തിരുവനന്തപുരം: തിരുവനന്തപുരത്ത് വിദേശിക്ക് മദ്യം റോഡില്‍ ഒഴുക്കികളയേണ്ടി വന്ന സംഭവത്തില്‍ ഇടപെട്ട് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി.
മദ്യം ഒഴുക്കിക്കളയേണ്ടിവന്ന സ്വീഡിഷ് പൗരന്‍ മന്ത്രി വി.ശിവന്‍കുട്ടിയെ കണ്ടു. സംഭവത്തില്‍ സര്‍ക്കാര്‍ എടുത്ത നടപടികളെക്കുറിച്ചും ഗ്രേഡ് എസ്.ഐയെ സസ്‌പെന്‍ഡ് ചെയ്തതിനെക്കുറിച്ചും മന്ത്രി സ്റ്റീവനെ അറിയിച്ചു.
സംസ്ഥാനത്ത് പൊലീസ് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്. സര്‍ക്കാരിനെ അള്ളുവയ്ക്കാന്‍ പൊലീസിലെ ചിലര്‍ ശ്രമിക്കുന്നുവെന്ന മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസ്താവന ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു. കോവളത്ത് നടന്നത് തികച്ചും ഒറ്റപ്പെട്ട സംഭവമാണെന്ന് മന്ത്രി പ്രതികരിച്ചു.
കോവളത്ത് സ്വീഡിഷ് പൗരനായ സ്റ്റീവന്‍ ആസ്ബര്‍ഗിനെ മദ്യവുമായി പോകുമ്പോള്‍ പൊലീസ് തടഞ്ഞ സംഭവത്തില്‍ മുഖ്യമന്ത്രി ഡി.ജി.പിയോട് റിപ്പോര്‍ട്ട് തേടിയിരുന്നു. സംഭവം അന്വേഷിക്കാന്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിക്ക് നിര്‍ദേശം നല്‍കി.
സംഭവത്തില്‍ കോവളം സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ഷാജിയെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ നടപടിക്കെതിരെ വിമര്‍ശനവുമുയരുന്നുണ്ട്.വിദേശിയെ ഉപദ്രവിച്ചിട്ടില്ലെന്നും മദ്യം ഒഴുക്കിക്കളയാന്‍ പറഞ്ഞിട്ടില്ലെന്നും മദ്യം ബീച്ചിലേക്ക് കൊണ്ടുപോകരുതെന്ന് മാത്രമാണ് പറഞ്ഞതെന്നുമാണ് പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ പ്രതികരിച്ചത്.
വിഷയത്തില്‍ പൊലീസിനെതിരെ വിമര്‍ശനവുമായി ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും രംഗത്തെത്തിയിരുന്നു. സംഭവം ദൗര്‍ഭാഗ്യകരമാണെന്ന് മന്ത്രി പറഞ്ഞു.സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായ കാര്യമാണ് സംഭവിച്ചതെന്നും വിഷയത്തെ കുറിച്ച് ബന്ധപ്പെട്ട വകുപ്പ് വിശദമായ അന്വേഷണം നടത്തി നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
സംഭവത്തില്‍ പൊലീസിനെതിരെ സ്വീഡിഷ് പൗരനായ സ്റ്റീവ് ആസ് ബര്‍ഗ് രംഗത്തെത്തിയിരുന്നു. കേരള പൊലീസില്‍ നിന്നും ഇത്തരമൊരു അനുഭവം പ്രതീക്ഷിച്ചില്ലെന്നായിരുന്നു സ്റ്റീവ് പറഞ്ഞത്.”മൂന്ന് കുപ്പി മദ്യം തന്റെ കൈവശമുണ്ടായിരുന്നു. ബില്ല് ഇല്ലാത്തതിനാല്‍ പൊലീസ് മദ്യം കൊണ്ടുപോകാന്‍ അനുവദിച്ചില്ല. മദ്യം എടുത്തെറിയാന്‍ ആവശ്യപ്പെട്ടു.എന്നാല്‍ പ്ലാസ്റ്റിക് ബോട്ടിലുകള്‍ ആയതുകൊണ്ട് എടുത്തെറിയാതെ മദ്യം ഒഴുക്കികളഞ്ഞു. തന്റെ നിരപരാധിത്വം തെളിയിക്കാനാണ് മദ്യം ഒഴുക്കി കളഞ്ഞിട്ടും ബില്ല് വാങ്ങി സ്റ്റേഷനില്‍ കൊണ്ടുകൊടുത്തത്,” സ്റ്റീവ് ആസ്ബര്‍ഗ് പറഞ്ഞു.
നാലുവര്‍ഷത്തോളമായി കേരളത്തില്‍ ടൂറിസം രംഗത്ത് താന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും എന്നാല്‍ നാട്ടുകാരില്‍ നിന്നും പൊലീസില്‍ നിന്നും നിരന്തരം പ്രശ്‌നങ്ങളാണ് നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ന്യൂ ഇയറിനായി വാങ്ങിയ മദ്യവുമായി കോവളത്തെ ഹോം സ്റ്റേയിലേക്ക് വരികയായിരുന്ന സ്റ്റീവിനെ പൊലീസ് തടയുകയായിരുന്നു.