ഐ.സി.സി വേള്‍ഡ് കപ്പ് ക്വാളിഫയറില്‍ ശ്രീലങ്കന്‍ സൂപ്പര്‍ താരം വാനിന്ദു ഹസരങ്ക ചരിത്രം കുറിച്ചിരുന്നു. തുടര്‍ച്ചയായ മൂന്ന് മത്സരത്തില്‍ അഞ്ച് വിക്കറ്റ് നേട്ടം കൊയ്താണ് ഹസരങ്ക ചരിത്രമെഴുതിയത്.
ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത് മാത്രം താരമാണ് ഹസരങ്ക. 1990ല്‍ പാകിസ്ഥാന്‍ ഇതിഹാസം വഖാര്‍ യൂനിസാണ് ഈ അപൂര്‍വ നേട്ടം ആദ്യമായി കുറിച്ചത്. അതിന് ശേഷം നീണ്ട 32 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് മറ്റൊരു ഹാട്രിക് ഫൈഫര്‍ പിറന്നത്.
വേള്‍ഡ് കപ്പ് ക്വാളിഫയറിലെ മൂന്ന് മത്സരത്തിലും ഹസരങ്ക അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയിരുന്നു. യു.എ.ഇക്കെതിരായ മത്സരത്തില്‍ ആറ് വിക്കറ്റ് നേട്ടവുമായി തുടങ്ങിയ ഹസരങ്ക, ഒമാനെതിരെയും അയര്‍ലന്‍ഡിനെതിരെയും അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി.
യു.എ.ഇക്കെതിരെ നടന്ന മത്സരത്തില്‍ 24 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് നേടിയാണ് ഹസരങ്ക ക്വാളിഫയര്‍ മത്സരങ്ങള്‍ക്ക് തുടക്കമിട്ടത്. ക്യാപ്റ്റന്‍ മുഹമ്മദ് വസീം, ബേസില്‍ ഹമീദ്, ആസിഫ് ഖാന്‍ റമീസ് ഷഹസാദ്, അയാന്‍ അഫ്‌സല്‍ ഖാന്‍, മുഹമ്മദ് ജവാദ് ഉല്ലാഹ് എന്നിവരാണ് ആദ്യ മത്സരത്തില്‍ ഹസരങ്കയുടെ സ്പിന്‍ കെണിയില്‍ വീണത്.
ഒമാനെതിരായ മത്സരത്തില്‍ വെറും 13 റണ്‍സ് വഴങ്ങിയാണ് ഹസരങ്ക അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. ഓപ്പണര്‍ ജിതേന്ദര്‍ സിങ്ങിനെ വിക്കറ്റിന് മുമ്പില്‍ കുടുക്കിയാണ് ഹസരങ്ക ഒമാന്‍ വേട്ട തുടങ്ങിയത്. പിന്നാലെ ജയ് ഒഡേദര, ബിലാല്‍ ഖാന്‍, അയാന്‍ ഖാന്‍, ഷോയ്ബ് ഖാന്‍ എന്നിവരാണ് രണ്ടാം മത്സരത്തില്‍ ഹസരങ്കക്ക് ഇരയായത്.
അയര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ സൂപ്പര്‍ താരം പോള്‍ സ്റ്റെര്‍ലിങ്ങിനെ കുശാല്‍ മെന്‍ഡിസിന്റെ കൈകളിലെത്തിച്ച് വിക്കറ്റ് വേട്ട ആരംഭിച്ച താരം മാര്‍ക് അഡയറിനെ ദാസുന്‍ ഷണകയുടെ കൈകളിലെത്തിച്ചും പുറത്താക്കി. ജോഷ്വാ ലിറ്റില്‍ റിട്ടേണ്‍ ക്യാച്ചായി മടങ്ങിയപ്പോള്‍ ഹാരി ടെക്ടറും ക്യാപ്റ്റന്‍ ആന്‍ഡ്രൂ ബാല്‍ബിര്‍ണിയെയും വിക്കറ്റിന് മുമ്പില്‍ കുടുങ്ങിയും പുറത്തായി.
ചരിത്രനേട്ടത്തില്‍ പങ്കാളിയായെങ്കിലും അയര്‍ലന്‍ഡിനെതിരായ മത്സരം ഹസരങ്കക്ക് ഒരു മോശം റെക്കോഡും സമ്മാനിച്ചിരുന്നു. മറ്റ് ടീമുകള്‍ക്കെതിരെ മികച്ച രീതിയില്‍ പന്തെറിഞ്ഞ ഹസരങ്കക്ക് അയര്‍ലന്‍ഡ് ബാറ്റര്‍മാര്‍ക്കെതിരെ ആ പ്രകടനം ആവര്‍ത്തിക്കാന്‍ സാധിച്ചില്ല.
താരത്തിന്റെ സ്പിന്‍ കെണിയെ ധൈര്യപൂര്‍വം നേരിട്ട ഐറിഷ് ബാറ്റര്‍മാര്‍ സ്‌കോര്‍ ഉയര്‍ത്തി. പത്ത് ഓവര്‍ പന്തെറിഞ്ഞ് അഞ്ച് വിക്കറ്റ് വീഴ്ത്തിയെങ്കിലും വഴങ്ങേണ്ടി വന്നത് 79 റണ്‍സാണ്. 7.90 എന്ന എക്കോണമിയായിരുന്നു ഹസരങ്കക്കുണ്ടായിരുന്നത്.
അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്നതിനായി ഏറ്റവുമധികം റണ്‍സ് വഴങ്ങേണ്ടി വന്ന താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കാണ് അയര്‍ലന്‍ഡ് ബാറ്റര്‍മാര്‍ ഹസരങ്കയെ കൊണ്ടുചെന്നെത്തിച്ചത്. ജോഷ്വാ ലിറ്റില്‍ അടക്കമുള്ളവര്‍ ഹസരങ്കയെ ആക്രമിച്ചപ്പോള്‍ സെക്കന്‍ഡ് എക്‌സ്‌പെന്‍സീവ് ഫൈഫര്‍ എന്ന മോശം റെക്കോഡാണ് താരത്തിന് ചാര്‍ത്തിക്കിട്ടിയത്.