എന്നേക്കാളും പ്രായത്തിൽ മുതിർന്നതാണെങ്കിലും, ജോൺസണും ഔസേപ്പച്ചനും ജൂനിയേഴ്‌സ് ആണ്: വിദ്യാസാഗർ
Entertainment
എന്നേക്കാളും പ്രായത്തിൽ മുതിർന്നതാണെങ്കിലും, ജോൺസണും ഔസേപ്പച്ചനും ജൂനിയേഴ്‌സ് ആണ്: വിദ്യാസാഗർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 5th June 2023, 9:24 am

ആന്ധ്രാപ്രദേശിൽ ജനിച്ചെങ്കിലും മലയാളികളുടെ മനസിനെ തിരിച്ചറിയുന്ന ഒരു സംഗീത സംവിധായകനാണ് വിദ്യാസാഗർ. സംഗീത ലോകത്തേക്കുള്ള തന്റെ കടന്നുവരവും തന്നെ സ്വാധീനിച്ചിട്ടുള്ളതും ഒപ്പം ജോലി ചെയ്തിട്ടുള്ളവരുമായ പ്രഗത്ഭരെക്കുറിച്ചും സംസാരിക്കുകയാണദ്ദേഹം.

പ്രായത്തിൽ തന്നെക്കാളും മുതിർന്നവർ ആണെങ്കിലും ഔസേപ്പച്ചനും ജോൺസൻ മാഷും തന്റെ ജൂനിയേഴ്‌സ് ആണെന്ന് പറയുകയാണ് വിദ്യാസാഗർ. താൻ കുട്ടിക്കാലത്താണ് ദേവരാജൻ മാസ്റ്ററുടെ കീഴിൽ ജോലിചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ബിഹൈൻഡ് വുഡ്‌സ് ഐസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ദേവരാജൻ മാസ്റ്ററുടെ കൂടെ ഞാൻ ഒരുപാട് വർക്ക് ചെയ്തിട്ടുണ്ട്. അത് എന്റെ കുട്ടിക്കാലത്താണ്. എന്റെ അച്ഛൻ സംഗീതജ്ഞൻ ആയിരുന്നു. അച്ഛന്റെ കൂടെ ഞാൻ ഒരുപാട് തവണ ദേവരാജൻ മാസ്റ്ററുടെ അടുത്ത് പോയിട്ടുണ്ട്. പിന്നെ ഞാൻ ദേവരാജൻ മാസ്റ്ററുടെ കൂടെ വൈബ്രോഫോൺ ഒക്കെ വായിച്ചിട്ടുണ്ട്. ആ സമയത്ത് ഞാൻ വളരെ ചെറിയ കുട്ടി ആയിരുന്നു. 11 വയസാണ് ഉണ്ടായിരുന്നത്.

ദേവരാജൻ മാസ്റ്റർ എന്ന് പറയുമ്പോൾ ‘കേരളം… കേരളം…കേളികൊട്ടുയരുന്ന’ എന്ന ഗാനമാണ് ഓർമവരുന്നത്. ഈ ഗാനം അദ്ദേഹത്തിന്റെ കൂടെ വായിച്ചത് മാത്രമാണ് എനിക്ക് ഇപ്പോൾ ഓർമയുള്ളത്. ധാരാളം ഗാനങ്ങൾക്കായി ഞാൻ അദ്ദേഹത്തിന്റെ കൂടെ വർക്ക് ചെയ്തിട്ടുണ്ട്.

ജോൺസണും ഔസേപ്പച്ചനും എന്റെ ജൂനിയേർസ് ആണ്. കാരണം ഞാൻ 11 വയസിൽ ദേവരാജൻ മാസ്റ്ററുടെ കൂടെ സംഗീതം ചെയ്തുകൊണ്ടിരുന്ന സമയത്താണ് ഇവർ വരുന്നത്. കേരളത്തിൽ നിന്നും 15 വയലിനിസ്റ്റുകൾ ഒരുമിച്ചാണ് അന്ന് വന്നത്.

ഏഴുമണിക്കാണ് റെക്കോർഡിങ്. അവർ എല്ലാവരും സ്റ്റുഡിയോയിൽ എത്തി. ആ വയലിനിസ്റ്റുകളുടെ കൂടെ ഉണ്ടായിരുന്നവരാണ് ഔസേപ്പച്ചനും ജോൺസണും. അവർ വന്ന് ഗുഡ് മോണിങ് ഒക്കെ പറഞ്ഞു. ദേവരാജൻ മാസ്റ്റർ അവരോട് പോയി ഫ്രഷ് ആയിട്ട് വരാൻ പറഞ്ഞു. ഈ കാഴ്ചകൾ ഒരിക്കലും മറക്കാൻ പറ്റില്ല. അത് മനസിൽ ഇപ്പോഴും കിടക്കുന്നുണ്ട്. ഇവരൊക്കെ എന്റെ ജൂനിയേഴ്‌സ് ആണെന്ന് പറയാൻ കാരണം ഞാൻ ഒരു ഒന്നര വർഷം ആയിട്ട് ജോൺസൺ മാഷിന്റെ കൂടെ ജോലിചെയ്യുന്നുണ്ടായിരുന്നു. അവർ എന്നേക്കാളും വയസുകൊണ്ട് മുതിർന്നവരാണെങ്കിലും ഞാൻ അവരുടെ സീനിയറാണ്,’ അദ്ദേഹം പറഞ്ഞു.

മലയാളത്തിൽ അദ്ദേഹം സംഗീത സംവിധാനം ചെയ്ത ഗാനങ്ങളെപ്പറ്റിയും അദ്ദേഹം സംസാരിച്ചു. മലയാളികളുടെ മനസറിഞ്ഞ്‌ എങ്ങനെയാണ് ജോലി ചെയ്യാൻ കഴിയുന്നതെന്നുമുള്ള ചോദ്യത്തിന് എല്ലാം ദൈവാനുഗ്രഹം ആണെന്നും തന്നെ മലയാളികൾക്ക് സ്വന്തമാണെന്നും അദ്ദേഹം പറഞ്ഞു.

‘ഗാനങ്ങൾ ഒന്നും ഞാൻ എന്റെ കഴിവ് കൊണ്ട് പാകപ്പെടുത്തിയെടുക്കുന്നതല്ല. എല്ലാം ദൈവാനുഗ്രഹം ആണ്. നിങ്ങൾക്ക് കേൾക്കാൻ ഇമ്പമുള്ള ഗാനങ്ങൾ ഉണ്ടാക്കിയെടുക്കാൻ ദൈവം എന്നെ പ്രാപ്തനാക്കി. ഞാൻ ഒരു മലയാളിയാണ്, തമിഴനാണ്, ഞാൻ ഒരു തെലുങ്കനുമാണ്. എല്ലാത്തിലും ഉപരി ഞാൻ സംഗീതത്തിനും സ്വന്തമാണ്,’ വിദ്യാസാഗർ പറഞ്ഞു.

Content Highlights: Vidyasagar on Ouseppachan and Johnson master