national news
കുംഭമേളക്ക് പോകാൻ ആളുകൾ കൂട്ടത്തോടെയെത്തി; ദൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 18 മരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 16, 12:58 am
Sunday, 16th February 2025, 6:28 am

ന്യൂദൽഹി: ദൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 18 പേർക്ക് ദാരുണാന്ത്യം. മരണപ്പെട്ടവരിൽ അഞ്ച് കുട്ടികളും ഉൾപ്പെടുന്നു. പ്രയാഗ്‌രാജിൽ നടക്കുന്ന മഹാ കുംഭമേളയിൽ പങ്കെടുക്കാനെത്തിയ യാത്രക്കാർ ട്രെയിനുകളിൽ കയറാൻ ശ്രമിക്കുന്നതിനിടെ ഉണ്ടായ തിരക്കാണ് അപകടകാരണം.

15-20 മിനിറ്റിനുള്ളിൽ നൂറുകണക്കിന് യാത്രക്കാർ 13, 14 പ്ലാറ്റ്‌ഫോമുകളിൽ പെട്ടെന്ന് തടിച്ചുകൂടിയതിനെ തുടർന്നാണ് സംഭവം. തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ ഉടൻ തന്നെ എൽ.എൻ.ജെ.പി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

പ്രയാഗ്‌രാജിലേക്ക് പോകുന്ന സ്വതന്ത്ര സേനാനി എക്‌സ്പ്രസും ഭുവനേശ്വർ രാജധാനി എക്‌സ്പ്രസും വൈകിയതിനാൽ ഈ ട്രെയിനുകളിലെ യാത്രക്കാർ 12, 13, 14 പ്ലാറ്റ്‌ഫോമുകളിൽ ഉണ്ടായിരുന്നു. പിന്നാലെ എത്തിയ പ്രയാഗ്‌രാജ് എക്‌സ്പ്രസ് ട്രെയിൻ 14-ാം നമ്പർ പ്ലാറ്റ്‌ഫോമിൽ എത്തിയതോടെ ജനക്കൂട്ടം ഇതിൽ കയറാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമായത്.

1500 ജനറൽ ടിക്കറ്റുകൾ വിറ്റുപോയതായി വിവരം ലഭിച്ചുവെന്നും അതുകൊണ്ടാണ് ജനക്കൂട്ടം നിയന്ത്രണാതീതമായതെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ റെയിൽവേ, കെ.പി.എസ് മൽഹോത്ര പറഞ്ഞു. സ്റ്റേഷനിലെ വലിയ തിരക്ക് കാരണം നിരവധി യാത്രക്കാർ ശ്വാസംമുട്ടി ബോധരഹിതരായി വീണുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

സംഭവം നടന്നയുടൻ ദൽഹി പൊലീസും ആർ.പി.എഫും സ്ഥലത്തെത്തി പരിക്കേറ്റവരെ ലോക് നായക് ജയ് പ്രകാശ് (എൽ.എൻ.ജെ.പി) ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് റെയിൽവേ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ‘ന്യൂദൽഹി റെയിൽവേ സ്റ്റേഷനിൽ ഉണ്ടായയ തിക്കിലും തിരക്കിലും ദുഃഖിതനാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട എല്ലാവരോടും ഒപ്പം ഞാനും പങ്കുചേരുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. ഈ തിക്കിലും തിരക്കിലും പെട്ട എല്ലാവരെയും അധികാരികൾ സഹായിക്കും,’ അദ്ദേഹം എക്‌സിലെ പോസ്റ്റിൽ എഴുതി.

കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും അപകടത്തിൽ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. ‘ന്യൂദൽഹി റെയിൽവേ സ്റ്റേഷനിലുണ്ടായ ദൗർഭാഗ്യകരമായ തിക്കിലും തിരക്കിലും അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട എല്ലാവർക്കുമൊപ്പം എന്റെ പ്രാർത്ഥനകൾ ഉണ്ട്,’ അദ്ദേഹം പറഞ്ഞു.

സംഭവത്തിൽ വിമർശനവുമായി ആം ആദ്മി പാർട്ടി നേതാവ് അതിഷി മർലേന എത്തി.

‘മഹാകുംഭത്തിന് യാത്ര ചെയ്യുന്ന ഭക്തർക്ക് ഇത്തരമൊരു അപകടം ഉണ്ടായത് അങ്ങേയറ്റം ദൗർഭാഗ്യകരമാണ്. കേന്ദ്ര സർക്കാരിനോ ഉത്തർപ്രദേശ് സർക്കാരിനോ ജനങ്ങളുടെ സുരക്ഷയെക്കുറിച്ച് ആശങ്കയില്ല. പ്രയാഗ്‌രാജിൽ ശരിയായ ക്രമീകരണങ്ങളില്ല, വിവിധ സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന ഭക്തർക്ക് മതിയായ ഗതാഗത സൗകര്യങ്ങളുമില്ല,’ അതിഷി എക്‌സിൽ പോസ്റ്റ് ചെയ്തു.

 

Content Highlight: Delhi Railway Station Stampede Update: 18 Dead, Probe Ordered