ബോർഡർ-ഗവാസ്കർ ട്രോഫിയിൽ തങ്ങളുടെ മികവ് തുടരുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. ആദ്യ ടെസ്റ്റ് ഇന്നിങ്സിനും 132 റൺസിനും വിജയിച്ച ഇന്ത്യൻ ടീം. രണ്ടാം ടെസ്റ്റിൽ ആറ് വിക്കറ്റിന്റെ വിജയമാണ് സ്വന്തമാക്കിയത്.
ആദ്യം ബാറ്റ് ചെയ്ത് ഒന്നാം ഇന്നിങ്സിൽ 263 റൺസെടുത്ത് പുറത്തായ ഓസീസിനെതിരെ മറുപടി ബാറ്റിങ്ങിൽ ഇന്ത്യൻ ടീം 262 റൺസിന് പുറത്തായിരുന്നു.
ശേഷം രണ്ടാം ഇന്നിങ്സിൽ ഓസീസിനെ 113 റൺസിന് ഒതുക്കാൻ കഴിഞ്ഞതോടെയാണ് ഇന്ത്യൻ ടീമിന്റെ വിജയം അനായാസമായത്.
115 റൺസിന്റെ വിജയ ലക്ഷ്യവുമായിറങ്ങിയ ഇന്ത്യൻ ടീം ആറ് വിക്കറ്റുകൾ ശേഷിക്കെ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.
31 റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമ, 31 റൺസെടുത്ത് പുറത്താവാതെ നിന്ന ചേതേശ്വർ പുജാര എന്നിവരുടെ ബാറ്റിങ് മികവിലാണ് ഇന്ത്യൻ ടീം വിജയ ലക്ഷ്യം മറികടന്നത്.
എന്നാൽ ആദ്യ ടെസ്റ്റിൽ നിറം മങ്ങിയെങ്കിലും രണ്ടാം ടെസ്റ്റിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിരാടിനെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യൻ താരമായ ദിനേഷ് കാർത്തിക്ക് രണ്ടാം ടെസ്റ്റിൽ 44 റൺസ്, 20 റൺസ് എന്നിങ്ങനെ മികച്ച പ്രകടനം കാഴ്ചവെച്ചതോടെയാണ് കോഹ്ലിയെ പിന്തുണച്ച് ദിനേഷ് കാർത്തിക്ക് മുന്നോട്ട് വന്നത്.
ഓസീസ് സ്പിന്നർമാർക്കെതിരെ വിരാട് ആത്മവിശ്വാസത്തോടെയും മികവോടെയും കളിച്ചു എന്ന് അഭിപ്രായപ്പെട്ട കാർത്തിക്, ഇന്ത്യൻ ടീമിലെ ബാറ്റർമാർ നാഥൻ ലിയോണിനെ നേരിടാൻ വിയർത്തപ്പോൾ വിരാട് ആ ജോലി ഭംഗിയായി ചെയ്തെന്നും അവകാശപ്പെട്ടു.
“ആരാധകർ എപ്പോഴും മത്സരത്തിന്റെ റിസൾട്ടിലേക്കും കണക്കുകളിലേക്കുമൊക്കെയാണ് നോക്കുന്നത്. പക്ഷെ ഒരു പ്രൊഫഷണൽ പ്ലെയർ എന്ന രീതിയിൽ നമ്മൾ ചില സവിശേഷ ഇടങ്ങളിലേക്ക് ശ്രദ്ധിക്കാറുണ്ട്. വിരാടിന്റെ ഓസീസിനെതിരെയുള്ള ആദ്യത്തെ ഇന്നിങ്സ് അത്തരത്തിലുള്ളതായിരുന്നു. മറ്റ് ബാറ്റർമാർ നാഥൻ ലിയോണിനെ നേരിടാൻ ബുദ്ധിമുട്ടിയപ്പോൾ, വിരാട് ആ ജോലി വളരെ എളുപ്പത്തിൽ ചെയ്തു,’ കാർത്തിക് പറഞ്ഞു.
“രാഹുലിനെയും പുജാരയേയും പുറത്താക്കിക്കൊണ്ട് ലിയോൺ അദ്ദേഹത്തിന്റെ മാന്ത്രികത പുറത്തെടുത്തിരുന്നു. പിന്നീട് രോഹിത് ശർമ പുറത്തായി. പക്ഷെ കോഹ്ലി ഒരറ്റത്ത് നിന്ന് ഇന്ത്യൻ ടീമിനെ നയിച്ചു. അദ്ദേഹത്തിന്റെ ക്ലാസ് തിരിച്ചറിയാൻ പറ്റിയ മത്സരമായിരുന്നു അത്,’ കാർത്തിക് കൂട്ടിച്ചേർത്തു.
അതേസമയം ഇൻഡോർ, അഹമ്മദാബാദ് എന്നിവിടങ്ങളിലാണ് പരമ്പരയിലെ ശേഷിക്കുന്ന രണ്ട് ടെസ്റ്റ് മത്സരങ്ങൾ നടക്കുന്നത്. ശേഷിക്കുന്ന മത്സരങ്ങളിൽ ഒരു സമനില നേടാൻ സാധിച്ചാൽ തന്നെ ഇന്ത്യൻ ടീമിന് ബോർഡർ-ഗവാസ്കർ ട്രോഫി സ്വന്തമാക്കാം.