുജറാത്തിന്റെ താല്‍പര്യങ്ങള്‍ക്കു വിരുദ്ധമായ ഒരു പ്രതിച്ഛായ തുടരാനാണ് താങ്കള്‍ അനുവദിക്കുന്നത്. അതില്‍ മാറ്റം കൊണ്ടു വരികയെന്നത് നിങ്ങളുടെ കൈയിലാണ്.”
ഈ ചര്‍ച്ച രണ്ടോ മൂന്നോ മിനിട്ട് നീണ്ടു. അത്രയും നേരം നരേന്ദ്ര മോദിയുടെ മുഖത്തു ഭാവഭേദമില്ലായിരുന്നു. എങ്കിലും അദ്ദേഹം സന്തുഷ്ടനല്ലെന്നതു വ്യക്തമായിരുന്നു. അദ്ദേഹത്തിന്റെ കണ്ണുകള്‍ പോലും നിര്‍വികാരമായിരുന്നു. അദ്ദേഹം തന്റെ മുഖം ശാന്തവും ദൃഢവുമായി വയ്ക്കാന്‍ പാടുപെടുകയായിരുന്നുവെന്നു വേണം അനുമാനിക്കാന്‍.
പക്ഷേ, ഇപ്പോള്‍ അദ്ദേഹത്തിന്റെ ക്ഷമയും ദൃഢനിശ്ചയവും നശിച്ചിരുന്നു. ഇതിനു മേല്‍ താങ്ങാനാവില്ലെന്നുറപ്പായപ്പോള്‍ അദ്ദേഹം അഭിമുഖമവസാനിപ്പിച്ച് എഴുന്നേറ്റു. “എനിക്കു വിശ്രമിക്കണം. എനിക്കല്പം വെള്ളം വേണം” എന്നു പറഞ്ഞുകൊണ്ട് അദ്ദേഹം മൈക്ക് എടുത്തുമാറ്റാനാരംഭിച്ചു.
ആദ്യം ഞാന്‍ കരുതിയത് അദ്ദേഹം യഥാര്‍ത്ഥത്തില്‍ ദാഹിച്ച് എഴുന്നേറ്റതാണെന്നാണ്. അദ്ദേഹത്തിന്റെ ഇരിപ്പിടത്തിനടുത്തുള്ള കൊച്ചു മേശമേല്‍ വച്ചിരുന്ന ഒരു ഗ്ലാസ് വെള്ളം ഞാന്‍ ചൂണ്ടിക്കാണിച്ചു കൊടുത്തു. എന്നാല്‍ അല്പസമയത്തിനകം തന്നെ അത് വെറുമൊരു ഒഴിവുകഴിവായിരുന്നെന്ന് എനിക്കു മനസ്സിലായി. ഇന്റര്‍വ്യൂ ശരിക്കും അവസാനിച്ചു കഴിഞ്ഞിരുന്നു.
അപ്പോള്‍പ്പോലും മോദി ഒരു തരത്തിലുള്ള ദേഷ്യവും കാണിച്ചിരുന്നില്ല. ഈ മൂന്നു മിനുട്ടുകളുടെ വീഡിയോ ടേപ്പ് സി.എന്‍.എന്‍ ഐ.ബി.എന്‍. അടുത്ത ദിവസം തുടര്‍ച്ചയായി സംപ്രേക്ഷണം ചെയ്തു. “നിങ്ങളിവിടെ വന്നതില്‍ ഞാന്‍ സന്തുഷ്ടനും കൃതാര്‍ത്ഥനുമാണ്. പക്ഷേ ഈ അഭിമുഖം തുടരാന്‍ എനിക്കു സാധിക്കില്ല. നിങ്ങളുടെ ആശയങ്ങളാണിതെല്ലാം, നിങ്ങള്‍ തന്നെ സംസാരിച്ചോളൂ. എനിക്ക് നിങ്ങളുമായി സൗഹൃദത്തില്‍ തന്നെ മുന്നോട്ടു പോകണമെന്നാണ് ആഗ്രഹം.” എന്നദ്ദേഹം ആവര്‍ത്തിച്ചുകൊണ്ടിരുന്നു.
