ഹസരങ്ക മാജിക് തുടരുന്നു; ചരിത്രത്തിൽ രണ്ടാമൻ ലങ്കൻ സിംഹം
Cricket
ഹസരങ്ക മാജിക് തുടരുന്നു; ചരിത്രത്തിൽ രണ്ടാമൻ ലങ്കൻ സിംഹം
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 20th February 2024, 8:39 am

അഫ്ഗാനിസ്ഥാന്‍-ശ്രീലങ്ക മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരത്തില്‍ അഫ്ഗാനെ 72 റണ്‍സിന് പരാജയപ്പെടുത്തി ശ്രീലങ്ക. വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ 2-0 എന്ന നിലയില്‍ മുന്നിലെത്താനും ലങ്കക്ക് സാധിച്ചു.

മത്സരത്തില്‍ ശ്രീലങ്കന്‍ ബൗളിങ് നിരയില്‍ നായകന്‍ വനിന്ദു ഹസരങ്ക രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനമാണ് നടത്തിയത്. നാല് ഓവറില്‍ 19 റണ്‍സ് വിട്ടു നല്‍കിയാണ് താരം രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കിയത്. 4.75 ആണ് ലങ്കന്‍ നായകന്റെ ഇക്കോണമി. മികച്ച പ്രകടനങ്ങള്‍ക്ക് പിന്നാലെ ഒരു റെക്കോഡ് നേട്ടം സ്വന്തമാക്കാനും ഹസരങ്കക്ക് സാധിച്ചു.

ടി-20യില്‍ ഏറ്റവും വേഗത്തില്‍ 100 വിക്കറ്റുകള്‍ നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടമാണ് ഹസരങ്ക സ്വന്തമാക്കിയത്. 63 മത്സരങ്ങളില്‍ നിന്നുമാണ് ലങ്കന്‍ നായകന്‍ ഈ നേട്ടം സ്വന്തമാക്കിയത്.

ടി-20യില്‍ ഏറ്റവും വേഗത്തില്‍ 100 വിക്കറ്റുകള്‍ നേടിയ താരങ്ങള്‍

(താരം, മത്സരങ്ങള്‍ എന്നീ ക്രമത്തില്‍)

റാഷിദ് ഖാന്‍ -53

വനിന്ദു ഹസരങ്ക-63

മാര്‍ക്ക് അഡയര്‍-72

ലസിത് മല്ലിംഗ-76

ഇഷ് സോധി-78

അതേസമയം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സാണ് നേടിയത്. ലങ്കന്‍ ബാറ്റിങ് നിരയില്‍ സതീര സമരവിക്രമ 42 പന്തില്‍ 51 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. അഞ്ച് ബൗണ്ടറികള്‍ ആണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

എയ്ഞ്ചലോ മാത്യൂസ് 22 പന്തില്‍ 42 റണ്‍സും നേടി മികച്ച പ്രകടനം നടത്തി. രണ്ട് ഫോറുകളും നാല് സിക്സുകളുമാണ് മാത്യൂസിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

അഫ്ഗാന്‍ ബൗളിങ് നിരയില്‍ അസ്മത്തുള്ള ഒമര്‍സായ്, മുഹമ്മദ് നബി എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം നടത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ 17 ഓവറില്‍ 115 റണ്‍സിന് പുറത്താവുകയായിരുന്നു.

ലങ്കന്‍ ബൗളിങ്ങില്‍ വനിന്ദു ഹസരംഗ, എയ്ഞ്ചലോ മാത്യൂസ്, മതീഷ പതിരാന, ബിനുര ഫെര്‍ണാണ്ടോ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി മികച്ച പ്രകടനം നടത്തിയപ്പോള്‍ ശ്രീലങ്ക തകര്‍പ്പന്‍ വിജയം സ്വന്തമാക്കുകയായിരുന്നു.

ഫെബ്രുവരി 21നാണ് പരമ്പരയിലെ അവസാന മത്സരം നടക്കുക. രംഗിരി ദാമുള്ള സ്റ്റേഡിയമാണ് വേദി.

Content Highlight: Wanindu Hasaranga completes 100 Wickets in T20Is