വാളയാര്‍ കേസില്‍ പ്രതികളെ വെറുതെ വിട്ട സംഭവം; പൊലീസിന് നേരെ ഉയരുന്ന സംശയങ്ങള്‍ ഇവയാണ്
ഷഫീഖ് താമരശ്ശേരി

അങ്ങേയറ്റം സങ്കടകരവും ദൗര്‍ഭാഗ്യകരവുമായ ഒരു വാര്‍ത്തയും അതുമായി ബന്ധപ്പെട്ട ചില വസ്തുതകളുമാണ് ഇവിടെ പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നത്. കേരളത്തില്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്ന വാളയാര്‍ ഇരട്ടക്കൊലപാതക കേസ്സിലെ മുഴുവന്‍ പ്രതികളെയും കോടതി വെറുതെ വിട്ടിരിക്കുകയാണ്. കേസ്സിലെ പ്രതികളെല്ലാം കുറ്റവിമുക്തരാക്കപ്പെട്ടിരിക്കുന്നു.

പ്രതികള്‍ക്കെതിരെ കൃത്യമായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല എന്ന നിരീക്ഷണത്തില്‍ പാലക്കാട് ഒന്നാം അഡീഷണല്‍ സെഷന്‍സ് പോക്സോ കോടതിയാണ് പ്രതികളെ വെറുതെവിട്ടത്.

ക്രൂരമായി പീഡിപ്പിക്കപ്പെട്ട് ഒടുക്കം കൊല ചെയ്യപ്പെട്ട, പതിനൊന്നും ഒമ്പതും വയസ്സുള്ള രണ്ട് പിഞ്ചു പെണ്‍കുഞ്ഞുങ്ങള്‍ക്ക് ലഭിക്കേണ്ട നീതി നഷ്ടമായിരിക്കുന്നു. ഇവിടുത്തെ നിയമപാലക നീതിനിര്‍വഹണ സംവിധാനത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് കഴിഞ്ഞ രണ്ട് വര്‍ഷമായി കണ്ണീരില്‍ ജീവിച്ച ഒരമ്മയും ഒരച്ഛനും കേരളത്തിന്റെ അതിര്‍ത്തി ഗ്രാമമായ വാളയാറില്‍ സകല പ്രത്യാശകളും തകര്‍ന്നടിഞ്ഞ അവസ്ഥയിലാണ്.

യാതൊരു സംശയവുമില്ലാതെ ഇവിടെ പറയാന്‍ കഴിയുന്ന ഒരു കാര്യമുണ്ട്. കേസന്വേണത്തില്‍ തുടക്കം മുതലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ബോധപൂര്‍വവും കുറ്റകരവുമായ പ്രവൃത്തി മാത്രമാണ് ഈയൊരു നീതിരഹിതമായ കോടതിവിധിയ്ക്ക് കാരണമായത് എന്നത്.

പ്രഥമദൃഷ്ടിയില്‍ തന്നെ കൊലപാതകമാണെന്നുറപ്പിക്കാവുന്ന നിരവധി തെളിവുകളുണ്ടായിരുന്ന ഈ രണ്ട് മരണങ്ങള്‍ക്കും, രണ്ട് വര്‍ഷത്തിന് ശേഷം കോടതിയിലെത്തിയപ്പോഴേക്കും യാതൊരു തെളിവുകളും ഇല്ലാതായി പോയതിന് പിറകില്‍ ആസൂത്രിതമായ ചില നീക്കങ്ങളുണ്ടെന്ന് സംശയിക്കുന്നതിന് നിരവധി കാരണങ്ങളുണ്ട്. അവയില്‍ ചിലതിലേക്ക്….

രണ്ടാമത്തെ പെണ്‍കുട്ടിയുടെ മരണവാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്നുള്ള ദിവസങ്ങളിലും പിന്നീടുമായി വാളയാറിലെ അട്ടംപള്ളം ശെല്‍വപുരത്തിനടുത്തെ വീട്ടിലും പരിസരങ്ങളിലുമായി ഞങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ മനസ്സിലാക്കിയ ചില വസ്തുതകളാണ് ഇവിടെ പങ്കുവെക്കുന്നത്.

