മീററ്റ്: ഉത്തർപ്രദേശിൽ അധ്യാപകനെ കള്ളക്കേസിൽ കുടുക്കാൻ ബൈക്കിൽ പൊലീസുകാർ തോക്ക് കൊണ്ടുവച്ചെന്ന് ആരോപണം.
പ്രദേശത്തെ സ്വകാര്യ കോച്ചിങ് സ്ഥാപനത്തിൽ അധ്യാപകനായ അങ്കിത് ത്യാഗി എന്ന 26കാരനെ ആയുധക്കടത്തിന്റെ പേരിൽ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ സി.സി.ടി.വി ദൃശ്യങ്ങളിൽ പൊലീസ് കോൺസ്റ്റബിൾമാരായ സന്തോഷ് കുമാർ, ദിനേശ് കുമാർ എന്നിവർ ചേർന്ന് വാഹനം പരിശോധിക്കുന്നതായി നടിച്ച് അതിൽ നാടൻ തോക്ക് കൊണ്ടുവെച്ചതാണെന്ന് വ്യക്തമായി.
അഞ്ച് മിനിട്ട് ദൈർഘ്യമുള്ള വീഡിയോ ക്ലിപ്പിൽ നിന്ന് അങ്കിതിനെ കേസിൽ കുടുക്കാൻ ശ്രമിച്ചതാണെന്ന് വ്യക്തമായെങ്കിലും വിട്ടയച്ചിരുന്നില്ല. തങ്ങളുടെ ഭാഗം കേൾക്കണമെന്ന് ആവശ്യപ്പെട്ട് ഇയാളുടെ സഹോദരി ഒരു രാത്രി മുഴുവൻ മീററ്റ് ഐ.ജിയുടെ വസതിക്ക് പുറത്ത് കാത്തിരുന്നു. 15 മണിക്കൂറിന് ശേഷമാണ് അങ്കിതിനെ വെറുതെ വിട്ടതെന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.