അഭിനവ് സുന്ദര്‍ നായകിന്റെ സംവിധാനത്തില്‍ വിനീത് ശ്രീനിവാസന്‍ നായകനായ മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് കഴിഞ്ഞ നവംബര്‍ 11നാണ് റിലീസ് ചെയ്തത്. ഡാര്‍ക് ഹ്യൂമര്‍ ഴോണറിലെത്തിയ ചിത്രത്തിന് റിലീസ് ദിനം മുതല്‍ തന്നെ മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒരിടവേളക്ക് ശേഷം സുരാജ് വെഞ്ഞാറമൂടിനെ സീരിയസായും അതേസമയം കോമഡിയായും തോന്നുന്ന കഥാപാത്രത്തില്‍ കണ്ട സിനിമ കൂടിയാണ് മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്.
സുരാജുമായുള്ള ചില രംഗങ്ങള്‍ ഷൂട്ട് ചെയ്യുമ്പോള്‍ ചിരി വന്നിട്ടും അഭിനവ് എന്തെങ്കിലും പറഞ്ഞാലോ എന്ന് വിചാരിച്ച് പിടിച്ച് നിന്നിട്ടുണ്ടെന്ന് പറയുകയാണ് വിനീത്. ഇന്ത്യ ഗ്ലിറ്റ്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിനീത് ചിത്രത്തിന്റെ ഷൂട്ടിങ് വിശേഷങ്ങള്‍ പങ്കുവെച്ചത്.
‘സുരാജേട്ടനുമായി കാറില്‍ ഒരു സീക്വന്‍സുണ്ടായിരുന്നു. അതില്‍ ഒരു ഭാവ്യത്യാസവുമില്ലാതെയാണ് ഞാന്‍ ഇരിക്കേണ്ടത്. സുരാജേട്ടന്‍ പെര്‍ഫോം ചെയ്യുന്നത് കണ്ടിട്ട് എനിക്കാണേല്‍ ചിരി വന്നിട്ട് മേല. അഭി ആയതുകൊണ്ട് എനിക്ക് ചിരിക്കാനും പറ്റില്ല. ഇവനെന്താ പറയുക എന്നറിയില്ല. ഹാലിളകിയാല്‍ ഇവനെന്തെങ്കിലുമൊക്കെ വിളിച്ചുപറയും.
അതുകൊണ്ട് ഞാന്‍ മിണ്ടാതെ ഇരിക്കുകയാണ്. സുരാജേട്ടന്‍ ചെയ്യുന്നത് കാണുമ്പോള്‍ ചിരീം വരുന്നുണ്ട്. കാരണം സുരാജേട്ടന്‍ കുറെനാളായി ഹ്യൂമര്‍ ചെയ്യാതിരിക്കുകയായിരുന്നു. മുകുന്ദന്‍ ഉണ്ണിയിലാണെങ്കില്‍ ഭയങ്കര ലൗഡ് ഹ്യൂമറുമില്ല. പക്ഷേ സീരിയസ് പടങ്ങള്‍ തന്നെ ചെയ്ത് ചെയ്ത് അവസാനം വേറൊരു സാധനം കിട്ടിയപ്പോള്‍ പുള്ളി അത് ഭയങ്കരമായി ആസ്വദിക്കുന്നുണ്ടായിരുന്നു. അദ്ദേഹം അത് ആസ്വദിച്ച് ചെയ്യുന്നത് നമ്മളാണല്ലോ ആദ്യം കാണുന്നത്. അത് കണ്ട് കടിച്ച് പിടിച്ച് നിക്കുവായിരുന്നു,’ വിനീത് പറഞ്ഞു.
മുകുന്ദന്‍ ഉണ്ണി എന്ന ടൈറ്റില്‍ കഥാപാത്രത്തെ വിനീത് അവതരിപ്പിച്ചപ്പോള്‍ അഡ്വക്കേറ്റ് വേണുവായിട്ടാണ് സുരാജ് വന്നത്. ആര്‍ഷ ചാന്ദ്‌നി ബൈജു, സുധി കോപ്പ, തന്‍വി റാം, ജഗദീഷ്, മണികണ്ഠന്‍ പട്ടാമ്പി, ബിജു സോപാനം, ജോര്‍ജ് കോറ, അല്‍ത്താഫ് സലിം, റിയ സൈറ, രഞ്ജിത്ത് ബാലകൃഷ്ണന്‍, നോബിള്‍ ബാബു തോമസ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Content Highlight: vineeth sreenivasan shares shooting experience with suraj venjaramood in mukundan unni associates