ഫുട്ബോള്‍ കാണണോ പാട്ട് കേള്‍ക്കണോ രാവിലെ നടക്കണോ എന്നൊക്കെ തീരുമാനിക്കേണ്ടത് വ്യക്തികള്‍; സമസ്തയുടെ നിര്‍ദേശത്തില്‍ ശിവന്‍കുട്ടി
Kerala News
ഫുട്ബോള്‍ കാണണോ പാട്ട് കേള്‍ക്കണോ രാവിലെ നടക്കണോ എന്നൊക്കെ തീരുമാനിക്കേണ്ടത് വ്യക്തികള്‍; സമസ്തയുടെ നിര്‍ദേശത്തില്‍ ശിവന്‍കുട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 25th November 2022, 1:00 pm

തിരുവനന്തപുരം: ഫുട്‌ബോള്‍ ലഹരിയാകരുതെന്നും താരാരാധന അതിരുകടക്കരുതെന്നുമുള്ള സമസ്തയുടെ മുന്നറിയിപ്പില്‍ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി.

ഫുട്ബോള്‍ ആരാധനക്കെതിരെ ബോധവല്‍കരണം നടത്താന്‍ സമസ്തയ്ക്ക് അവകാശമുള്ളതുപോലെ താരാരാധന നടത്താന്‍ ജനങ്ങള്‍ക്കും അവകാശമുണ്ടെന്ന് ശിവന്‍കുട്ടി പറഞ്ഞു. ആഴ്ചവട്ടം ഗവ. എച്ച്.എസ്.എസിന്റെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം.

‘സമസ്തക്ക് നിര്‍ദേശം നല്‍കാനുള്ള അവകാശമുണ്ട്. താരാരാധന നടത്തണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം വ്യക്തികള്‍ക്കുമുണ്ട്. ഭരണഘടന നല്‍കുന്ന വ്യക്തി സ്വാതന്ത്ര്യത്തില്‍ ആരും കൈകടത്തണ്ടതില്ല.

പാട്ടു കേള്‍ക്കണോ ഫുട്ബോള്‍ കാണണോ രാവിലെ നടക്കാന്‍ പോണോ എന്നൊക്കെ തീരുമാനിക്കേണ്ടത് അതത് വ്യക്തികളാണ്,’ ശിവന്‍കുട്ടി പറഞ്ഞു.

അതേസമയം, ഫുട്‌ബോള്‍ ലഹരിയാകരുതെന്നും താരാരാധന അതിരുകടക്കരുതെന്നുമായിരുന്നു
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഖുത്വുബ കമ്മിറ്റിയുടെ നിര്‍ദേശം.

കളിയെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റില്‍ ഉള്‍ക്കൊള്ളുന്നതിന് പകരം വ്യക്തിയോട് ആരാധനയും ആ രാഷ്ട്രത്തോട് ദേശീയ പ്രതിബദ്ധതയും പാടില്ലെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വബാ സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

‘ലോകകപ്പിലെ മിക്ക കളികളും ഇന്ത്യയില്‍ രാത്രിയിലും അര്‍ധ രാത്രിക്ക് ശേഷവുമാണ് നടക്കുന്നത്. രാത്രിയാവുന്നതുവരെയുള്ള സമയങ്ങളില്‍ കളി കാണുന്നവര്‍ പകലിലും രാത്രിയിലും നടക്കുന്ന ജമാഅത്ത് നമസ്‌കാരങ്ങള്‍ക്ക് ഭംഗം വരാത്ത വിധമായിരിക്കണം അത്കാണേണ്ടത്.
ഫുട്‌ബോള്‍ ലഹരി ഒരിക്കലും ജമാഅത്ത് നമസ്‌കാരത്തില്‍നിന്ന് ഒരു വിശ്വാസിയെയും പിറകോട്ടടുപ്പിക്കരുത്,’ഖുത്വുബ കമ്മിറ്റി പ്രസ്താവനയില്‍ പറയുന്നു.

പള്ളികളില്‍ വെള്ളിയാഴ്ച ജുമഅക്ക് ശേഷം ഇതുസംന്ധിച്ച് നിര്‍ദേശം നല്‍കുമെന്നും ഖുത്വുബ സംസ്ഥാന കമ്മിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി പറഞ്ഞിരുന്നു.