Advertisement
Cricket
മറ്റ് ടീമുകള്‍ ലേലത്തില്‍ പങ്കെടുക്കാന്‍ ഒരുപാട് തവണ സമീപിച്ചു; വെളിപ്പെടുത്തലുമായി കോഹ്‌ലി
സ്പോര്‍ട്സ് ഡെസ്‌ക്
2023 Nov 28, 07:02 am
Tuesday, 28th November 2023, 12:32 pm

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍സ് ചലഞ്ചേഴ്സ് ബെംഗളൂരുവില്‍ നിന്നും മാറി മറ്റൊരു ടീമില്‍ കളിക്കുന്നതിനെകുറിച്ചുള്ള ചോദ്യത്തിന് പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി.

2022 സീസണില്‍ ലേലത്തില്‍ ഉള്‍പ്പെടുത്താനായി മറ്റു ടീമുകള്‍ തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും എന്നാല്‍ ബെംഗളൂരുവിനൊപ്പം നില്‍ക്കാന്‍ തീരുമാനിക്കുകയുമായിരുന്നുവെന്നാണ് കോഹ്‌ലി പറഞ്ഞത്.

‘സത്യം പറഞ്ഞാല്‍ ഞാന്‍ ഈ വിഷയത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ട്. എന്നെ ലേലത്തില്‍ ഉള്‍പ്പെടുത്താന്‍ മറ്റ് ഫ്രാഞ്ചസികള്‍ പലതവണ ശ്രമിച്ചിരുന്നു. പിന്നെ ഞാന്‍ ഇതിനെകുറിച്ച് ചിന്തിച്ചു. ക്രിക്കറ്റില്‍ ഒരുപാട് ട്രോഫികള്‍ നേടിയ താരങ്ങള്‍ ഉണ്ടെങ്കിലും ആരും നിങ്ങളെ അഭിസംബോധന ചെയ്യില്ല,’ കോഹ്ലി അഭിമുഖത്തില്‍ പറഞ്ഞു.

ആര്‍.സി.ബിയില്‍ തുടരാനുള്ള മാനസികാവസ്ഥയെ കുറിച്ചും കോഹ്‌ലി പറഞ്ഞു.

‘നിങ്ങളൊരു നല്ല വ്യക്തിയാണെങ്കില്‍ ആളുകള്‍ എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ടാകും. എന്നാല്‍ നിങ്ങള്‍ ഒരു മോശം വ്യക്തിയാണെങ്കില്‍ ആരും നിങ്ങളുടെ കൂടെ ഉണ്ടാവില്ല. അതാണ് ജീവിതം. ആദ്യ മൂന്ന് വര്‍ഷങ്ങളില്‍ ടീം മാനേജ്‌മെന്റ് എനിക്ക് എന്ത് അവസരങ്ങളാണ് നല്‍കിയത് അതാണ് പ്രധാന കാര്യം. ആ സമയങ്ങളില്‍ മറ്റ് ടീമുകള്‍ എന്നെ പിന്തുണച്ചില്ല,’ കോഹ്‌ലി കൂട്ടിചേര്‍ത്തു.

2008 മുതല്‍ 2023 വരെ വിരാട് ബെംഗളൂരുവിന് വേണ്ടിയാണ് കളിച്ചത്. ഇത്ര സീസണ്‍ കളിച്ചിട്ടും ടീമിന് ഒരു കിരീടം നേടാന്‍ പോലും ആര്‍.സി.ബിക്ക് സാധിച്ചിരുന്നില്ല. മൂന്ന് തവണയാണ് കോഹ്‌ലിയും സംഘവും ഫൈനലില്‍ എത്തിയത്. എന്നാല്‍ മൂന്ന് തവണയും ബെംഗളൂരു ഫൈനലില്‍ കാലിടറുകയായിരുന്നു. നിരവധി പ്രമുഖ താരങ്ങള്‍ കളിച്ചിട്ടും ടീമിന് ഐ.പി. എല്‍ ട്രോഫി സ്വന്തമാക്കാന്‍ സാധിച്ചില്ല എന്നത് ശ്രദ്ധേയമാണ്.

ഐ.പി.എല്ലില്‍ 237 മത്സരങ്ങള്‍ കളിച്ചകോഹ്‌ലി 7263 റണ്‍സാണ് നേടിയിട്ടുള്ളത്. ബെംഗളൂരുവിനായി ഏഴ് സെഞ്ച്വറികളും 50 അര്‍ധസെഞ്ച്വറികളുമാണ് കോഹ്‌ലിയുടെ അക്കൗണ്ടിലുള്ളത്.

ക്രിക്കറ്റിലെ ഒരുപിടി അവിസ്മരണീയ നേട്ടങ്ങളും സ്വന്തമാക്കിയിട്ടും തന്റെ കരിയറില്‍ ഒരു ഐ.പി.എല്‍ ട്രോഫി ഇല്ല എന്നത് വളരെ ശ്രദ്ധേയമായ ഒന്നാണ്.

Content Highlight: Virat kohli talks about Royal challengers Bangalore.