വിജയ് ഹസാരെ ട്രോഫിയിലെ തങ്ങളുടെ രണ്ടാം മത്സരത്തില്‍ കേരളത്തിന് മോശമല്ലാത്ത സ്‌കോര്‍. 49.1 ഓവറില്‍ 231 റണ്‍സാണ് കേരളം സ്വന്തമാക്കിയത്. ക്യാപ്റ്റന്‍ സഞ്ജു സാസംണിന്റെ അര്‍ധ സെഞ്ച്വറിയും സച്ചിന്‍ ബേബിയുടെ സെഞ്ച്വറിയുമാണ് കേരളത്തിന് തെറ്റില്ലാത്ത സ്‌കോര്‍ സമ്മാനിച്ചത്.
മത്സരത്തില്‍ ടോസ് നേടി കേരളത്തെ ബാറ്റിങ്ങിനയച്ച മുംബൈ നായകന്‍ അജിന്‍ക്യ രഹാനെയുടെ പ്രതീക്ഷ ബൗളര്‍മാര്‍ കാത്തപ്പോള്‍ കേരളത്തിന്റെ തുടക്കം പിഴച്ചു. സ്‌കോര്‍ ബോര്‍ഡില്‍ വെറും 12 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ രണ്ട് ഓപ്പണര്‍മാരും കൂടാരം കയറി.
മുഹമ്മദ് അസറുദ്ദീന്‍ 11 പന്തില്‍ ഒമ്പത് റണ്‍സടിച്ച് പുറത്തായപ്പോള്‍ രോഹന്‍ എസ്. കുന്നുമ്മല്‍ വീണ്ടും നിരാശപ്പെടുത്തി. സൗരാഷ്ട്രക്കെതിരായ ആദ്യ മത്സരത്തില്‍ നാല് റണ്‍സിന് പുറത്തായ കുന്നുമ്മല്‍ മുംബൈക്കെതിരെ ഒരു റണ്‍സ് മാത്രം നേടിയാണ് പുറത്തായത്.
എന്നാല്‍ വണ്‍ ഡൗണായെത്തിയ ക്യാപ്റ്റന്‍ സഞ്ജുവും നാലാം നമ്പറില്‍ ഇറങ്ങിയ സച്ചിന്‍ ബേബിയും ചേര്‍ന്ന് കേരള ഇന്നിങ്‌സിന് അടിത്തറയിട്ടു. സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് ഇരുവരും സ്‌കോര്‍ ഉയര്‍ത്തിയത്.
ടീം സ്‌കോര്‍ 12ല്‍ നില്‍ക്കവെ ഒന്നിച്ച് ഈ കൂട്ടുകെട്ട് പിരിയുന്നത് 138ാം റണ്‍സിലാണ്. സഞ്ജുവിനെ വിക്കറ്റിന് മുമ്പില്‍ കുടുക്കി തുഷാര്‍ ദേശ്പാണ്ഡേയാണ് മുംബൈക്ക് ആവശ്യമായിരുന്ന ബ്രേക് ത്രൂ നല്‍കിയത്. 83 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സറും അടക്കം 55 റണ്‍സാണ് സഞ്ജു നേടിയത്.
ദേശീയ ജേഴ്‌സിയില്‍ കളിക്കാനുള്ള അവസരം നിരന്തരമായി നിഷേധിക്കപ്പെടുമ്പോള്‍ സെലക്ടര്‍മാര്‍ക്ക് മുമ്പില്‍ സ്വയം അടയാളപ്പെടുത്തുന്ന തരത്തിലാണ് കരുത്തരായ മുംബൈക്കെതിരെ സഞ്ജു അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.
സഞ്ജു പുറത്തായതിന് ശേഷം പിന്നാലെയെത്തിയ വിഷ്ണു വിനോദിനും അബ്ദുള്‍ ബാസിത്തിനൊപ്പവും ചേര്‍ന്ന് സച്ചിന്‍ ബേബി സ്‌കോര്‍ ബോര്‍ഡിന് ജീവന്‍ നല്‍കി.
ടീം സ്‌കോര്‍ 224ല്‍ നില്‍ക്കവെ എട്ടാം വിക്കറ്റായി സച്ചിന്‍ ബേബി പുറത്തായി. 134 പന്തില്‍ 104 റണ്‍സടിച്ചാണ് സച്ചിന്‍ ബേബി പുറത്തായത്. എട്ട് ബൗണ്ടറിയും രണ്ട് സിസ്‌കറുമായിരുന്നു താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.
ഒടുവില്‍ 49.1 ഓവറില്‍ കേരളം 231ന് ഓള്‍ ഔട്ടാവുകയായിരുന്നു.