കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത; രണ്ട് ദിവസം ഇടിമിന്നൽ, ശക്തമായ കാറ്റ്, നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
Weather Updates
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത; രണ്ട് ദിവസം ഇടിമിന്നൽ, ശക്തമായ കാറ്റ്, നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 15th December 2023, 6:21 pm
weather updated kerala

തിരുവനന്തപുരം: വരും ദിവസങ്ങളിൽ കേരളത്തിലും തമിഴ്നാട്ടിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഡിസംബർ 16, 17 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഡിസംബർ 15,18,19 തീയതികളിൽ ഇടിമിന്നലോട് കൂടിയ മഴ ഉണ്ടാവാനിടയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

തെക്ക് – പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവാത ചുഴി രൂപപെട്ടതിനാലാണ് കേന്ദ്ര കാലാവാസ്ഥാ വകുപ്പ് കേരളത്തിൽ കനത്ത മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴ് ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ നാളെ (16-12-2023) യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ശനിയാഴ്ച്ച (17.12.23) പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.

കേരള – ലക്ഷദ്വീപ് തീരങ്ങളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മത്സ്യബന്ധനത്തിന് നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ലെന്നും അറിയിച്ചിട്ടുണ്ട്.

Content Highlight: Weather updates in Kerala