ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലെ രണ്ടാം ടെസ്റ്റില്‍ 438 റണ്‍സിന് ഇന്ത്യ ഒന്നാം ഇന്നിങ്‌സ് അവസാനിപ്പിച്ചിരുന്നു. സെഞ്ച്വറി നേടിയ വിരാട് കോഹ്‌ലിയുടെ കരുത്തിലാണ് ഇന്ത്യ പടുകൂറ്റന്‍ സ്‌കോറിലേക്ക് നടന്നുകയറിയത്. വിരാടിന് പുറമെ അര്‍ധ സെഞ്ച്വറിയടിച്ച യുവതാരം യശസ്വി ജെയ്‌സ്വാള്‍, രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍ എന്നിവരും ഇന്ത്യന്‍ സ്‌കോറിങ്ങില്‍ നിര്‍ണായകമായി.
കരിയറിലെ അഞ്ഞൂറാം അന്താരാഷ്ട്ര മത്സരത്തിലാണ് സെഞ്ച്വറി നേടിയതെന്നത് ആരാധകരെ കൂടുതല്‍ ആവേശത്തിലാക്കുന്നുണ്ട്. കരിയര്‍ മൈല്‍സ്‌റ്റോണില്‍ തന്നെ നിരവധി റെക്കോഡുകളാണ് വിരാട് തന്റെ പേരില്‍ എഴുതിച്ചേര്‍ത്തത്. ടെസ്റ്റ് ഫോര്‍മാറ്റില്‍ വിരാടിന്റെ 29ാം സെഞ്ച്വറിയാണിത്.
500 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നുമായി ഏറ്റവുമധികം സെഞ്ച്വറി നേടിയ താരങ്ങളുടെ പട്ടികയില്‍ ഒന്നാമനായിട്ടാണ് വിരാട് കരുത്ത് കാട്ടിയത്. വിരാടിന്റെ 76ാം സെഞ്ച്വറിയാണിത്. ഈ പട്ടികയില്‍ സച്ചിന്‍ അടക്കമുള്ളവര്‍ വിരാടിന് പിറകിലാണ്.
വിരാട് തന്റെ അഞ്ഞൂറാം മത്സരം കളിച്ച് പൂര്‍ത്തിയാക്കിയിട്ടില്ല എന്നതാണ് ഇതിലെ മറ്റൊരു രസകരമായ വസ്തുത. രണ്ടാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സില്‍ വിരാട് വീണ്ടും ട്രിപ്പിള്‍ ഡിജിറ്റ് തൊടുകയാണെങ്കില്‍ പട്ടികയിലെ സ്ഥാനം അരക്കിട്ടുറപ്പിക്കാനും വിരാടിന് സാധിക്കും.
206 പന്തില്‍ നിന്നും 121 റണ്‍സ് നേടിയാണ് വിരാട് മടങ്ങിയത്. വിരാടിന് പുറമെ യശസ്വി ജെയ്‌സ്വാള്‍ (74 പന്തില്‍ 57), രോഹിത് ശര്‍മ (143 പന്തില്‍ 80), രവീന്ദ്ര ജഡേജ (152 പന്തില്‍ 61), ആര്‍. അശ്വിന്‍ (78 പന്തില്‍ 56) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയ മറ്റ് ബാറ്റര്‍മാര്‍.
ആദ്യ ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ദിവസം കളിയവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടപ്പെടുത്തി 86 റണ്‍സാണ് നേടിയത്. 95 പന്തില്‍ 33 റണ്‍സ് നേടിയ തഗനരെയ്ന്‍ ചന്ദര്‍പോളിന്റെ വിക്കറ്റാണ് കരീബിയന്‍സിന് നഷ്ടമായത്. ജഡേജയുടെ പന്തില്‍ അശ്വിന്‍ ക്യാച്ചെടുത്താണ് തഗനരെയ്നെ പുറത്താക്കിയത്.