ഈ സംഭവത്തിനു ശേഷം ഞാനദ്ദേഹവുമായി അവിടെ ഏകദേശം ഒരു മണിക്കൂറോളം ചെലവഴിച്ചു എന്നതാണ് വിചിത്രമായ യാഥാര്‍ത്ഥ്യം. അദ്ദേഹമെനിക്കായി ചായയും മധുരപലഹാരങ്ങളും ഗുജറാത്തി വിഭവമായ ധോക്ലയും ഒരുക്കിയിരുന്നു. അത്തരമൊരു സന്ദര്‍ഭത്തില്‍ പോലും അദ്ദേഹത്തിന്റെ ആതിഥ്യമര്യാദ അസാമാന്യമായിരുന്നു.
അവിടെ ചെലവഴിച്ച ഓരോ നിമിഷവും അഭിമുഖം തുടരാനായി ഞാനദ്ദേഹത്തെ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. അഭിമുഖത്തിന്റെ ഘടനയില്‍ മാറ്റം വരുത്താമെന്നും 2002 ലെ സംഘര്‍ഷങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ അവസാനത്തേക്കു വയ്ക്കാമെന്നും ഞാന്‍ ഉറപ്പു നല്‍കി.
ഇരു കൂട്ടരെ സംബന്ധിച്ചും ഒഴിവാക്കാനാകാത്ത വിഷയമായതിനാലാണ് ഗോധ്രയും മുസ്ലിം കൂട്ടക്കൊലയും വച്ചു തുടങ്ങിയതെന്നും, അതിലുപരി എനിക്കു മറ്റു പലതും ചോദിക്കാനുണ്ടെന്നും അദ്ദേഹത്തെ പറഞ്ഞു മനസ്സിലാക്കാന്‍ ഞാന്‍ ശ്രമിച്ചു. ആദ്യമേ തന്നെ ചര്‍ച്ച ചെയ്ത് ആ വിഷയം ഒഴിവാക്കുന്നതായിരുന്നു ഏറ്റവും നല്ലത്.
പക്ഷേ ഈ യുക്തിയൊന്നും നരേന്ദ്ര മോദിയുടെ അടുത്ത് വിലപ്പോയില്ല. അഭിമുഖത്തിനനുവദിച്ച സമയം മൂന്നു മിനുട്ടുകള്‍ മാത്രമായി ചുരുക്കിയാല്‍ അടുത്തദിവസം ചാനല്‍ അത് ആവര്‍ത്തിച്ചു സംപ്രേക്ഷണം ചെയ്യുമെന്നും ഞാന്‍ പറഞ്ഞുനോക്കി. അവര്‍ അതിനെ ഒരു വാര്‍ത്തായായാവും പരിഗണിക്കുക. എല്ലാ ബുള്ളറ്റിനിലും ഈ മൂന്നു മിനുട്ടുകള്‍ ഉള്‍പ്പെടുത്തിയേക്കും.
അതേസമയം അദ്ദേഹം ഒരു മുഴുനീള ഇന്റര്‍വ്യൂവിനു തയ്യാറായാല്‍ അത് ഒരു തവണ ചാനലില്‍ സംപ്രേക്ഷണം ചെയ്യും, ഒരു തവണ പുനഃസംപ്രേക്ഷണം ചെയ്യും, പിന്നീട് പാടേ വിസ്മരിക്കപ്പെടും. ഈ വാദങ്ങളൊന്നും മോദിയെ തിരികെക്കൊണ്ടുവരാന്‍ സഹായിച്ചില്ല.
