വി.ഡി സതീശന്‍ കോണ്‍ഗ്രസിനെ ഹൈജാക്ക് ചെയ്തു: പി. സരിന്‍
Kerala News
വി.ഡി സതീശന്‍ കോണ്‍ഗ്രസിനെ ഹൈജാക്ക് ചെയ്തു: പി. സരിന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 17th October 2024, 12:20 pm

പാലക്കാട്: വി.ഡി സതീശനെ വിമര്‍ശിച്ച് പി.സരിന്‍. വി.ഡി. സതീശന്‍ കോണ്‍ഗ്രസിനെ ഹൈജാക്ക് ചെയ്യുന്നെന്നും ചിലരിലേക്ക് മാത്രം ഒതുക്കി നിര്‍ത്തുന്നെന്നുമാണ് സരിന്റെ വിമര്‍ശനം.

കെ.കരുണാകരനും എ.കെ.ആന്റണിയും ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കൊണ്ടു നടന്ന കോണ്‍ഗ്രസ് പ്രസ്ഥാനത്തെ ജീര്‍ണിപ്പിച്ചതും ചില കാര്യങ്ങളിലേക്ക് മാത്രമായി കോണ്‍ഗ്രസിനെ ചുരുക്കിയതിനും കാരണക്കാരന്‍ സതീശനാണെന്നും സരിന്‍ ചൂണ്ടിക്കാട്ടി.

സതീശന് ഐ.ആം.ദി പാര്‍ട്ടി എന്ന ചിന്താഗതിയാണെന്നും താന്‍കോയ്മ, ധാര്‍ഷ്ട്യം, ധിക്കാരം എന്നിവ കൊണ്ടുനടക്കുന്ന ആളാണ് സതീശനെന്നും സരിന്‍ പറയുന്നു.

സതീശന്റെ ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിച്ചാല്‍ 2026ല്‍ കോണ്‍ഗ്രസിന് പച്ച തൊടാന്‍ കഴിയില്ലെന്ന ആശങ്ക നിരവധി കോണ്‍ഗ്രസുകാര്‍ക്കുമുണ്ടെന്നും സരിന്‍ കൂട്ടിച്ചേര്‍ത്തു.

വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് വന്നത് അട്ടിമറി നീക്കമായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് ഒരു ഏകാധിപതിയാണെന്നും പറഞ്ഞു.

കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ജീര്‍ണതകള്‍ കുഴിച്ചുമൂടാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നും സരിന്‍ പറഞ്ഞു.

സി.പി.ഐ.എമ്മിനെ എതിര്‍ക്കണമെന്ന് പറഞ്ഞ് ബി.ജെ.പി അനുകൂല നിലപാടെടുക്കുകയാണ് കോണ്‍ഗ്രസ് എന്നും കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ജീര്‍ണതകള്‍ കുഴിച്ചുമൂടാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നും സരിന്‍ പറഞ്ഞു.

ബി.ജെ.പിയോട് മൃദു സമീപനമുള്ള സതീശന്‍ ഷാഫി പറമ്പിലിനെ വടകരയിലേക്ക് വിട്ടത് ബി.ജെ.പിയെ സഹായിക്കാനാണെന്നും പാലക്കാട് ബി.ജെ.പിയെ വിജയിപ്പിക്കാനാണ് സതീശന്റെ നീക്കമെന്നും സരിന്‍ വിമര്‍ശിച്ചു.

പാലക്കാട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയും സരിന്‍ വിമര്‍ശനങ്ങളുന്നയിച്ചു. വളര്‍ന്നു വരുന്ന കുട്ടി സതീശനാണ് രാഹുലെന്നും ഔചിത്യമില്ലാതെ പെരുമാറുന്ന സമീപനമാണ് രാഹുലിനെന്നും സരിന്‍ പറഞ്ഞു.

കെ.കരുണാകരനെയും ഭാര്യ കല്ല്യാണികുട്ടിയമ്മയെയും അധിക്ഷേപിച്ച് സംസാരിച്ച രാഹുല്‍ മാങ്കൂട്ടത്തിലിനുള്ള മറുപടി ജനങ്ങള്‍ നവംബറില്‍ വോട്ടെണ്ണലോടുകൂടി തരുമെന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോഴും വിജയിക്കുമ്പോഴും മാത്രം ഉമ്മന്‍ചാണ്ടിയുടെ കല്ലറയിലേക്ക് മാധ്യമങ്ങളെ കൂട്ടുപിടിച്ച് സന്ദര്‍ശിക്കുന്ന രാഹുലിന്റെയും മറ്റ് കോണ്‍ഗ്രസ്‌കാരുടെയും സമീപനം തിരുത്തണമെന്നും സരിന്‍ ആവശ്യപ്പെട്ടു.

Content Highlight: VD Satheesan Hijacked Congress: P. Sarin