സന്തോഷം, അതിലേറെ അഭിമാനം; റൊണാള്‍ഡോയുടെ പിന്‍ഗാമിയായതിന് പിന്നാലെ വിനീഷ്യസ്
Sports News
സന്തോഷം, അതിലേറെ അഭിമാനം; റൊണാള്‍ഡോയുടെ പിന്‍ഗാമിയായതിന് പിന്നാലെ വിനീഷ്യസ്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 29th July 2023, 12:04 pm

 

റയല്‍ മാഡ്രിഡില്‍ ഏഴാം നമ്പര്‍ ജേഴ്‌സി ധരിക്കാന്‍ സാധിച്ചതില്‍ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയര്‍. ഇതിന് മുമ്പ് ഫുട്‌ബോള്‍ ഇതിഹാസവും റയല്‍ മാഡ്രിഡിന്റെ എക്കാലത്തേയും മികച്ച താരങ്ങളില്‍ ഒരാളുമായ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആയിരുന്നു റയലിന്റെ ഏഴാം നമ്പര്‍ ജേഴ്‌സി അണിഞ്ഞിരുന്നത്.

ജൂലൈ 27ന് നടന്ന ക്ലബ്ബ് സൗഹൃദ മത്സരത്തിലാണ് വിനീഷ്യസ് ആദ്യമായി റയലിന് വേണ്ടി ഏഴാം നമ്പര്‍ ജേഴ്‌സിയിലെത്തിയത്. ടെക്‌സസിലെ എന്‍.ആര്‍.ജി സ്‌റ്റേഡിയത്തില്‍ മനാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ നടന്ന മത്സരത്തിലാണ് വിനി ആദ്യമായി ഏഴാം നമ്പര്‍ ജേഴ്‌സി ധരിച്ചത്.

 

 

റൊണാള്‍ഡോയുടെ ഏഴാം നമ്പര്‍ ജേഴ്‌സി ധരിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് വിനീഷ്യസ് പറഞ്ഞിരുന്നു. മാഡ്രിഡ് എക്‌സ്ട്രയിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും ജുവാനിറ്റോയെയും പോലുള്ള ഇതിഹാസ താരങ്ങളുടെ ഏഴാം നമ്പര്‍ ജേഴ്‌സി ധരിക്കാന്‍ എന്നെ തെരഞ്ഞെടുത്തതില്‍ എനിക്കേറെ സന്തോഷവും അഭിമാനവുമുണ്ട്,’ വിനീഷ്യസ് പറഞ്ഞു.

 

 

ക്രിസ്റ്റ്യാനോയുടെ പാത പിന്തുടര്‍ന്ന് വിനീഷ്യസിനും റയലിനായി ഗോള്‍ നേട്ടത്തില്‍ റെക്കോഡിടാന്‍ സാധിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. റൊണാള്‍ഡോയുടെ റെക്കോഡ് മറികടക്കാന്‍ വിനീഷ്യസിന് സാധിക്കുമോ എന്നാണ് ആരാധകര്‍ പരസ്പരം ചോദിക്കുന്നത്.

റയലിന്റെ എക്കാലത്തേയും മികച്ച ഗോളടിവീരനാണ് റൊണാള്‍ഡോ. 450 ഗോളുകളാണ് ലോസ് ബ്ലാങ്കോസിനായി റൊണള്‍ഡോ നേടിയത്.

അതേസമയം, ഏഴാം നമ്പര്‍ ജേഴിസി ധരിച്ച ആദ്യ മത്സരത്തില്‍ ഗോള്‍ നേടാന്‍ വിനീഷ്യസിന് സാധിച്ചില്ലെങ്കിലും എതിരില്ലാത്ത രണ്ട് ഗോളിന് റെഡ് ഡെവിള്‍സിനെ പരാജയപ്പെടുത്താന്‍ റയലിന് സാധിച്ചിരുന്നു.

മത്സരത്തിന്റെ ആറാം മിനിട്ടില്‍ ജൂഡ് ബെല്ലിങ്ഹാമിലൂടെ ലീഡ് നേടിയ ലോസ് ബ്ലാങ്കോസ് 89ാം മിനിട്ടില്‍ ഹോസെലുവിന്റെ ഗോളിലൂടെ ലീഡ് ഇരട്ടിയാക്കുകയും മത്സരം വിജയിക്കുകയും ചെയ്തിരുന്നു.

ചിരവൈരികളായ ബാഴ്‌സലോണക്കെതിരെയാണ് ക്ലബ്ബ് ഫ്രണ്ട്‌ലീസില്‍ റയലിന്റെ അടുത്ത മത്സരം. ഡാലസ് ടെക്‌സസിലെ എ.ടി. ആന്‍ഡ് ടി സ്റ്റേഡിയമാണ് വേദി.

 

 

Content Highlight: Vinicius Jr. on wearing Real Madrid’s number seven jersey