തന്റെ മാനസികാവസ്ഥ മാറിയെന്നാണ് അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നത്. അഭിമുഖം മറ്റൊരിക്കല്‍ തുടരാമെന്നും അദ്ദേഹം എന്നോടു പറഞ്ഞു. അപ്പോഴും, ഞങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിന് ഉലച്ചില്‍ തട്ടരുതെന്നും അദ്ദേഹം ആവര്‍ത്തിക്കുന്നുണ്ടായിരുന്നു. “സൗഹൃദം തുടരണ”മെന്ന് ആദ്യം പറഞ്ഞ വാചകം ഈ സമയമത്രയും അദ്ദേഹം വീണ്ടും വീണ്ടും പറഞ്ഞു.
ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍, ഇപ്പോള്‍ തിരിച്ചില്ലെങ്കില്‍ എനിക്ക് ദല്‍ഹിക്കുള്ള വിമാനം പുറപ്പെടുന്ന സമയത്ത് എത്താന്‍ സാധിക്കില്ലെന്നു പറഞ്ഞ് ഞാനെഴുന്നേറ്റു. പരസ്പരം ഹസ്തദാനം നല്‍കിക്കൊണ്ട് ഞങ്ങള്‍ പിരിഞ്ഞു.
അതിനടുത്ത ഞായറാഴ്ച ചാനല്‍ അഭിമുഖം പുറത്തുവിട്ടു. പ്രതീക്ഷിച്ച പോലെത്തന്നെ, അത് വലിയ വാര്‍ത്തയാവുകയും ചെയ്തു. ഞാന്‍ പ്രവചിച്ചതു പോലെത്തന്നെ എല്ലാ ബുള്ളറ്റിനിലും അവരത് ഉള്‍പ്പെടുത്തുകയും ചെയ്തും. ഗുജറാത്തിലെ പ്രചാരണങ്ങള്‍ കൊടുമ്പിരിക്കൊണ്ടിരിക്കുന്നതിനിടയിലായിരുന്നു മോദിയുടെ ഈ ഇറങ്ങിപ്പോക്കെന്നതിനാല്‍ അതിനു കാര്യമായ വാര്‍ത്താപ്രാധാന്യവുമുണ്ടായിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിക്കാരും അതേറ്റു പിടിച്ചു.
തിങ്കളാഴ്ച വൈകീട്ട് മോദി എന്നെ വിളിച്ചു. “എന്റെ തോളത്തൊരു തോക്കു വച്ച് നിങ്ങള്‍ വെടിയുതിര്‍ത്തിരിക്കുകയാണ്.” ഇതു തന്നെയാണ് ഞാനും പ്രതീക്ഷിച്ചിരുന്നതെന്ന് ഞാനദ്ദേഹത്തോടു പറഞ്ഞു. അദ്ദേഹം ഇറങ്ങിപ്പോകാതെ അഭിമുഖം പൂര്‍ത്തീകരിക്കുക തന്നെ വേണമെന്ന് ഞാന്‍ നിര്‍ബന്ധിച്ചതും ഇതു മുന്‍കൂട്ടി കണ്ടതു കൊണ്ടാണ്.
അതു കേട്ട് മോദി പൊട്ടിച്ചിരിച്ചു. അതിനു ശേഷം അദ്ദേഹം പറഞ്ഞ കാര്യം ഞാന്‍ ഒരിക്കലും മറക്കുകയില്ല.
“കരണ്‍ജി, നിങ്ങളെ എനിക്കു വലിയ ഇഷ്ടമാണ്. ഞാന്‍ ദല്‍ഹിയിലെത്തുമ്പോള്‍ നമുക്കൊരുമിച്ച് ഒരിക്കല്‍ ഭക്ഷണം കഴിക്കണം.”
പിരിയുമ്പോള്‍ പറയാനുള്ള ഏറ്റവും സമര്‍ത്ഥമായ വരികളായിരുന്നു ഇത് എന്നതാണ് സത്യം. അതിനു ശേഷം ഞാന്‍ മോദിയെ ഇന്നേവരെ കണ്ടിട്ടില്ല. ഞങ്ങള്‍ പിന്നീടിതു വരെ സംസാരിച്ചിട്ടുമില്ല. അങ്ങനെയുള്ളപ്പോള്‍ ഒരുമിച്ചു ഭക്ഷണം കഴിക്കാന്‍ ക്ഷണം ലഭിക്കുന്ന ചോദ്യം ഉദിക്കുന്നതേയില്ല.
