Sports News
ക്യാപ്റ്റന്‍ വിരാടിന് ചെക്ക് വെക്കാന്‍ ഇപ്പോഴും ബാബറിനായിട്ടില്ല... കിങ് എന്ന് ഇയാളെ വെറുതെ വിളിക്കുന്നതല്ല
സ്പോര്‍ട്സ് ഡെസ്‌ക്
2023 Aug 26, 12:38 pm
Saturday, 26th August 2023, 6:08 pm

 

ഏഷ്യാ കപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ പാകിസ്ഥാന്‍ അഫ്ഗാനിസ്ഥാനെ നേരിടുകയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ അവസാന മത്സരം കൊളംബോ പ്രേമദാസ സ്റ്റേഡിയത്തില്‍ പുരോഗമിക്കുകയാണ്. ആദ്യ രണ്ട് മത്സരത്തില്‍ വിജയിച്ച പാകിസ്ഥാന്‍ ഇതിനോടകം തന്നെ പരമ്പര സ്വന്തമാക്കിയിരിക്കുകയാണ്.

മൂന്നാം മത്സരത്തില്‍ അര്‍ധ സെഞ്ച്വറിയുമായി ക്യാപ്റ്റന്‍ ബാബര്‍ അസം ബാറ്റിങ് തുടരുകയാണ്. പാകിസ്ഥാന്‍ ഇന്നിങ്‌സ് 35 ഓവറിലെത്തി നില്‍ക്കെ 77 പന്തില്‍ 50 റണ്‍സുമായാണ് ബാബര്‍ ക്രീസില്‍ തുടരുന്നത്.

ക്യാപ്റ്റന്‍ എന്ന നിലയില്‍ മികച്ച രീതിയില്‍ പാകിസ്ഥാനെ നയിക്കുന്ന ബാബര്‍ ഒരു ബാറ്റര്‍ എന്ന നിലയിലും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. ക്യാപ്റ്റന്‍സിയിലിരുന്നുകൊണ്ട് ഏറ്റവുമധികം ശരാശരിയില്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ് ബാബര്‍ തുടരുന്നത്.

29 ഇന്നിങ്‌സില്‍ നിന്നും 69.23 എന്ന മികച്ച ശരാശരിയില്‍ 1,800 റണ്‍സാണ് ബാബര്‍ നേടിയിരിക്കുന്നത്. ഏഴ് സെഞ്ച്വറികള്‍ ഉള്‍പ്പെടെയാണ് ബാബര്‍ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് തുടരുന്നത്.

മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയാണ് പട്ടികയില്‍ ഒന്നാമന്‍. ഇന്ത്യയുടെ നായകസ്ഥാനത്തിരിക്കെ 72.65 എന്ന ശരാശരിയിലാണ് ഏകദിന ഫോര്‍മാറ്റില്‍ റണ്‍സടിച്ചുകൂട്ടിയത്. 21 സെഞ്ച്വറികളടക്കം 5,449 റണ്‍സാണ് ക്യാപ്റ്റന്‍ വിരാട് നേടിയിരിക്കുന്നത്.

 

ഏകദിനത്തിലെ ഏറ്റവും മികച്ച റണ്‍ ശരാശരിയുള്ള ക്യാപ്റ്റന്‍മാര്‍ (മിനിമം 25 ഇന്നിങ്‌സ്)

(താരം – രാജ്യം – ഇന്നിങ്‌സ് – റണ്‍സ് – ആവറേജ് – സെഞ്ച്വറി എന്ന ക്രമത്തില്‍)

1. വിരാട് കോഹ്‌ലി – ഇന്ത്യ – 91 – 5,449 – 72.65 – 21

2. ബാബര്‍ അസം – പാകിസ്ഥാന്‍ – 29 – 1,800 – 69.23 – 7

3. എ.ബി ഡി വില്ലിയേഴ്‌സ് – സൗത്ത് ആഫ്രിക്ക – 98 – 4,796 – 63.94 – 13

4. ഫാഫ് ഡു പ്ലെസി – സൗത്ത് ആഫ്രിക്ക – 36 – 1,671 – 57.62 – 5

5. രോഹിത് ശര്‍മ – ഇന്ത്യ – 27 – 1,175 – 55.95 – 3

6. എം.എസ്. ധോണി – ഇന്ത്യ – 172 – 6,641 – 53.55 – 6

അതേസമയം, അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ 35 ഓവര്‍ പിന്നിടുമ്പോള്‍ 150 റണ്‍സിന് രണ്ട് എന്ന നിലയിലാണ്. 77 പന്തില്‍ 50 റണ്‍സ് നേടിയ ബാബര്‍ അസമിന് പുറമെ 71 പന്തില്‍ 53 റണ്‍സ് നേടിയ മുഹമ്മദ് റിസ്വാനുമാണ് ക്രിസില്‍.

33 പന്തില്‍ 27 റണ്‍സ് നേടിയ ഫഖര്‍ സമാന്റെയും 30 പന്തില്‍ 13 റണ്‍സ് നേടിയ ഇമാം ഉള്‍ ഹഖിന്റെയും വിക്കറ്റുകളാണ് പാകിസ്ഥാന് നഷ്ടമായത്. ഗുലാബ്ദിന്‍ നയിബാണ് വിക്കറ്റ് നേടിയത്.

 

Content Highlight: Virat Kohli tops the list of highest career average an captain