2017 ജനുവരി 13 ന് വൈകീട്ട് 6 മണിയോടടുത്താണ് 11 വയസ്സുകാരിയായ മൂത്ത പെണ്‍കുട്ടിയെ വീടിനകത്ത് തൂങ്ങിയ നിലയില്‍ കാണുന്നത്. സഹോദരിയായ 9 വയസ്സുകാരിയാണ് മൃതദേഹം ആദ്യമായി കണ്ടത്. 9 വയസ്സുകാരിയുടെ കരച്ചില്‍ കേട്ടാണ് അന്ന് നാട്ടുകാര്‍ ഓടിക്കൂടിയത്. സംഭവസ്ഥലത്തു നിന്നും മുഖംമൂടിയ രണ്ടുപേര്‍ ഓടിപ്പോകുന്നത് കണ്ടതായി ഒമ്പത് വയസ്സുകാരി അന്നു തന്നെ ബന്ധുക്കളോടും പൊലീസിനോടും പറഞ്ഞിരുന്നു.

എന്നാല്‍ പൊലീസ് അത് മൊഴിയായി രേഖപ്പെടുത്തിയില്ല എന്നതാണ് ഇവിടുത്തെ ഒന്നാമത്തെ കാര്യം. തൂങ്ങിയ നിലയില്‍ കാണപ്പെട്ട മൂത്തകുട്ടിയുടെ ശരീരത്തില്‍ പലയിടങ്ങളിലായി നഖപ്പാടുകളും മറ്റും കണ്ടിരുന്നു എന്നും കുട്ടി ഉപയോഗിച്ചിരുന്ന നാപ്കിന്‍ വീടിനകത്ത് തെറിച്ചുകിടക്കുന്നതായി കണ്ടുവെന്നും പരിസരവാസികളില്‍ ചിലര്‍ ഞങ്ങളോട് പറഞ്ഞിരുന്നു.

അവര്‍ അത് പൊലീസിനെയും അറിയിച്ചിരുന്നു എന്നാണ് ഞങ്ങളോട് പറഞ്ഞത്. എന്നാല്‍ പൊലീസ് അത്തരമൊരു മൊഴി എവിടെയും രേഖപ്പെടുത്തിയിട്ടില്ല എന്നത് ഗരുതരമായ സംശയങ്ങള്‍ ഉളവാക്കുന്നതാണ്.

പെണ്‍കുട്ടി മരണപ്പെട്ടുവെന്ന് കരുതുന്നതിന്റെ ഏതാനും സമയം മുമ്പ് പോലും വളരെ സ്വാഭാവികമായി സമീപത്തുള്ളവരോട് സംസാരിച്ചുന്നു എന്നും അതിനാല്‍ ആത്മഹത്യയാവാന്‍ യാതൊരു സാദ്ധ്യതയുമില്ലെന്ന് പരിസരവാസികളില്‍ പലരും അന്ന് പൊലീസിനെ അറിയിച്ചിരുന്നു

എന്നാല്‍ അന്വേഷണഘട്ടങ്ങളിലെല്ലാം പെണ്‍കുട്ടിയുടെ മരണം ആത്മഹത്യയാണ് എന്ന് പൊലീസ് നിരന്തരം പറഞ്ഞത് എന്തിന് വേണ്ടിയായിരിക്കാം. ആരെ സംരക്ഷിക്കുന്നതിനായിരിക്കാം. അസ്വാഭാവികമരണത്തിന് കേസ്സെടുക്കുക മാത്രമാണ് അന്ന് പോലീസ് ചെയ്തത്.

ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയായിരുന്നിട്ടും കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ക്കെതിരായ പോക്‌സോ നിയമപ്രകാരം കേസ്സെടുക്കാനോ, മജിസ്‌ട്രേറ്റിന്റെ സാന്നിദ്ധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടത്താനോ പോലീസ് തയ്യാറായിരുന്നില്ല എന്നതും ഗൗരവമായി പരിശോധിക്കേണ്ട വിഷയമാണ്.

അതിനേക്കാളൊക്കെയേറെ പൊലീസിന്റെ പ്രവൃത്തയില്‍ സംശയം ജനിപ്പിക്കുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. വാളയാര്‍ പോലീസ് സ്റ്റേഷനിലെ എസ്.ഐ പിന്‍സണ്‍ പി.ജോസഫ് തയ്യാറാക്കിയ പ്രാഥമികാന്വേഷണറിപ്പോര്‍ട്ടില്‍ ..പെണ്‍കുട്ടി ഏതോ മനോവിഷമത്തില്‍ വീടിനുള്ളില്‍ കഴുക്കോലില്‍ ഷാളില്‍ കെട്ടിത്തൂങ്ങി മരണപ്പെട്ടു’ എന്ന് എഴുതിച്ചേര്‍ത്തത്.

വളരെ ദുരൂഹമായ സാഹചര്യത്തില്‍ ശരീരത്തില്‍ നിരവധി അടയാളങ്ങളോട്കൂടി മരണപ്പെട്ട നിലയില്‍ കണ്ടെത്തിയ ഒരു പെണ്‍കുട്ടി മനോവിഷമത്താല്‍ ആത്മഹത്യ ചെയ്തു എന്ന് അന്വേഷണറിപ്പോര്‍ട്ടില്‍ എഴുതിവെക്കാന്‍ പൊലീസിനെ പ്രേരിപ്പിച്ചത് എന്തായിരിക്കാം.

യാതെരുവിധത്തിലുള്ള അന്വേഷണവും നടത്താതെ മൂത്ത കുട്ടിയുടെ മരണം മനോവിഷമത്താലുള്ള ആത്മഹത്യ എന്ന് പോലീസ് വരുത്തിത്തീര്‍ത്തത് എന്തിനായിരുന്നുവെന്നത് ഇപ്പോഴും ഒരു ചോദ്യമായി തന്നെ നില്‍ക്കുകയാണ്.

ഇവിടെയൊന്നും തീരുന്നില്ല പൊലീസ് ഈ വിഷയത്തില്‍ നടത്തിയ ക്രമക്കേടുകള്‍, മരണത്തിന് മുമ്പ് പെണ്‍കുട്ടി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ആ വിവരം രക്ഷിതാക്കളെ അറിയിച്ചില്ല എന്ന് മാത്രമല്ല, സംഭവം ആത്മഹത്യ തന്നെയാണെന്നായിരുന്നു പൊലീസുകാര്‍ അവരോട് പറഞ്ഞിരുന്നത്.

ഇതിനിടയിലാണ് മാര്‍ച്ച് മാസത്തില്‍ മൂത്ത പെണ്‍കുട്ടിയുടെതിന് സമാനമായ രീതിയില്‍ ഇളയപെണ്‍കുട്ടിയും കൊല്ലപ്പെട്ടതായി കാണുന്നത്. മൂത്ത പെണ്‍കുട്ടിയുടെ കൊലപാതകം മറച്ചുവെച്ച പൊലീസാണ് ഇളയപെണ്‍കുട്ടിയും കൊല്ലപ്പെടുന്ന സ്ഥിതി ഉണ്ടാക്കിയതെന്ന് കുട്ടികളുടെ അമ്മ ഡൂള്‍ന്യൂസിനോട് പറഞ്ഞിരുന്നു.

ഈ രണ്ട് പെണ്‍കുട്ടികളും മരണപ്പെട്ടതായി കണ്ടെത്തിയ ആ ഒറ്റമുറി വീട് ഞങ്ങള്‍ അന്ന് സന്ദര്‍ശിച്ചതാണ്. മുതിര്‍ന്ന ആളുകള്‍ക്ക് പൊലും കൈ ഉയര്‍ത്തിയാല്‍ എത്താന്‍ പ്രയാസമുള്ള അത്രയും ഉയരത്തിലാണ് വീടിന്റെ കഴുക്കോലുള്ളത്.