പക്ഷേ ശ്രദ്ധിക്കേണ്ട കാര്യമതല്ല. ഈ ഇന്റര്‍വ്യൂ കഴിഞ്ഞ് അടുത്ത പത്തുവര്‍ഷക്കാലത്തേക്ക് ബി.ജെ.പിയുമായി എനിക്കുള്ള ബന്ധത്തിന് യാതൊരു കോട്ടവും തട്ടിയിരുന്നില്ല. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്കെല്ലാം ഇറങ്ങിപ്പോക്കു കഥയുടെ വിശദാംശങ്ങള്‍ അറിയേണ്ടിയിരുന്നു. അവരോടതു പറയുന്നത് ഞാന്‍ ആസ്വദിച്ചിരുന്നു എന്നതും സത്യമാണ്.
എന്നാല്‍ പ്രധാനമായും, ഇന്റര്‍വ്യൂകള്‍ നല്‍കുന്നതില്‍ നിന്നും അവരാരും വിലക്കപ്പെട്ടിരുന്നില്ല. മാത്രമല്ല, സംസാരിക്കാന്‍ അല്പം പോലും വിമുഖത കാണിച്ചിരുന്നുമില്ല.
രണ്ടായിരത്തിയേഴു മുതല്‍ രണ്ടായിരത്തിപ്പതിനാറിന്റെ ആദ്യ ഘട്ടങ്ങള്‍ വരെ ഇതായിരുന്നു അവസ്ഥ. മോദി സര്‍ക്കാര്‍ ഭരണത്തിലേറി ആദ്യ പതിനെട്ടു മാസങ്ങളോളവും എന്നോടുള്ള മനഃസ്ഥിതിയില്‍ മാറ്റമുണ്ടായിരുന്നില്ല. ഞാനവതരിപ്പിക്കുന്ന പരിപാടികളില്‍ പങ്കെടുക്കാനും എനിക്ക് അഭിമുഖങ്ങള്‍ അനുവദിക്കാനും ബി.ജെ.പിയുടെ വക്താക്കളും മന്ത്രിമാരും എപ്പോഴും തയ്യാറായിരുന്നു.
മോദിയുമായുള്ള ആ അഭിമുഖം ഒരിക്കലും നടന്നിട്ടില്ലാത്ത പോലെയോ, അതോ മറക്കപ്പെട്ടതു പോലെയോ ആയിരുന്നു. 2014ല്‍ നടന്ന ആ സംഭവം കഴിഞ്ഞിട്ട് അപ്പോഴേക്കും ഏഴു വര്‍ഷങ്ങളായിരുന്നു.
ഇക്കാരണങ്ങളൊക്കെ കണക്കിലെടുത്താണ് എന്നോടുള്ള “തൊട്ടുകൂടായ്മ” ആരംഭിച്ച ആദ്യ ഘട്ടങ്ങളില്‍ ഇന്റര്‍വ്യൂ പ്രശ്നമാണ് അതിന്റെ മൂലകാരണമെന്ന് അംഗീകരിക്കാന്‍ എനിക്കു സാധിക്കാതിരുന്നത്. അല്പം സമയമെടുത്താണ് യഥാര്‍ത്ഥത്തില്‍ അതുതന്നെയാണ് പ്രശ്നമെന്ന് ഞാന്‍ തിരിച്ചറിഞ്ഞത്.
2017 ഒക്ടോബര്‍ 18-നാണ് ഇതു സംബന്ധിച്ച തെളിവുകള്‍ നയതന്ത്രജ്ഞനും രാഷ്ട്രീയപ്രവര്‍ത്തകനുമായ പവന്‍ വര്‍മ എനിക്കു നല്‍കുന്നത്. നൃപേന്ദ്ര മിശ്ര നല്‍കിയ സൂചനകളെ ബലപ്പെടുത്തുന്നതായിരുന്നു പവന്റെ വാക്കുകള്‍. തീര്‍ത്തും അലോസരപ്പെടുത്തുന്നതായിരുന്നു അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍.
