ബംഗളൂരു: ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ മൗനം പാലിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായെത്തിയ പ്രകാശ് രാജ് തന്റെ പ്രസംഗത്തില്‍ തിരുത്തലുകളുമായി രംഗത്ത്. മോദി മൗനം പാലിക്കുന്നതില്‍ പ്രതിഷേധിച്ച് ദേശീയ പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കുമെന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. മോദിക്കെതിരായ പരാമര്‍ശം ചര്‍ച്ചയായതിനെത്തുടര്‍ന്ന് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് താരം തിരുത്തുമായെത്തിയത്.
അവാര്‍ഡുകള്‍ തന്റെ കഴിവിനുള്ള അംഗീകാരമാണെന്നും അത് തിരിച്ച് നല്‍കുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നുമായിരുന്നു പ്രകാശ് രാജ് വീഡിയോയിലൂടെ നല്‍കിയ വിശദീകരണം. “അവാര്‍ഡുകള്‍ തിരിച്ചു നല്‍കുമെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. അത് തന്റെ കഴിവിനു ലഭിച്ച ബഹുമതിയാണ്, അതിനെ അംഗീകരിക്കുന്നു. ഗൗരി ലങ്കേഷിന്റെ ആ മരണത്തെ ആഘോഷമാക്കിയവര്‍ക്കുള്ള മറുപടിയാണ് പ്രസംഗത്തിലൂടെ നല്‍കിയത്.”
“സമൂഹമാധ്യമങ്ങളില്‍ ഗൗരിയുടെ മരണം ആഘോഷിച്ചവരില്‍ പലരും പ്രധാനമന്ത്രിയെ പിന്തുടരുന്നവരാണ്. പക്ഷേ അദ്ദേഹം അവര്‍ക്കെതിരെ ഒരക്ഷരം മിണ്ടുന്നില്ല, യാതൊരു നിലപാടും വ്യക്തമാക്കുന്നുമില്ല. ഈ രാജ്യത്തെ പൗരന്‍ എന്ന നിലയില്‍ നമ്മുടെ പ്രധാനമന്ത്രിയുടെ നിശബ്ദത എന്നെ അസ്വസ്ഥനാക്കുന്നു, വേദനിപ്പിക്കുന്നു, ഭയപ്പെടുത്തുന്നു. ഞാനൊരു പാര്‍ട്ടിയിലും അംഗമല്ല. ഒരു പാര്‍ട്ടിക്കും എതിരുമല്ല. പക്ഷേ പ്രധാനമന്ത്രിയുടെ നിശബ്ദത പേടിപ്പെടുത്തുന്നുവെന്നാണു പറഞ്ഞത്. രാജ്യത്തെ പൗരനെന്ന നിലയില്‍ അതിനുള്ള അവകാശം എനിക്കുണ്ട്.” അദ്ദേഹം പറഞ്ഞു.
ഡി.വൈ.എഫ്.ഐയുടെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കവെയായിരുന്നു ഗൗരി ലങ്കേഷിന്റെ മരണത്തിലെ മോദിയുടെ നിലപാടിനെതിരെ പ്രകാശ് രാജ് രംഗത്തെത്തിയത്. പ്രസംഗം ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയായതോടെയാണ് വിശദീകരണവുമായുള്ള താരത്തിന്റെ രംഗപ്രവേശം. തന്റെ പരാമര്‍ശങ്ങളെപ്പറ്റി വെറുതെ കോലാഹലങ്ങളുണ്ടാക്കി ചര്‍ച്ച തുടരുന്നതില്‍ താത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
“മോദി ഞാന്‍ അറിയപ്പെടുന്നൊരു നടനാണ്. നിങ്ങള്‍ അഭിനയിക്കുന്നത് എനിക്ക് മനസിലാക്കാന്‍ കഴിയില്ലെന്നാണോ കരുതുന്നത്. കുറച്ചെങ്കിലും ബഹുമാനം കാണിക്കണം. ഒന്നുമില്ലെങ്കിലും എന്താണ് സത്യം എന്താണ് അഭിനയം എന്നു പറയാന്‍ എനിക്ക് കഴിയുമെന്ന് ഓര്‍ക്കണം.” എന്നും താരം നേരത്തെ മോദിയോടായി പറഞ്ഞിരുന്നു.
“ഗൗരിയുടെ കൊലപാതകികളെ പിടികൂടിയിട്ടില്ല എന്നതിനേക്കാള്‍ ദു:ഖകരാണ് ചിലര്‍ അവരുടെ കൊലപാതകത്തെ ആഘോഷിക്കുന്നു എന്നത്. ഗൗരിയുടെ ഘാതകരെ കാണാന്‍ സാധിച്ചില്ലെങ്കിലും വിഷം തുപ്പുന്നവരെ നമുക്ക് കാണാം.” എന്നും താരം പറഞ്ഞിരുന്നു. നേരത്തെ ഗൗരി ലങ്കേഷ് മരണപ്പെട്ടപ്പോള്‍ സംസ്‌കാര ചടങ്ങുകളില്‍ മുഴുവന്‍ താരത്തിന്റെ മാമീപ്യം ഉണ്ടായിരുന്നു. ഗൗരിയുടെ പിതാവ് ലങ്കേഷ് തനിക്ക് ഗുരുതുല്യനായിരുന്നുവെന്നും ഗൗരിയെ 35 വര്‍ഷമായി അടുത്തറിയാമായിരുന്നുവെന്നും പ്രകാശ് രാജ് നേരത്തെ വ്യക്തമാക്കിയിരുന്നു.
What”s said…n what”s not said. For all out there .. thank you pic.twitter.com/zIT7rnkFxb
— Prakash Raj (@prakashraaj) October 2, 2017