ഇന്ത്യ-ഓസ്ട്രേലിയ ബോർഡർ ഗവാസ്കർ ട്രോഫിയിലെ ആവേശകരമായ രണ്ടാം ടെസ്റ്റ് രണ്ടാം ദിനത്തിലേക്ക് കടന്നിരിക്കുകയാണ്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസിസ് ആദ്യ ഇന്നിങ്സിൽ 263 റൺസിന് പുറത്തായപ്പോൾ. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് 262 റൺസിൽ അവസാനിച്ചു.
74 റൺസെടുത്ത അക്സർ പട്ടേലും 44 റൺസെടുത്ത വിരാടും ഇന്ത്യൻ ബാറ്റിങ് നിരയെ മുന്നിൽ നിന്നും നയിച്ചപ്പോൾ അശ്വിൻ, ജഡേജ, രോഹിത് ശർമ എന്നിവർക്കൊഴികെ മറ്റാർക്കും ബാറ്റിങ്ങിൽ മികച്ച പ്രകടനം കാഴ്ച വെക്കാൻ സാധിച്ചില്ല.
29 ഓവർ പന്തെറിഞ്ഞ് 67 റൺസിന് അഞ്ച് വിക്കറ്റ് നേടിയ നാഥൻ ലിയോണാണ് ഇന്ത്യൻ ബാറ്റിങ് നിരയുടെ നടുവൊടിച്ചത്.
എന്നാലിപ്പോൾ സ്ഥിരമായി മോശം പ്രകടനം കാഴ്ചവെച്ചിട്ടും കെ.എൽ രാഹുലിനെ ടീമിൽ തുടരാൻ അനുവദിക്കുന്നതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ വെങ്കിടേഷ് പ്രസാദ്.
മായങ്ക് അഗർവാൾ, ശുഭ്മാൻ ഗിൽ, സർഫ്രാസ് ഖാൻ മുതലായ മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരങ്ങൾ ലഭ്യമായിട്ടും കെ.എൽ രാഹുലിനെ ടീമിലെടുത്തതിൽ രോഹിത്തിനെയും ദ്രാവിഡിനെയും അദ്ദേഹം വിമർശിച്ചു.
രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ 17 റൺസാണ് കെ.എൽ രാഹുൽ സ്കോർ ചെയ്തത്. ആദ്യ ടെസ്റ്റിൽ വെറും 20 റൺസ് മാത്രമേ താരത്തിന് സ്കോർ ചെയ്യാൻ സാധിച്ചിരുന്നുള്ളൂ.
“നിർണായകമായ മത്സരത്തിൽ റൺസ് കണ്ടെത്താൻ രാഹുലിന് കഴിയുന്നില്ല. എന്നിട്ടും രാഹുലിന് ഇന്ത്യൻ ടീമിൽ ഇടം ലഭിക്കുന്നു. കഴിഞ്ഞ 20 വർഷത്തിനിടയിൽ ഇത്രയും മോശം ശരാശരിയുള്ള ഒരു ബാറ്റർ ഇന്ത്യൻ ടീമിൽ കളിച്ചിട്ടുണ്ടോ എന്നത് സംശയമാണ്,’ വെങ്കിടേഷ് പ്രസാദ് പറഞ്ഞു.
രാഹുലിന്റെ ബാറ്റിങ്ങിലെ പ്രാഗൽഭ്യത്തിൽ എനിക്ക് സംശയമുണ്ട്. കഴിഞ്ഞ അഞ്ച് വർഷം കളിച്ച 47 ഇന്നിങ്സുകളിൽ നിന്നും അദ്ദേഹത്തിന്റെ ശരാശരി വെറും 27 റൺസാണ്,’ വെങ്കിടേഷ് പ്രസാദ് കൂട്ടിച്ചേർത്തു.
അതേസമയം ബോർഡർ-ഗവാസ്കർ പരമ്പരയിലെ രണ്ടാം ടെസ്റ്റ് വിജയിക്കാൻ സാധിച്ചാൽ ഇന്ത്യക്ക് പരമ്പര നഷ്ടപ്പെടാതെ പിടിച്ചുനിർത്താം. പരമ്പര സ്വന്തമാക്കിയാൽ മാത്രമേ ടീമിന് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ കളിക്കാൻ സാധിക്കുകയുള്ളൂ.