എന്റെ ഓഫീസിലിരുന്ന് അവിടെ വച്ചിട്ടുള്ള ഫോട്ടോകളിലൂടെ കണ്ണോടിക്കുകയായിരുന്നു പവന്‍. അതിനിടയ്ക്കാണ് മോദിയുടെ ഒരു ചിത്രം അദ്ദേഹം ശ്രദ്ധിക്കുന്നത്. ഞാന്‍ ഇന്റര്‍വ്യൂ ചെയ്തിട്ടുള്ള മുന്‍ പ്രധാനമന്ത്രിമാരുടെ ചിത്രങ്ങള്‍ക്കൊപ്പമായിരുന്നു അത് വച്ചിരുന്നത്. അന്നത്തെ അഭിമുഖത്തില്‍ നിന്നുമുള്ള ഒരു ദൃശ്യം ടെലിവിഷന്‍ സ്‌ക്രീനില്‍ നിന്നും ക്യാപ്ചര്‍ ചെയ്തതായിരുന്നു ആ മോദിച്ചിത്രം.
സംഭാഷണത്തിനിടെ മോദി മൈക്ക് എടുത്തുമാറ്റാനാരംഭിച്ച ആ നിമിഷത്തെ ദൃശ്യമായിരുന്നു അത്. “എനിക്ക് ഈ അഭിമുഖം തുടരാനാകില്ല” എന്ന സി.എന്‍.എന്‍ ഐ.ബി.എന്‍. അടിക്കുറിപ്പും സ്‌ക്രീനില്‍ വ്യക്തമായി കാണാം.
“ഈ അഭിമുഖത്തെക്കുറിച്ച് പ്രശാന്ത് കിഷോര്‍ എന്താണെന്നോടു പറഞ്ഞതെന്ന് അറിയാമോ?” പവന്‍ പെട്ടന്നു ചോദിച്ചു. “2014ലെ തെരഞ്ഞെടുപ്പിനായി മോദിയെ തയ്യാറെടുപ്പിക്കുന്നതിന്റെ ഭാഗമായി ഇത് മുപ്പതു തവണയോളം അദ്ദേഹത്തെ കാണിച്ചിരുന്നെന്ന്.
നിങ്ങളുടെ ഇന്റര്‍വ്യൂ ഉപയോഗിച്ചാണ് എങ്ങനെ ബുദ്ധിമുട്ടേറിയ ചോദ്യങ്ങളും വിഷമകരമായ സന്ദര്‍ഭങ്ങളും അതിജീവിക്കാമെന്ന് അദ്ദേഹത്തിന്റെ ട്രെയിനിംഗ് സംഘം അദ്ദേഹത്തെ പരിശീലിപ്പിച്ചത്.”
പ്രശാന്ത് കിേഷാറുമായുള്ള സംഭാഷണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പവന്‍ പറയാന്‍ തുടങ്ങിയതോടെ ഞാന്‍ ആശ്ചര്യപ്പെട്ടുപോയി. അഭിമുഖത്തിനു ശേഷം മനപ്പൂര്‍വമായിരുന്നത്രേ മോദി എന്നെ ഒരു മണിക്കൂറോളം ഇരുത്തി സംസാരിച്ചു പറഞ്ഞയച്ചത്. അദ്ദേഹത്തിന് എന്നോട് ഒരു തരത്തിലുള്ള വിദ്വേഷവുമില്ലെന്നു തോന്നിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നത്രേ ഇത്.
