വെറും 2 റണ്‍സ്, അതെടുക്കാനെങ്കിലും അനുവദിക്കാമായിരുന്നു; കോഹ്‌ലിക്കും രോഹിത്തിനും നഷ്ടമായത് റെക്കോഡ്
Sports News
വെറും 2 റണ്‍സ്, അതെടുക്കാനെങ്കിലും അനുവദിക്കാമായിരുന്നു; കോഹ്‌ലിക്കും രോഹിത്തിനും നഷ്ടമായത് റെക്കോഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 2nd August 2023, 1:08 pm

 

ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലെ ഏകദിന പരമ്പര അവസാനിച്ചിരിക്കുകയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-1നാണ് ഇന്ത്യ വിജയിച്ചത്. ബ്രയാന്‍ ലാറ ക്രിക്കറ്റ് അക്കാദമിയില്‍ നടന്ന നിര്‍ണായകമായ സീരീസ് ഡിസൈഡറില്‍ 200 റണ്‍സിനാണ് ഇന്ത്യ ആതിഥേയരെ ചുരുട്ടിയെറിഞ്ഞത്.

പരമ്പര ഇന്ത്യ വിജയിച്ചെങ്കിലും ആരാധകര്‍ അത്രകണ്ട് തൃപ്തരല്ല. ലോകകപ്പിന് മുമ്പ് മുന്‍ നായകന്‍ വിരാട് കോഹ്‌ലിക്കും നായകന്‍ രോഹിത് ശര്‍മക്കും വിശ്രമം അനുവദിച്ചതാണ് ആരാധകരെ ചൊടിപ്പിച്ചത്. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് ആവശ്യത്തിന് പരീശീലനമില്ലാതെ കളിക്കാന്‍ പോയി പരാജയപ്പെട്ടതിന്റെ അനുഭവമടക്കം മുമ്പിലുള്ളതുകൊണ്ടാണ് ഇന്ത്യന്‍ ആരാധകര്‍ കലിപ്പായത്.

ആദ്യ മത്സരത്തില്‍ മാത്രമാണ് ഇരുവരും കളത്തിലിറങ്ങിയത്. എന്നാല്‍ വിരാടിന് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചതുമില്ല. ബാറ്റ് ചെയ്ത രോഹിത് ശര്‍മയാകട്ടെ തന്റെ നാച്ചുറല്‍ പൊസിഷനില്‍ നിന്നും മാറി ഏഴാം നമ്പറിലാണ് ബാറ്റ് ചെയ്തത്. 19 പന്തില്‍ നിന്നും 12 റണ്‍സാണ് രോഹിത് നേടിയത്.

ഈ പരമ്പരയില്‍ ഇരുവരെയും ഒരു ഗംഭീര റെക്കോഡും കാത്തിരുന്നിരുന്നു. എന്നാല്‍ ഒരുമിച്ച് ബാറ്റിങ്ങിനിറങ്ങാന്‍ സാധിക്കാതെ പോയതോടെ ആ റെക്കോഡ് നേടാന്‍ ഇരുവര്‍ക്കും സാധിക്കാതെ പോയി.

ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 5,000 റണ്‍സ് പാര്‍ട്ണര്‍ഷിപ്പ് സ്വന്തമാക്കുന്ന താരങ്ങള്‍ എന്ന റെക്കോഡ് നേട്ടമാണ് ഈ സീരീസില്‍ ഇവര്‍ക്ക് നേടാന്‍ സാധിക്കാതെ പോയത്.

85 മത്സരങ്ങളില്‍ നിന്നുമായി 4,998 റണ്‍സാണ് ഇരുവരുടെയും പാര്‍ട്ണര്‍ഷിപ്പില്‍ പിറവിയെടുത്തത്. 18 സെഞ്ച്വറി പാര്‍ട്ണര്‍ഷിപ്പുകളും 15 അര്‍ധ സെഞ്ച്വറി പാര്‍ട്ണര്‍ഷിപ്പുകളുമടക്കം 62.47 എന്ന ആവറേജിലാണ് ഇരുവരും ചേര്‍ന്ന് 4,998 റണ്‍സ് നേടിയത്.

നിലവില്‍ ഏറ്റവും വേഗത്തില്‍ 5,000 റണ്‍സ് കൂട്ടുകെട്ടിന്റെ റെക്കോഡ് ഗോര്‍ഡന്‍ ഗ്രീനിഡ്ജിന്റെയും നിലവിലെ വിന്‍ഡീസ് ചീഫ് സെലക്ടറായ ഡെസ്മണ്ട് ഹെയന്‍സിന്റെയും പേരിലാണ്. 97 ഇന്നിങ്‌സുകളില്‍ നിന്നുമാണ് കരീബിയന്‍ താരങ്ങള്‍ സ്വപ്‌ന നേട്ടം സ്വന്തമാക്കിയത്.

വിന്‍ഡീസ് താരങ്ങളുടെ നേട്ടം വിന്‍ഡീസ് മണ്ണില്‍ തകര്‍ക്കാനുള്ള അവസരവരവും ഇതോടെ വിരാടിനും രോഹിത്തിനും നഷ്ടമായി.

മാത്യു ഹെയ്ഡന്‍ – ആദം ഗില്‍ക്രിസ്റ്റ് (104 ഇന്നിങ്‌സ്), കുമാര്‍ സംഗക്കാര – തിലകരത്‌നെ ദില്‍ഷന്‍ (105 ഇന്നിങ്‌സ്) എന്നിവരാണ് ഈ പട്ടികയിലെ രണ്ടും മൂന്നും സ്ഥാനക്കാര്‍.

 

ഏകദിനത്തില്‍ ഏറ്റവുമധികം റണ്‍സ് നേടിയ കൂട്ടുകെട്ടില്‍ നിലവില്‍ എട്ടാം സ്ഥാനത്താണ് വിരാടും രോഹിത്തും. ഇന്ത്യന്‍ ഇതിഹാസങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കറും സൗരവ് ഗാംഗുലിയുമാണ് പട്ടികയിലെ ഒന്നാം സ്ഥാനക്കാര്‍. 8,227 റണ്‍സാണ് ഇരുവരുടെയും പേരിലുള്ളത്.

വിന്‍ഡീസ് പര്യടനത്തിനിടെ ഈ റെക്കോഡ് നേടാന്‍ സാധിക്കാതെ പോയെങ്കിലും ഈ നേട്ടം സ്വന്തമാക്കാന്‍ ഇരുവര്‍ക്കും ഇനിയും അവസരമുണ്ട്. വരാനിരിക്കുന്ന ഏഷ്യാ കപ്പില്‍ ഇരുവരും ഈ റെക്കോഡിന് നേരെ തങ്ങളുടെ പേരെഴുതിവെക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

 

Content Highlight: Virat Kohli and Rohit Sharma failed to achieve the fastest partnership to reach 5000 runs in this series