Kerala
വിലയൊക്കെ നോക്കിയിട്ട് തള്ളണ്ടേ; പിണറായി 2.25 ലക്ഷം രൂപയുടെ വാച്ച് ഉപയോഗിച്ചെന്ന സുരേന്ദ്രന്റെ ആരോപണത്തിന് പിന്നിലെ സത്യമെന്ത്?
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Oct 30, 12:34 pm
Friday, 30th October 2020, 6:04 pm

തിരുവനന്തപുരം: ലൈഫ് മിഷന്‍ കരാര്‍ കിട്ടാന്‍ വേണ്ടി സ്വപ്‌ന സുരേഷിന്റെ ആവശ്യപ്രകാരം യൂണിടാക് കമ്പനിയുടമ സന്തോഷ് ഈപ്പന്‍ നല്‍കിയ ഫോണുകളിലൊന്ന് എവിടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയാമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ വെള്ളിയാഴ്ച രാവിലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ഇതിനൊപ്പം തന്നെ പുതിയ ഒരു ആരോപണം കൂടി സുരേന്ദ്രന്‍ തൊടുത്തുവിട്ടു. രണ്ട് മാസത്തോളം മുഖ്യമന്ത്രി ഉപയോഗിച്ചിരുന്ന 2.25 ലക്ഷം രൂപ വില വരുന്ന ആപ്പിള്‍ വാച്ച് എവിടെപ്പോയെന്നായിരുന്നു സുരേന്ദ്രന്റെ ചോദ്യം.

2 മാസം വരെ മുഖ്യമന്ത്രി ആ വാച്ച് കെട്ടിയിരുന്നെന്നും ബംഗാളിന് സമാനമായ വിമര്‍ശനം ഉയര്‍ന്നുവരുമെന്ന് പറഞ്ഞപ്പോളാണല്ലോ ആ വാച്ച് ഒഴിവാക്കിയത് എന്നുമായിരുന്നു സുരേന്ദ്രന്‍ പറഞ്ഞത്.

എന്നാല്‍ സുരേന്ദ്രന്റെ ഈ ആരോപണത്തില്‍ ചില കല്ലുകടികള്‍ ഇല്ലേ എന്ന ചോദ്യമാണ് ഉയരുന്നത്. കാരണം അമേരിക്കന്‍ ടെക്ക് ഭീമന്‍മാരായ ആപ്പിള്‍ ഇതുവരെ 2.25 ലക്ഷം രൂപയുടെ ആപ്പിള്‍ വാച്ച് ഇറക്കിയിട്ടില്ലെന്നതാണ് സത്യം.

ആപ്പിളിന്റെ ഏറ്റവും പുതിയ മോഡലായ സീരീസ് 6 ന് പോലും ഒരു ലക്ഷത്തില്‍ താഴെയാണ് വിലയുള്ളത്. ഇ.സി.ജി സംവിധാനവും ജി.പി.എസും സെല്ലുലാറും ഗോള്‍ഡ് സ്റ്റെയിന്‍ലെസ് സ്റ്റീല്‍ കേസുമുള്ള ഈ സീരിന്റെ വില 80000 രൂപയില്‍ താഴെയാണ്. 50000 ത്തില്‍ താഴെയാണ് തൊട്ടുമുന്‍പുള്ള സീരീസ് 5 മോഡലുകളുടെ വില.

രണ്ട് മാസം മുന്‍പ് വരെ ആപ്പിളിന്റെ 2.25 ലക്ഷം രൂപ വിലയുള്ള വാച്ച് മുഖ്യമന്ത്രി ഉപയോഗിച്ചന്നാണ് സുരേന്ദ്രന്‍ പറയുന്നത്. എന്നാല്‍ ആപ്പിളിന്റെ വെബ്‌സൈറ്റില്‍ കയറി നോക്കുന്നവര്‍ക്ക് 2.25 ലക്ഷത്തിന് ആപ്പിള്‍ പുറത്തിറക്കിയ വാച്ച് കാണാനാവില്ല.

2.25 ലക്ഷമൊന്നൊക്കെ ഒരു ഓളത്തില്‍ തള്ളുന്നതിന് മുന്‍പ് വിലയൊക്കെയൊന്ന് നോക്കേണ്ടേ എന്നാണ് സുരേന്ദ്രനോട് ഉയരുന്ന ചോദ്യം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

 ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

What is the truth behind  K Surendran’s allegation that Pinarayi used a watch worth Rs 2.25 lakh?