എന്നെ നിരായുധനാക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമായിരുന്നു ആ ചായയും മധുരപലഹാരങ്ങളും ധോക്ലയുമെല്ലാം! മോദി അങ്ങേയറ്റം സൗഹൃദപരമായാണ് പെരുമാറിയതെന്നും അഭിമുഖത്തിന്റെ പരിണിതഫലങ്ങളോര്‍ത്ത് ആശങ്കപ്പെടുന്നതായി തോന്നിയതേയില്ലെന്നും ഞാന്‍ പവനോടു പറഞ്ഞു. എന്നാല്‍, അതെല്ലാം കരുതിക്കൂട്ടിയുള്ള നീക്കങ്ങളായിരുന്നുവെന്ന് പവന്‍ പ്രതിവചിച്ചു. എല്ലാം വളരെ ബോധപൂര്‍വം തയ്യാറാക്കിയ തന്ത്രങ്ങളായിരുന്നു.
“നിങ്ങള്‍ക്ക് മറ്റൊരു കാര്യമറിയാമോ?” പവന്‍ വീണ്ടു ചോദിച്ചു. “നിങ്ങള്‍ക്ക് ഒരിക്കലും മാപ്പു നല്‍കില്ലെന്ന് മോദി പ്രശാന്തിനോടു പറഞ്ഞിരുന്നു. സാഹചര്യം ലഭിക്കുമ്പോള്‍ പ്രതികാരം ചെയ്യുക തന്നെ ചെയ്യുമെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നത്രേ. ഇക്കാര്യം പ്രശാന്ത് എന്നോട് രണ്ടോ മൂന്നോ തവണ ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്. മോദിയുടെ യാദൃശ്ചികമായ ഒരു പരാമര്‍ശമായിരുന്നില്ല അത്. തീരുമാനിച്ചുറപ്പിച്ച പോലുള്ള പ്രസ്താവനയായാണ് പ്രശാന്തിന് തോന്നിയത്. നിങ്ങളുമായി തുല്യതയിലെത്താതെ അദ്ദേഹം വിശ്രമിക്കുകയില്ല.”
പവനെ അവിശ്വസിക്കേണ്ട കാര്യമുണ്ടെന്ന് എനിക്കു തോന്നുന്നില്ല. യാഥാര്‍ത്ഥ്യത്തില്‍ വെള്ളം ചേര്‍ത്തതു കൊണ്ടോ എന്നെ തെറ്റിദ്ധരിപ്പിച്ചതു കൊണ്ടോ അദ്ദേഹത്തിന് ഒന്നും ലഭിക്കാനില്ല. മാത്രമല്ല, 2016-ന്റെ ആദ്യ ഘട്ടങ്ങള്‍ മുതല്‍ എന്നോട് ബി.ജെ.പി പെരുമാറിയ രീതികളെ ഈ പ്രസ്താവന വിശദീകരിക്കുന്നുണ്ടു താനും.
ഇതു കൊണ്ടുതന്നെയാവണം എന്റെ പരിപാടികളില്‍ പങ്കെടുക്കരുതെന്ന് പാര്‍ട്ടി വക്താക്കള്‍ക്ക് നിര്‍ദ്ദേശം ലഭിച്ചതും, മന്ത്രിമാര്‍ അഭിമുഖത്തിനു സമയമനുവദിക്കുന്നത് നിര്‍ത്തിയതും. ആദ്യത്തെ സമാശ്വാസത്തിനു ശേഷം അമിത് ഷാ പിന്നീട് എന്നെ ബന്ധപ്പെടുകയോ എന്റെ കോളുകള്‍ അറ്റന്റ് ചെയ്യുകയോ ചെയ്യാതിരുന്നതും ഇതിനാലാവണം. നൃപേന്ദ്ര മിശ്ര സംസാരിച്ചപ്പോഴും മോദി എന്നെക്കണ്ട് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തയ്യാറാവാത്തതിന്റെ കാരണവും മറ്റൊന്നായിരിക്കില്ല.
കടപ്പാട്: ദ വയര്‍
സ്വതന്ത്ര പരിഭാഷ: ജിന്‍സി. ടി. എം, ശ്രീഷ്മ കെ.