സംഭവം നടക്കുമ്പോള്‍ വീടിനകത്ത് ഒരു കട്ടിലോ കസേരയോ ഒന്നുമുണ്ടായിരുന്നില്ല എന്നിരിക്കെ കുട്ടികള്‍ക്ക് സ്വയം തൂങ്ങാന്‍ കഴിയില്ല എന്നത് പ്രാഥമിക നോട്ടത്തില്‍ ഏതൊരാള്‍ക്കും നിഷ്പ്രയാസം മനസ്സിലാക്കാന്‍ സാധിക്കുന്നതാണ്. എന്നിട്ടും രണ്ടാമത്തെ പെണ്‍കുട്ടി മരണപ്പെട്ടപ്പോഴും ആത്മഹത്യയാണെന്നായിരുന്നു പോലീസുകാര്‍ ആദ്യം പറഞ്ഞിരുന്നത്.

എന്നാല്‍ 9 വയസ്സുള്ള ഒരു കുട്ടി എങ്ങിനെ ആത്മഹത്യ ചെയ്യുമന്നതും നാല് അടിയില്‍ കൂടുതല്‍ ഉയരമില്ലാത്ത ഈ പെണ്‍കുട്ടികള്‍ എങ്ങിനെ കഴുക്കോലില്‍ സ്വയം തൂങ്ങുമെന്നതും വലിയ ചോദ്യങ്ങളായി ഉയര്‍ന്നു. മൂത്ത പെണ്‍കുട്ടിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ പീഡന വിവരങ്ങളും പുറത്തറിഞ്ഞു.

ഇത് മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായതോടെയാണ് ഒടുക്കം പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. കുട്ടികളുടെ ബന്ധുക്കളും അയല്‍വാസികളുമായ ഏതാനും പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

മൂത്ത പെണ്‍കുട്ടി മരണപ്പെട്ട സമയത്ത് വീട്ടില്‍ നിന്നും രണ്ടുപേര്‍ ഇറങ്ങിപ്പോകുന്നത് കണ്ടതായി ഇളയ പെണ്‍കുട്ടി മൊഴി നല്‍കിയിട്ടും അന്വേഷണത്തില്‍ പോലീസ് കാണിച്ച അനാസ്ഥയാണ് പിന്നീട് ഇളയ പെണ്‍കുട്ടി കൂടി മരണപ്പടാന്‍ കാരണമെന്ന തരത്തില്‍ നാട്ടുകാര്‍ പ്രതികരിച്ചതോടുകൂടി ഈ വിഷയം സംസ്ഥാനമാകെ ചര്‍ച്ചയായതിന് ശേഷം മാത്രമാണ് അറസ്റ്റ് നടന്നത്.

എന്നാല്‍ രണ്ട് വര്‍ഷത്തിന് ശേഷം ഇതാ മുഴുവന്‍ പ്രതികളും തെളിവുകളുടെ അഭാവത്തില്‍ പുറത്തുവന്നിരിക്കുന്നു. ഇവിടെ തെളിവുകള്‍ ഇല്ലാത്തതോ അതോ നിയമത്തിന്റെ സങ്കീര്‍ണതകളില്‍ തെളിവുകള്‍ അട്ടിമറിക്കപ്പെട്ടതോ.

കേസ്സില്‍ ഒന്നാം പ്രതിയെക്കുറിച്ചുള്ള സംശയങ്ങള്‍ മൂത്ത പെണ്‍കുട്ടി മരിച്ച സമയത്ത് തന്നെ പൊലീസിനെ അറിയിച്ചത് കുട്ടികളെ അമ്മയാണ്. അന്ന് പൊലീസുകാര്‍ പ്രതിയെ ചോദ്യം ചെയ്യാനായി കൊണ്ടുപോയപ്പോള്‍ അദ്ദേഹത്തെ പുറത്തുകൊണ്ടുവരാന്‍ ഇടപെട്ടത് പ്രാദേശിക സി.പി.എം നേതൃത്വം ആയിരുന്നു എന്നതും, കേസ്സിലെ പ്രതികള്‍ക്ക് വേണ്ടി ഹാജരായ മുന്‍ സി.പി.എം ജനപ്രതിനിധി കൂടിയായ അഡ്വക്കറ്റ് എന്‍. രാജോഷിനെ ഈ സര്‍ക്കാര്‍ പാലക്കാട് ജില്ലാ ശിശുക്ഷേമ സമിതിയിുടെ ചെയര്‍മാനായി നിയോഗിച്ചു എന്നതും ഇവിടെ ഗൗരവമായി പരിശോധിക്കേണ്ടതുണ്ട്.

കേസ് നടക്കുന്ന കാലഘട്ടങ്ങളില്‍ ഒന്നും പബ്ളിക് പ്രോസിക്യൂഷനോ, അന്വേഷണ ഉദ്യോഗസ്ഥെരോ ഒരു വിവരങ്ങളും തങ്ങളെ അറിയിച്ചിട്ടില്ലെന്നും തങ്ങളോട് ഒന്നും ചോദിച്ചിട്ടില്ലെന്നുമാണ് കുട്ടികളുടെ രക്ഷിതാക്കള്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞത്. കേസ്സിന്റെ വിധി വരുന്ന ദിവസം പോലും എന്നാണെന്ന് അറിയില്ലായിരുന്നെന്നാമ് കുട്ടികളുടെ അമ്മ പറഞ്ഞത്.

ദളിത് വിഭാഗത്തില്‍പ്പെട്ട രണ്ട് പിഞ്ചുകുഞ്ഞുങ്ങള്‍ ക്രൂരമായി കൊല ചെയ്യപ്പെട്ടത് ഈ സര്‍ക്കാറിന്റെ കാലത്താണ്. ഇവിടെ ഇരകള്‍ക്ക് നീതി ലഭ്യമാക്കുക എന്നത് സര്‍ക്കാറിന്റെ ബാധ്യതയാണ്. എന്നിട്ടും എല്ലാ ഇടപെടലുകളും ഉണ്ടായിട്ടുള്ളത് പ്രതിഭാഗത്തിന് വേണ്ടി മാത്രം.

രണ്ട് പിഞ്ചു കുഞ്ഞുങ്ങളെ ക്രൂരമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയവര്‍ക്ക് നേരെ തെളിവുകള്‍ ഹാജരാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ പിന്നെന്താണ് ഇങ്ങനെയൊരു ആഭ്യന്തരവകുപ്പ്. പാലക്കാടു നിന്നുള്ള ജനപ്രതിനിധിയായ, പട്ടികജാതി ക്ഷേമ വകുപ്പിന്റെ ചുമതലയുള്ള, മന്ത്രി എ. കെ ബാലനും സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനും ഇക്കാര്യത്തില്‍ ഉത്തരവാദിത്വമില്ലേ…

പ്രായപൂര്‍ത്തിയാകാത്ത പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തിയവരെ നിയമത്തിന്റെ പഴുതുകളില്‍ കൂടി രക്ഷപ്പെടുത്തിയെടുക്കുന്നതിന് വേണ്ടിയാണോ ഈ സര്‍ക്കാര്‍ സംവിധാനങ്ങളൊക്കെയും പ്രവര്‍ത്തിക്കുന്നത്…. അടിയന്തിരമമായ ഒരു പുനരന്വേഷണം ഈ കേസ്സില്‍ നടത്താന്‍ ഇനിയെങ്കിലും സര്‍ക്കാര്‍ തയ്യാറാകേണ്ടതുണ്ട്

ഷഫീഖ് താമരശ്ശേരി
മാധ്യമപ്രവര്‍ത്തകന്‍